രാജ്യത്ത് 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് സാധാരണ ജീവിതം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ദേശസാല്‍കൃത ബാങ്കുകളിലും, പോസ്റ്റ് ഓഫീസുകളിലും മണിക്കുറുകളോളം കാത്തുനിന്നാണ് പലരും രണ്ടായിരം രൂപ കൈപ്പറ്റുന്നത്. ഇതിന് പിന്നീട് ചില്ലറ വാങ്ങാന്‍ അവര്‍ക്ക് സാധിക്കുന്നുമില്ല. സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന പ്രാഥമിക സഹകരണ ബാങ്കുകളിലും, ജില്ലാ സഹകരണ ബാങ്കുകളിലും ആവശ്യമായ നോട്ടുകള്‍ എത്താന്‍ വൈകുന്നത് ജന ജീവിതത്തെ സാരമായി ബാധിക്കുന്നു. 8ന് രാത്രിയിലാണ് നോട്ടുകള്‍ അസാധുവാക്കി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. അടിയന്തരമായി ഒരുക്കേണ്ട സൗകര്യങ്ങള്‍ ഒരുക്കാതെയുണ്ടായ ഈ നടപടിയാണ് സാധാരണ ജിവിതത്തെ താറുമാറാക്കിയത്. ഒന്‍പതിന് ബാങ്കുകള്‍ക്ക് അവധി നല്‍കി ആവശ്യമായ നോട്ടുകള്‍ എത്തിക്കാനായിരുന്നു ശ്രമം.
എന്നാല്‍ സംസ്ഥാനത്ത് ആവശ്യമുള്ള ഏറ്റവും വലിയ സാമ്പത്തിക മേഖലയായ സഹകരണ ബാങ്കുകള്‍ക്ക് പഴയ നോട്ടുകള്‍ സ്വീകരിക്കുന്നതിനോ, പുതിയ നോട്ടുകള്‍ കൈമാറ്റം ചെയ്യുന്നതിനോ റിസര്‍വ്വ് ബാങ്ക് അനുമതി നല്‍കിയിരുന്നുമില്ല. ഇത് വന്‍ പ്രതിസന്ധിക്ക് കാരണമായിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെയും മറ്റ് സഹകാരികളുടെയും ഇടപെടലിനെ തുടര്‍ന്ന് 10ന് ഉച്ചയോടെയാണ് പഴയ നോട്ടുകള്‍ സ്വീകരിക്കാന്‍ ജില്ലാ സഹകരണ ബാങ്കിനും, പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും റിസര്‍വ്വ് ബാങ്ക് അനുമതി നല്‍കിയത്. റിസര്‍വ്വ് ബാങ്കിന്റെ പരിധിയില്‍ വരാത്തതിനാല്‍ എക്‌സ്‌ചേഞ്ച് സംവധാനത്തിന് അനുമതി നല്‍കിയിട്ടുമില്ല.
ഇടപാടുകാര്‍ക്ക് നിശ്ചിത സംഖ്യ അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കുന്നതിന് പുതിയ നോട്ടുകള്‍ അനുവദിക്കാനും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഓരോ സഹകരണ ബാങ്കുകളും തങ്ങളുടെ കൈവശമുള്ള അഞ്ച് രൂപ മുതല്‍ 100 രൂപ വരെയുള്ള ചില്ലറകള്‍ മാത്രം ഉപയോഗിച്ച് പരമാവധി 1000 രൂപ വരെ നല്‍കാന്‍ നടപടി സ്വീകരിച്ചിരുന്നു. ജില്ലാ ബാങ്കിന്റെ ബ്രാഞ്ചുകള്‍ ഉള്‍പ്പടെ പല സ്ഥാപനങ്ങളിലും ഇന്നലെ ഉച്ചയോടെ തന്നെ ഈ പണവും തീര്‍ന്നിരിക്കുകയാണ്. പ്രാഥമിക സഹകരണ ബാങ്കുകളുടെ ഫിനാന്‍സിംഗ് ബാങ്കായ ജില്ലാ സഹകരണ ബാങ്കിനെ സമീപിക്കുമ്പോള്‍ ആവശ്യമായ തുക ലഭ്യമായിട്ടില്ല എന്ന വിവരമാണ് ലഭിക്കുന്നത്.
ബാങ്കുകളില്‍ നിന്നും വിവിധ തരത്തില്‍ വായ്പയായി വാങ്ങി ഉപയോഗിക്കാനാവാതെ കിടന്ന ലക്ഷക്കണക്കായ രൂപ ബാങ്കുകളില്‍ തിരിച്ചടക്കുന്നതിന് നേരിടുന്ന പ്രയാസങ്ങളും ചില്ലറയല്ല. അക്കൗണ്ട് വഴിയല്ലാതെ ഇത്തരം തുക വായ്പ അക്കൗണ്ടിലേക്ക് വരവ് വെക്കുന്ന രീതിയാണ് നിലവിലുണ്ടായിരുന്നത്. എന്നാല്‍ പുതിയ നിര്‍ദ്ദേശമനുസരിച്ച് അക്കൗണ്ടുകളില്‍ അടവാക്കിയ തുക മാത്രമാണ് വായ്പ അക്കൗണ്ടുകളിലേക്ക് വരവ് വെക്കാന്‍ സാധിക്കുക. ഇത് ഇടപാടുകാരെ ആശങ്കയിലാഴ്ത്തുന്നുണ്ട് സാധാരണക്കാരുടെ ഏക ആശ്രയമായ സഹകരണ ബാങ്കുകളില്‍ പണം എത്താന്‍ വൈകുന്നത് കടുത്ത പ്രതിസന്ധിയാണുണ്ടാക്കുക. ബാങ്കുകളില്‍ പണയം വെച്ച സ്വര്‍ണാഭരണങ്ങളും, ആധാരങ്ങളും പ്രമാണങ്ങളുമെല്ലാം തിരിച്ചെടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. വിവാഹം നിശ്ചയിച്ചവര്‍ ആസ്പത്രികളില്‍ പ്രസവവും മറ്റ് ഓപ്പറേഷനുകള്‍ക്കും വിധിക്കപ്പെട്ടവര്‍, വീട് നിര്‍മിക്കുന്നവര്‍, ഭൂമി രജിസ്റ്റര്‍ ചെയ്യുന്നവര്‍, വിദ്യാഭ്യാസ ആവശ്യങ്ങള്‍ എന്നിവക്കെല്ലാം ഉള്‍പ്പെടെ പണത്തിന്റെ ലഭ്യത വളരെ പ്രധാനമാണ്. ഇന്നത്തെ സാഹചര്യം നീണ്ട് പോയാല്‍ വലിയ പ്രയാസങ്ങളിലേക്ക് ജനങ്ങള്‍ അകപ്പെടുമെന്ന് വിദഗ്ധര്‍ പറയുന്നു.
എന്നാല്‍ സഹകരണ ബാങ്കുകളില്‍ ഇന്ന് നിലവിലുള്ള ആര്‍.ടി.ജി.എസ്/ എന്‍.ഇ.എഫ്.ടി. തുടങ്ങിയ സൗകര്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തി ഫണ്ട് കൈമാറ്റം നടത്തി പ്രയാസങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാനാണ് സഹകരണ ബാങ്കുകള്‍ ശ്രമിക്കുന്നത്. അത് വഴിയാണ് ആസ്പത്രികളിലും, മറ്റും നേരിടുന്ന വലിയ പ്രയാസം നേരിടാന്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് കഴിയുന്നത്. എങ്കിലും ചില്ലറ ആവശ്യങ്ങള്‍ക്കായി സമീപിക്കുന്നവര്‍ക്ക് വലിയ പ്രയാസമാണ് നേരിടുന്നത്. ഈ സാഹചര്യം മറികടക്കുന്നതിന് സംസ്ഥാന സര്‍ക്കാറും സംസ്ഥാന സഹകരണ ബാങ്കും ആവശ്യമായ ക്രമീകരണങ്ങള്‍ ഉണ്ടാക്കേണ്ടതുണ്ട്.