X

മധ്യപ്രദേശില്‍ ബിജെ.പിയെ പ്രതിരോധത്തിലാക്കി ദലിതര്‍ക്കെതിരായ അതിക്രമങ്ങള്‍

ദലിതര്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കുമെതിരായ അതിക്രമങ്ങള്‍ മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വിനയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ടു പതിറ്റാണ്ടോളമായി സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിയെ കാത്തിരിക്കുന്നത് വലിയ ഭരണവിരുദ്ധവികാരമെന്നാണ് വിലയിരുത്തല്‍. ദലിത്, ആദിവാസി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് വന്‍ വെല്ലുവിളിയാകും. ഛത്തര്‍പൂര്‍, സത്ന, രേവ, സിധി, സിങ്ഗ്രൗളി തുടങ്ങിയ ജില്ലകള്‍ ഉള്‍പ്പെടുന്ന സവര്‍ണ്ണ ആധിപത്യ മേഖലയായ വിന്ധ്യാ മേഖലയില്‍ അടിക്കടി നടക്കുന്ന അതിക്രമങ്ങളാണ് ശിവരാജ് സിംഗ് ചൗഹാന്റെ സര്‍ക്കാറിനെ കുഴക്കുന്നത്.

ദലിത് യുവാവിന്റെ മുഖത്ത് മനുഷ്യവിസര്‍ജ്യം പുരട്ടിയതാണ് ഏറ്റവും ഒടുവിലെത്തെ സംഭവം. ഛത്തര്‍പൂര്‍ ജില്ലയില്‍ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട ഒരാളാണ് ദലിത് യുവാവിനെതിരെ ആക്രമണം അഴിച്ചുവിട്ടത്. ഛത്തര്‍പൂര്‍ ജില്ലയില്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ ഒരു ദലിതനെ മര്‍ദിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്നത് ഇത് ആദ്യത്തെ സംഭവമായിരുന്നില്ലെന്നാണ് ദലിത് ആക്ടിവിസ്റ്റുകള്‍ ആരോപിക്കുന്നത്.

സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ വി.ഡി ശര്‍മ പ്രതിനിധീകരിക്കുന്ന ഖജുരാഹോ ലോക്സഭാ മണ്ഡലത്തിന് കീഴിലാണ് ഛത്തര്‍പൂര്‍. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാ ന്റെ വിഭാഗത്തില്‍പെട്ട(ഒ.ബി.സി) ആളാണ് ഈ ഹീനകൃത്യത്തിന് പിന്നലെന്നത് അദ്ദേഹത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ദലിത് കുടുംബങ്ങള്‍ നടത്തിയ വിവാഹ ഘോഷയാത്രകളില്‍ ഉയര്‍ന്ന ജാതിക്കാരുടെ രോഷം നേരിടേണ്ടി വന്ന നിരവധി സംഭവങ്ങള്‍ അടുത്തിടെ ഛത്തര്‍പൂര്‍ പ്രദേശത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 35 കാരനായ ദലിത് യുവാവിനെ ഠാക്കൂര്‍ സമുദായത്തില്‍പ്പെട്ട ഒരു കൂട്ടം യുവാക്കള്‍ കസേരയില്‍ ഇരുന്നതിന് ആക്രമിച്ചു. ജൂണ്‍ 23 ന്, രേവ ജില്ലയില്‍ ഒരു ദലിത് പിതാവിനെയും മകനെയും വടികൊണ്ട് മര്‍ദിക്കുകയും കഴുത്തില്‍ ചെരുപ്പ് മാലകള്‍ അണിയിക്കുകയും ചെയ്തു. രേവയില്‍ ഒരു ഗോത്രവര്‍ഗക്കാരനെ ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ മര്‍ദിച്ച മറ്റൊരു സംഭവം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

വേതനം ചോദിച്ചതിന് ദലിത് ദിവസ വേതനക്കാരന്റെ കൈ അയാളുടെ ഉയര്‍ന്ന ജാതിക്കാരനായ തൊഴിലുടമ വെട്ടിമാറ്റിയത് 2021 നവംബറിലാണ്. 2022 ഓഗസ്റ്റില്‍ സത്നയില്‍ ദലിത് വനിതാ സര്‍പഞ്ചിനെ അക്രമികള്‍ മര്‍ദിച്ചു. ഇടപെടാന്‍ ശ്രമിച്ചവര്‍ക്ക് പോലും മേല്‍ജാതിക്കാരുടെ ആക്രമണം നേരിടേണ്ടിവന്നു. സിങ്ഗ്രൗലിയിലെ സ്‌കൂളില്‍ ക്ലാസിന്റെ മുന്‍ നിരയില്‍ ഇരുന്നതിന് ദലിത് വിദ്യാര്‍ഥിനിയെ ഉയര്‍ന്ന ജാതിക്കാരനായ അധ്യാപകന്‍ മര്‍ദിച്ചതും വാര്‍ത്തയായിരുന്നു.

പ്രവേശന്‍ ശുക്ല എന്ന ബി.ജെ.പി പ്രവര്‍ത്തകന്‍ ഗോത്രവര്‍ഗക്കാരന്റെ മുഖത്ത് മൂത്രമൊഴിമൊഴിച്ച സംഭവം രാജ്യവ്യാപകമായി പ്രതിഷേധം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ മാസം സിദ്ധി ജില്ലയിലാണ് സിറ്റിങ് എം.എല്‍.എയായ കേദാര്‍നാഥ് ശുക്ലയുടെ അടുത്തയാള്‍കൂടിയായ പ്രവേശന്‍ ശുക്ല ഹീന കൃത്യം ചെയ്തത്. തുടര്‍ന്ന് മുഖ്യമന്ത്രി ഭോപ്പാലിലെ വസതിയില്‍ വിളിച്ചുവരുത്തി ഇരയുടെ കാല്‍ കഴുകി രോഷം തണുപ്പിച്ചു.

അതേസമയം, ദലിത് അക്രമങ്ങള്‍ ബി.ജെ.പിക്കെതിരെ ആയുധമാക്കാന്‍ കോണ്‍ഗ്രസ് ഒരുക്കം തുടങ്ങിയിട്ടുണ്ട്. ഛത്തര്‍പൂരിലെ പുതിയ സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് തൊട്ടുപിന്നാലെ, ദലിത് വിഭാഗത്തില്‍പ്പെട്ട കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥും ബി.ജെ.പി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുകയും പ്രതികള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

 

webdesk13: