മലപ്പുറം വളാഞ്ചേരിയില്‍ വടക്കുംപുറം സികെ പാറ ശാന്തിനഗറില്‍ നെയ്തലപ്പുറത്ത് ശ്രീധര്‍മശാസ്താ ക്ഷേത്രം ആക്രമിച്ച കേസില്‍ സി.കെ പാറ സ്വദേശി രാമകൃഷ്ണനെ (50) പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന അയ്യപ്പുണ്ണിയുടെ സഹോദരനാണ് രാമകൃഷ്ണന്‍. ക്ഷേത്ര പരിസരത്ത് കക്കൂസ് മാലിന്യം നിക്ഷേപിച്ച് മലിനപ്പെടുത്തിയ സംഭവത്തിലാണ് കേസ്. പ്രതി മദ്യലഹരിയിലാണ് കൃത്യം ചെയ്തതെന്നും പ്രദേശത്ത് മതസ്പര്‍ദ്ധയും വര്‍ഗീയ സംഘര്‍ഷവുമുണ്ടാക്കുകയുമാണ് ഇയാള്‍ ലക്ഷ്യമിട്ടിരുന്നതെന്നും വളാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി മനോഹരന്‍ പ്രതികരിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ തിരൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
ആഗസ്റ്റ് 26ന് രാത്രിയായിരുന്നു ക്ഷേത്രത്തിനുനേരെ ആക്രമണം നടന്നത്. നാഗപ്രതിഷ്ഠയും രക്ഷസ് പ്രതിഷ്ഠയും തകര്‍ത്ത അക്രമി മനുഷ്യ വിസര്‍ജ്യം പ്ലാസ്റ്റിക് കവറിലാക്കി ചുറ്റമ്പലത്തിലേക്ക് എറിയുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് പ്രതിയെ പിടികൂടിയത്. രാമകൃഷ്ണന്‍ ഒറ്റയ്ക്കാണ് ഇത് ചെയ്തിരിക്കുന്നത്. നാട്ടില്‍ കുഴപ്പങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാകാം രാമകൃഷ്ണന്‍ ഇത് ചെയ്തതെന്നും ഒരു മതസ്പര്‍ദ്ധയുണ്ടായാല്‍ കണ്ടുനിന്ന് ചിരിക്കാമെന്ന് അയാള്‍ കരുതിക്കാണുമെന്നും പൊലീസ് പ്രതികരിച്ചു.
വളാഞ്ചേരി സ്റ്റഷന്‍ ഇന്‍സ്പെക്ടര്‍ മനോഹരന്‍ ടി, എസ്ഐ രഞ്ജിത്ത് കെ.ആര്‍., എഎസ്ഐ ശശി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൃഷ്ണപ്രസാദ്, അനീഷ്, അനീഷ് ജോണ്‍,
സജി ടിജെ, എന്നീ പോലീസ് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ക്ഷേത്രം ആക്രമിക്കപ്പെട്ടതിനേത്തുടര്‍ന്ന് പ്രദേശത്ത് സംഘ്പരിവാര്‍ വിദ്വേഷപ്രചരണം നടത്തിയതായി വാര്‍ത്തയുണ്ടായിരുന്നു. പ്രദേശത്ത് ഹിന്ദു ഐക്യവേദി പ്രകടനം നടത്തിയെന്നും പ്രസംഗങ്ങള്‍ക്കിടെ വര്‍ഗീയ പരാമര്‍ശമുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്. ക്ഷേത്രത്തിനെതിരായ ആക്രമണം ആസൂത്രിതമാണെന്ന് ക്ഷേത്രം ഭാരവാഹികള്‍ നേരത്തെ ആരോപിച്ചിരുന്നു. തൊഴുവാനൂര്‍ വെള്ളാട്ട് ജാനകി അമ്മയുടെ ഉടമസ്ഥതയിലായിരുന്ന ക്ഷേത്രം 45 വര്‍ഷം മുമ്പാണ് നാട്ടുകാര്‍ പുനരുദ്ധരിച്ച് പൂജ തുടങ്ങിയത്.