X

ചെലവ് ചുരുക്കല്‍; എ.ടി.എമ്മുകളുടെ രാത്രി സേവനം അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: ലാഭകരമല്ലാത്ത എ.ടി.എമ്മുകളുടെ സേവനം പകല്‍ മാത്രമായി പരിമിതപ്പെടുത്താന്‍ ബാങ്കുകളുടെ നീക്കം. ചെലവ് ചുരുക്കലിന്റെയും ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തിന്റെയും ഭാഗമായാണ് പുതിയ നീക്കം. ശരാശരി പത്ത് ഇടപാടുകള്‍ നടക്കാത്ത എ.ടി.എമ്മുകള്‍ രാത്രി പത്തുമുതല്‍ രാവിലെ എട്ടുവരെ തുറക്കേണ്ടെന്നാണ് തീരുമാനം.

ചെലവ് ചുരുക്കലിനെക്കുറിച്ച് പഠിക്കാന്‍ ചില ബാങ്കുകള്‍ കോസ്റ്റ് ബെനിഫിറ്റ് എക്‌സ്പന്‍ഡിച്ചര്‍ കമ്മിറ്റിയെ നിയമിച്ചിരുന്നു. ഈ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ലാഭകരമല്ലാത്ത എ.ടി.എമ്മുകളുടെ രാത്രിസേവനം അവസാനിപ്പിക്കുന്നത്. ചെറുകിട ബാങ്കുകളും നഷ്ടത്തിലുള്ള ബാങ്കുകളുമാണ് ഇത് ഉടന്‍ നടപ്പാക്കുക. ഏറെ ശാഖകളില്ലാത്ത ചില ബാങ്കുകള്‍ തീരുമാനം നടപ്പാക്കിത്തുടങ്ങി.

അതേസമയം, തങ്ങളുടെ എ.ടി.എമ്മുകള്‍ രാത്രിയും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ചെലവ് ചുരുക്കലിന്റെ ഭാഗമായി എ.ടി.എമ്മുകള്‍ രാത്രിയില്‍ പൂട്ടിയിടില്ല. എ.ടി.എമ്മുകള്‍ പൂട്ടാനുള്ള തീരുമാനം ബാങ്ക് ഇതേവരെ എടുത്തിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.

chandrika: