X
    Categories: indiaNews

എടിഎമ്മില്‍ നിന്ന് പണം കിട്ടിയില്ലെങ്കില്‍ ഉപഭോക്താവിന് ദിവസവും 100 രൂപ നഷ്ടപരിഹാരം ലഭിക്കും

കൊച്ചി: അത്യാവശ്യത്തിന് പണത്തിനായി എടിഎമ്മിലെത്തിയിട്ടും പണം കിട്ടാതെ കുടുങ്ങിയ അനുഭവമില്ലാത്തവര്‍ കുറവായിരിക്കും. ചിലപ്പോള്‍ പണം കിട്ടില്ലെന്ന് മാത്രമല്ല എടിഎം ഒരു പണികൂടിത്തരും. കാര്‍ഡ് മെഷീനിലിട്ട് നിര്‍ദേശങ്ങള്‍ നല്‍കും. പക്ഷെ കാര്യം നടക്കില്ല. പണം കൈയ്യില്‍ കിട്ടുകയുമില്ല, അക്കൗണ്ടില്‍ നിന്ന് പണം പോയതായി മെസേജും ലഭിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്താണ് ചെയ്യേണ്ടത്. തന്റേതല്ലാത്ത കാരണത്താല്‍ പണം നഷ്ടപ്പെട്ട ഉപഭോക്താവ് നഷ്ടപരിഹാരത്തിന് അര്‍ഹനല്ലേ ? ആണെന്ന് ആര്‍ബിഐ പറയുന്നു. കേന്ദ്ര ബാങ്കിന്റെ ഏറ്റവും പുതിയ സര്‍ക്കുലര്‍ അനുസരിച്ച് അഞ്ച് ദിവസത്തിന് ശേഷവും അക്കൗണ്ടില്‍ പണം തിരികെ എത്തിയില്ലെങ്കില്‍ ദിവസമൊന്നിന് 100 നിരക്കില്‍ നഷ്ടപരിഹാരം ലഭിക്കും.

എടിഎം മെഷിന്റെ തകരാര്‍ മൂലമോ മറ്റോ ഇങ്ങനെ അക്കൗണ്ടില്‍ നിന്ന് പണം പോയാല്‍ അത് ബാങ്ക് സ്വന്തം ഉത്തരവാദിത്വത്തില്‍ തിരികെ നല്‍കണം. ഇത്തരം സംഭവങ്ങളുടെ ഇരകളാകുന്നവര്‍ അക്കൗണ്ടുള്ള ബാങ്കിലോ എടിഎം മെഷിന്‍ ഏതു ബാങ്കിന്റേതാണോ അവിടെയോ പരാതി നല്‍കുന്നതാണ് നല്ല കീഴ്വഴക്കം. ആര്‍ബിഐ നിര്‍ദേശമനുസരിച്ച് അഞ്ച് ദിവസത്തിനകം പണം തിരികെ അക്കൗണ്ടിലേക്കിടണം. ഇതില്‍ പരാജയപ്പെടുന്ന പക്ഷം ശേഷം വരുന്ന ഒരോ ദിവസവും 100 രൂപ വീതം നഷ്ടപരിഹാരമായി നല്‍കണം. പരാതി നല്‍കി 30 ദിവസത്തിന് ശേഷവും നടപടിയുണ്ടായില്ലെങ്കില്‍ ബാങ്കിംഗ് ഓംബുഡ്സ്മാനെ സമീപിക്കാം. ആര്‍ബിഐ പോര്‍ട്ടലിലെ കംപ്ലെയിന്റ് മാനേജ്മെന്റ് സിസ്റ്റം വഴി പരാതി നല്‍കാം.

എടിഎം ഉപയോഗിക്കുന്നവര്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് റിസര്‍വ് ബാങ്കിന്റെ പുതിയ തീരുമാനം. പല ബാങ്കുകളുടെയും എടിഎം സര്‍വീസുകള്‍ വളരെ മോശമാണ്. ഇത്തരത്തില്‍ പണം നഷ്ടപ്പെടുന്ന ഉപയോക്താക്കള്‍ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാന്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിടാറുണ്ട്. ഇതിന് പ്രതിവിധിയാവുകയാണ് പുതിയ തീരുമാനം.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: