ബാബരി മസ്ജിദ് തകര്‍ത്തത് ഭരണഘടനക്ക് എതിരാണെന്ന ബാനര്‍ ക്യാമ്പസില്‍ ഉയര്‍ത്തിയതിന് പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില്‍ ഹിന്ദുത്വ ഗ്രൂപ്പുകളുടെ ആക്രമണം.
എഫ്.ടി.ഐ.ഐ സ്റ്റുഡന്റസ് അസോസിയേഷനാണ് ബാനര്‍ ഉയര്‍ത്തിയത്. ഹിന്ദുത്വ സംഘടനകള്‍ ബാനറിന് തീവെച്ചുവെന്ന് ഡെക്കാന്‍ ജിംഖാന പൊലീസ് പറയുന്നു. ക്യാമ്പസില്‍ നേരത്തെ രാം കെ നാം ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ജനുവരി 23ന് ഉച്ചക്ക് 1.30നാണ് സംഭവം.
‘പ്രാഥമിക അന്വേഷണത്തില്‍ മനസിലായത് ക്യാമ്പസില്‍ എഫ്.ടി.ഐ.ഐ. സ്റ്റുഡന്റസ് അസോസിയേഷന്‍ ബാനര്‍ ഉയര്‍ത്തിയെന്നാണ്. ബാബരി മസ്ജിദ് -രാം ജന്മഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട ഫോട്ടോകളുടെയും സിനിമയുടെയും പ്രദര്‍ശനവും നടത്തിയിരുന്നു,’ പൊലീസ് അറിയിച്ചു.
സംഭവത്തിന് ശേഷം ഒരുകൂട്ടം പൊലീസുകാരെ ക്യാമ്പസിനകത്തും പുറത്തും വിന്യസിച്ചിട്ടുണ്ട്. പൂനെയിലെ വിവിധ ഹിന്ദുത്വ ഗ്രൂപ്പുകളില്‍ നിന്നുള്ള 15ഓളം പേരാണ് ക്യാമ്പസില്‍ അതിക്രമിച്ചുകയറിയത്.
എങ്ങനെയാണ് ക്യാമ്പസിലെ വിദ്യാര്‍ത്ഥികള്‍ ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക എന്ന് ചോദിച്ച സംഘം സെക്യൂരിറ്റി ജീവനക്കാരനെ കയ്യേറ്റം ചെയ്തതായി എഫ്.ഐ.ആറില്‍ പറയുന്നു. വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയും ബാനറിന് തീവെക്കുകയും ചെയ്ത സംഘം അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
അതേസമയം ബാനര്‍ സ്ഥാപിച്ചതിന് എഫ്.ടി.ഐ.ഐ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും ചിലര്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ സംഘത്തെ മര്‍ദിച്ചുവെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.