ന്യൂഡല്‍ഹി: എടിഎമ്മില്‍ നിറക്കാന്‍ കൊണ്ടുപോയ പണം കവര്‍ന്നു. അഞ്ച് ലക്ഷം രൂപയാണ് കൊള്ളയടിച്ചത്. കിഴക്കന്‍ ഡല്‍ഹിയിലെ പാന്താവ് നഗറില്‍ ഇന്ന് 2.25ഓട് കൂടിയാണ് സംഭവം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മില്‍ നിറക്കാന്‍ കൊണ്ടുപോയ പണമാണ് കവര്‍ന്നത്. ബൈക്കിലെത്തിയ മൂന്നംഗ സംഘം ആയുധം ചുഴറ്റിയ ശേഷം വാനില്‍ നിന്ന് പണമടങ്ങിയ ബാഗ് തട്ടിയെടുക്കുകയായിരുന്നു. സംഘം ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ വാനിലെ ഡ്രൈവര്‍ക്ക് മുഖം വ്യക്തമായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
ഡ്രൈവര്‍ക്കൊപ്പം സുരക്ഷാ ഉദ്യോഗസ്ഥനുമുണ്ടായിരുന്നു. എന്നാല്‍ ഇദ്ദേഹത്തിനും പ്രതികരിക്കാന്‍ കഴിഞ്ഞില്ല. സിസിടിവി തെളിവുകള്‍ പരിശോധിച്ച് വരികയാണ് പൊലീസ്. ഇതിന്റെ അടിസ്ഥാനത്തിലെ പ്രതികളെ പിടികൂടാനാവൂ. നോട്ട് നിരോധനത്തിന് ശേഷം ഡല്‍ഹിയിലെ ആദ്യ എടിഎം കൊള്ളയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ ബംഗളൂരുവില്‍ എടിഎമ്മില്‍ നിറക്കാന്‍ കൊണ്ടുപോയ പണവുമായി വാന്‍ ഡ്രൈവര്‍ മുങ്ങിയിരുന്നു.
ഇയാളെ പിന്നീട് പിടികൂടുകയായിരുന്നു. നോട്ട് പിന്‍വലിക്കലിന് ശേഷം പണത്തിനായി ജനം നെട്ടോട്ടമോടുമ്പോഴാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. ബാങ്കുകള്‍ക്ക് മുന്നില്‍ ഇപ്പോഴും നീണ്ട ക്യൂവാണ് കാണുന്നത്.