കോട്ടയം: മൂവാറ്റുപുഴയ്ക്കടുത്ത് തൃക്കളത്തൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാത്തതിന് വീട്ടമ്മയുടെ കര്‍ണപുടം അടിച്ചുപൊട്ടിച്ചു. വോട്ടെണ്ണലിന് രണ്ടു ദിവസം മുമ്പായിരുന്നു അയല്‍വാസിയുടെ ആക്രമണം. കേരള നിയമസഹായ സമിതി ഇടപെടലിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തു.
തൃക്കളത്തൂര്‍ സംഗമംപടിയിലുള്ള സജിത സാജനാണ് അയല്‍വാസിയുടെ ആക്രമണത്തില്‍ കേള്‍വിശക്തിക്ക് ഗുരുതര തകരാറുപറ്റിയത്. ആക്രമണമുണ്ടായി ഒരാഴ്ചയ്ക്കുശേഷം ചെവിയില്‍നിന്ന് രക്തം വന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇടതു കര്‍ണപുടം പൊട്ടിയെന്ന് കണ്ടെത്തിയത്. വോട്ടെണ്ണലിന് മുമ്പ് കഴിഞ്ഞ പതിനാലിനായിരുന്നു ആക്രമണം. അയല്‍വാസിയായ കണ്ണന്‍ എന്നുവിളിക്കുന്ന ഹര്‍ഷന്‍ വീടിനുസമീപത്തുവച്ച് അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. മകളുമൊന്നിച്ച് സ്‌കൂട്ടറിലെത്തിയ സജിതയുടെ ചെകിട്ടത്ത് പലവട്ടം ആഞ്ഞടിച്ചു.
ആദ്യം പൊലീസില്‍ പരാതിപ്പെട്ടെങ്കിലും ഒത്തുതീര്‍പ്പാക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് ആക്ഷേപമുണ്ട്. ഇതിന് പിന്നാലെ കേരള നിയമസഹായ സമിതി ഡിജിപിക്ക് പരാതി നല്‍കിയതോടെ അടിയന്തരമായി കേസെടുത്തു. ഇടതുചെവിയുടെ കേള്‍വിശക്തി തിരിച്ചുകിട്ടാന്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.