ക്രിസ്ത്യന്‍ പള്ളിക്ക് നേരെ തീവ്ര ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരുടെ ആക്രമണം. ഡല്‍ഹിയിലെ താഹിര്‍പുരിയിലെ സിയോണ്‍ പ്രാര്‍ത്ഥന ഭവന്‍ നേരെയാണ് ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ ആക്രമണം ഉണ്ടായത്. മുദ്രാവാക്യം വിളിച്ചത്തിയ ആക്രമിസംഘം പള്ളിയില്‍ ഉണ്ടായിരുന്നവരെ മര്‍ദ്ദിക്കുകയും ഫര്‍ണിച്ചറുകള്‍ അടിച്ചു നശിപ്പിക്കുകയും ചെയ്തു. ബൈബിളുകളും ദൈവ ചിത്രങ്ങളും നശിപ്പിച്ചതായി പരാതിയില്‍ പറയുന്നു.
ഞങ്ങള്‍ ഹിന്ദു രാഷ്ട്രം സ്ഥാപിക്കും ജയ് ശ്രീറാം എന്ന് വിളിച്ചു പറഞ്ഞായിരുന്നു ഒരു സംഘം ആക്രമിക്കാന്‍ എത്തിയതെന്ന് പള്ളിയില്‍ ഉണ്ടായിരുന്നവര്‍ ആരോപിക്കുന്നു.
പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കാന്‍ എത്തിയപ്പോള്‍ ബജരംഗദല്‍, വിഎച്ച്പി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സ്റ്റേഷനു മുന്‍പില്‍ ഒരുമിച്ചു കൂടുകയും ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ചിലര്‍ സ്റ്റേഷന് അകത്തു കയറി മുദ്രാവാക്യം വിളിച്ചതായും പറയുന്നു. അക്രമത്തിന് പിന്നില്‍ വിശ്വഹിന്ദു പരിഷത്ത്, ബജരംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് പള്ളി അധികൃതര്‍ പറയുന്നു.
അതേസമയം പള്ളിയില്‍ മതപരിവര്‍ത്തനത്തിനുള്ള ശ്രമം നടക്കുന്നതായാണ് മറുവിഭാഗം ആരോപിക്കുന്നത്.
സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും ഒരാളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. ഇരു വിഭാഗത്തിന്റെയും പരാതിയില്‍ കേസെടുത്തുതായി പൊലീസ് അറിയിച്ചു.