X

എടിഎമ്മില്‍ നിന്ന് ദിവസം 24,000 വരെ പിന്‍വലിക്കാം

ന്യൂഡല്‍ഹി: എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി റിസര്‍വ് വീണ്ടും ഉയര്‍ത്തി. പതിനായിരം രൂപയില്‍ നിന്ന് 24,000 ആയാണ് തുക വര്‍ധിപ്പിച്ചത്. എന്നാല്‍ ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 24,000 തന്നെ ആയി തുടരും. ഫെബ്രുവരി ഒന്നു മുതലാണ് പുതിയ പരിഷ്‌കരണം നടപ്പില്‍ വരിക. അതേസമയം കറണ്ട്, ക്യാഷ് ക്രെഡിറ്റ്, ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ടുകളില്‍ നിന്ന് പരിധിയില്ലാ രീതിയില്‍ പണം പിന്‍വലിക്കാം.

നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കലിന് പിന്നാലെ ഇത് നാലാം തവണയാണ് എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തുന്നത്. അതേസമയം റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കിയെങ്കിലും അതത് ബാങ്കുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. പണ ലഭ്യതയനുസരിച്ച് അവര്‍ തീരുമാനമെടുക്കും.

എന്നാല്‍ ഫെബ്രുവരി അവസാനത്താടെ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിവിധ ബാങ്ക് മാനേജര്‍മാരാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല.

chandrika: