X

എ.ടി.എം കവര്‍ച്ച: പിന്നില്‍ പ്രൊഫഷണല്‍ സംഘം; എഴുപേര്‍ സെക്കന്ദരാബാദില്‍ എത്തിയതായി വിവരം

കൊച്ചി: എറണാകുളം ഇരുമ്പനം, തൃശൂര്‍ കൊരട്ടി എന്നിവിടങ്ങളിലെ എടിഎമ്മുകളില്‍ മോഷണം നടത്തിയത് ഇതര സംസ്ഥാനത്ത് നിന്നുള്ള പ്രൊഫഷണല്‍ സംഘമാണെന്ന് സൂചന. തൃശൂരില്‍ നിന്നും രക്ഷപെട്ട ഏഴ് അംഗ കവര്‍ച്ചാ സംഘം സെക്കന്ദരാബാദില്‍ എത്തിയതായാണ് പോലീസിന് വിവരം ലഭിച്ചു.

സെക്കന്ദരാബാദിലെ മാര്‍ക്കറ്റില്‍ കവര്‍ച്ച സംഘത്തിന്റെ മുഖ സാദൃശ്യം ഉള്ളവരെ കണ്ടത് ഇവരുടെ ചിത്രങ്ങള്‍ സെക്കന്ദരാബാദ് പോലീസ് കേരള പൊലീസിനു കൈമാറി. അന്വേഷണസംഘം ഇത് പരിശോധിച്ചുവരികയാണ്.

അതേസമയം എടിഎം കവര്‍ച്ച നടന്ന ചാലക്കുടിയിലും കോട്ടയത്തും പൊലീസ് വീണ്ടും പരിശോധന നടത്തും. സംഘത്തില്‍ ഏഴു പേരുണ്ടായിരുന്നുവെന്നും പൊലീസിന് തെളിവ് ലഭിച്ചുത് ഇവര്‍ ചാലക്കുടിയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം സംസ്ഥാനം വിട്ടെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന് തൃക്കാക്കര എസിപി പി.പി ഷംസ് പറഞ്ഞു.

കളമശേരി, ഹില്‍പാലസ് എസ് ഐമാരുടെയും എറണാകുളം സൗത്ത് സിഐയുടെയും നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. ഇവരുടെ അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമായിരിക്കും നടപടി. സംഘത്തിന് പ്രാഥമിക സഹായം ലഭിച്ചതായി സംശയമുണ്ടെങ്കിലും ഇതുസംബന്ധിച്ച സൂചനയൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

അന്വേഷണം വിലയിരുത്തുന്നതിനും തുടര്‍ അന്വേഷണത്തിന്റെ സാധ്യതകള്‍ വിശകലനം ചെയ്യുന്നതിനുമായി തൃക്കാക്കര എസിപിയുടെ നേതൃത്വത്തില്‍ ഇന്നലെ യോഗം ചേര്‍ന്നു.
ഇതേ തുടര്‍ന്നാണ് മൂന്നു സംഘങ്ങളെ അന്വേഷണത്തിന് നിയോഗിക്കാന്‍ തീരുമാനിച്ചത്. ഇതുവരെ ലഭ്യമായ വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്. ഇരുമ്പനത്ത് മോഷണം നടക്കുന്നതിനു മുമ്പ് ഇതിലേ കടന്നു പോയ വാഹനം മോഷ്ടാക്കള്‍ക്ക് വിവരം നല്‍കാനെത്തിയതല്ല. ഇത് ഒരു കാറാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും എസിപി പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇരുമ്പനത്തും കൊരട്ടിയിലും എടിഎമ്മുകള്‍ തകര്‍ത്ത് പണം മോഷ്ടിച്ചത്.

ഇരുമ്പനം എസ്ബിഐ എടിഎമ്മില്‍ നിന്ന് 25 ലക്ഷവും കൊരട്ടി സൗത്ത് ഇന്ത്യന്‍ ബാങ്ക് എടിഎമ്മില്‍ നിന്ന് 10.6 ലക്ഷവുമാണ് കവര്‍ന്നത്. രണ്ടിടത്തെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതു കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

chandrika: