കൊല്ലം: കൊല്ലം കരിക്കോട് എ.ടി.എം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചതിന് ബിരുദവിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം നല്ലില സ്വദേശി ആദര്‍ശ് (20) ആണ് പിടിയിലായത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മാണ് ലോക്കര്‍ തകര്‍ത്ത് കവരാന്‍ ശ്രമിച്ചത്. 21ന് രാത്രി പതിനൊന്നോടെയാണ് കരിക്കോട് ജങ്ഷനിലെ എ.ടി.എം കവരാനുള്ള ശ്രമം നടത്തിയത്.
മൂന്ന് ദിവസമായി പ്രതിയും കൂട്ടാളികളും ചേര്‍ന്ന് പകലും രാത്രിയും കുണ്ടറമുതല്‍ കൊല്ലം വരെയുള്ള എ.ടി.എമ്മുകള്‍ നിരീക്ഷണം നടത്തുകയായിരുന്നു. അന്നേദിവസം രാത്രി മുക്കടവഴി കരിക്കോട് എത്തിയ പ്രതികള്‍ ജങ്ഷനില്‍ ആളൊഴിയുന്നതുവരെ കാത്തിരുന്നു. തുടര്‍ന്ന് ഹെല്‍മറ്റും കൂളിങ് ഗ്ലാസും റെയിന്‍കോട്ടും ധരിച്ച് എ.ടി.എമ്മിന് മുന്നിലുള്ള കാമറ നശിപ്പിച്ചു. ഒരാള്‍ അകത്തുകടന്ന് പത പോലുള്ള വസ്തു സ്‌പ്രേ ചെയ്ത് കാമറ മറച്ചതിനുശേഷം കമ്പിപ്പാരയും ചുറ്റികയും ഉപയോഗിച്ച് എ.ടി.എമ്മിെന്റ മുന്‍വശം തകര്‍ത്തു. ലോക്കര്‍ തകര്‍ക്കാനുള്ള ശ്രമം വിജയിച്ചില്ല. ആ സമയം അവിടേക്ക് വന്ന കാര്‍ കണ്ട് പ്രതികള്‍ പള്‍സര്‍ ബൈക്കില്‍ രക്ഷപ്പെട്ടു.
തുടര്‍ന്ന് കുണ്ടറ കൊല്ലം റൂട്ടിലെ സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങളില്‍നിന്ന് സംശയം തോന്നിയ ഇരുപതോളം പേരുടെ ഫോണ്‍ േകാള്‍ വിശദാംശങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ നല്ലിലയിലെ വീട്ടില്‍നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെ സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.