കൂത്തുപറമ്പ്: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിനു അനുകൂലിച്ച് പ്രസ്താവന നടത്തിയ നടന്‍ ശ്രീനിവാസന്റെ വീടിനു നേരെ കരി ഓയില്‍ പ്രയോഗം. കണ്ണൂര്‍ കൂത്തുപറമ്പ്-തലശ്ശേരി റോഡില്‍ പൂക്കോട് ചെട്ടിമെട്ടക്കില്‍ വിനീത് എന്ന വീടിനു നേരെയാണ് ആക്രമണമുണ്ടായത്. പൂട്ടിയിട്ട ഗെയ്റ്റിലും വീടിന്റെ ചുമരിലുമാണ് കരിഓയില്‍ ഒഴിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. കൂത്തുപറമ്പിലെ വീട് ഏറെ കാലമായി അടച്ചിട്ട നിലയിലാണ്.
കതിരൂര്‍ പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ശ്രീനിവാസന്‍ നടത്തുന്ന പ്രതികരണങ്ങളില്‍ അസഹിഷ്ണുക്കളായവരാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. ദിലീപിനെ അനുകൂലിച്ച് ഇന്നലെ ശ്രീനിവാസന്‍ പ്രസ്താവന ഇറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. ദിലീപ് ഇത്തരത്തിലൊരു മണ്ടത്തരം കാട്ടുമെന്ന് കരുതുന്നില്ലെന്നാണ് ശ്രീനിവാസന്‍ ഇന്നലെ പറഞ്ഞത്. അദ്ദേഹം തെറ്റു ചെയ്തതായി കരുതുന്നില്ലെന്നും ദിലിപിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നുമാണ് ശ്രീനിവാസന്‍ പറഞ്ഞത്.