X

പിണങ്കാവ് അഥവാ ഒരു തിരിട്ടു ഗ്രാമം

ദാവൂദ് മുഹമ്മദ്‌

പിണങ്കാവ് ഒരു ഗ്രാമത്തിന്റെ പേരാണ്. ഹരിയാനയിലെ മെവാട് ജില്ലയിലെ വനത്തോട് ചേര്‍ന്ന ഗ്രാമം. കൃഷിയാണ് പരമ്പരാഗത തൊഴില്‍. പുതു തലമുറയിലെ യുവാക്കള്‍ ഏറെയും കേന്ദ്രീകരിക്കുന്നത് പണം തട്ടിപ്പില്‍. അതും എ.ടി.എം തട്ടിപ്പ്. അന്വേഷിച്ച് ഒരു പൊലീസുകാരനും ഈ ഗ്രാമത്തിലേക്കു കടന്നുചെല്ലില്ല എന്നതു തന്നെയാണ് ഈ തട്ടിപ്പു വീരന്‍മാരുടെ ധൈര്യം. ഇനി പൊലീസ് ഗ്രാമത്തിലെത്തിയാലോ, തിരിച്ചുവരാനുമാവില്ല. ഒഡീഷയില്‍ നിന്നു അന്വേഷണ സംഘത്തിന്റെ ഗതിയായിരിക്കും. പക്ഷേ എല്ലാം അതിജീവിച്ചാണ് ഈ ഗ്രാമത്തില്‍ നിന്നു എ.ടി.എം തട്ടിപ്പ് കേസിലെ രണ്ടു പ്രതികളെ കണ്ണൂരിലെത്തിച്ചത്. കേള്‍ക്കുമ്പോള്‍ ഇതൊരു നിസ്സാര സംഭവമായി തോന്നാം. കേവലം നാല്‍പതിനായിരത്തിന്റെ തട്ടിപ്പാണെന്നു കരുതി എഴുതി തള്ളാം… പക്ഷേ വളരെ എളുപ്പത്തില്‍ രാജ്യവ്യാപകമായി തട്ടിപ്പ് നടത്തുകയും പിടിക്കപ്പെടാനുള്ള എല്ലാം സാധ്യതകളെയും കൊട്ടിയടക്കുകയാണ് ഈ ഗ്രാമം.

ഒരു ഭാഗത്ത് കാടും മറുഭാഗത്ത് വിശാലമായ കൃഷിയിടവുമുള്ള കാട്. മെവാട് ജില്ലയിലെ ക്രിമിനലുകളുടെ ഗ്രാമം. കവര്‍ച്ചയുടെയും തട്ടിപ്പിന്റെയും നാട്. പൊലീസിനെക്കാള്‍ അധികാരം ഗ്രാമ മുഖ്യനും. വിദ്യഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്നവരുടെ നാടാണെങ്കിലും അടുത്തകാലത്ത് പലരും ഉന്നത വിദ്യഭ്യാസം നേടിയിട്ടുണ്ട്. പക്ഷേ ഈ സാങ്കേതിക വിദ്യകൂടി തട്ടിപ്പിനായി ഉപയോഗിക്കുകയാണ് യുവാക്കള്‍. ആര്‍ക്കും എവിടെ നിന്നും എ.ടി.എം വഴി പണം തട്ടാമെന്ന പുതിയ രീതി പരീക്ഷിച്ചാണ് ഈ ഗ്രാമത്തിലെ ഒരു കൂട്ടം യുവാക്കളുടെ തട്ടിപ്പ്. ഇതിനു ഏറെ സഹായിച്ചതാവട്ടെ എ.ടി.എം ഇടപാട് സംബന്ധിച്ച് പരാതി ഒരാഴ്ച്ചക്കകം പരിഹരിക്കണമെന്ന റിസര്‍ബാങ്കിന്റെ നിര്‍ദേശം.

കണ്ണൂര്‍ പൊലീസ് നടത്തിയ ഒരു അന്വേഷണം.
തട്ടിപ്പ് എന്തെളുപ്പം

സി.ഡി.എം മെഷീനില്‍ നാല്‍പതിനായിരം രൂപ നിക്ഷേപിച്ച സംഘം മറ്റെരു എ.ടി.എം കൗണ്ടറിലെത്തി പിന്‍വലിക്കും. പണം വന്നു കൊണ്ടിരിക്കെ മെഷീന്റെ പവര്‍ ഓഫ് ചെയ്യും. ഇതിനകം നോട്ടുകള്‍ പുറത്തു വന്നിട്ടുണ്ടാവും. അപ്പോഴേക്കും തട്ടിപ്പുകാരന്‍ കൂടിയായ ഇടപാടുകാരന്റെ മൊബൈലിലേക്ക് പണം പിന്‍വലിച്ചതായി സന്ദേശവും ലഭിക്കും. എന്നാല്‍ പണം ലഭിച്ചില്ലെന്ന് കാണിച്ച് ബാങ്കിന്റെ ടോള്‍ ഫ്രീ നമ്പറില്‍ പരാതിയും നല്‍കും. പരിശോധിച്ചാല്‍ ഈ സമയം എ.ടി.എം കേടാണെന്നു ബോധ്യമാവും. ഏഴു ദിവസത്തിനകം പണം അകൗണ്ടിലേക്ക് തിരിച്ചെത്തും. ഇതു ഉപയോഗിച്ച് സംഘത്തിലെ മറ്റൊരു അകൗണ്ടു വഴി മറ്റൊരു തട്ടിപ്പ് നടത്തും.
എന്നാല്‍ എ.ടി.എമ്മില്‍ നിക്ഷേപിക്കുന്നതിന്റെ പണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം പണം നിക്ഷേപിക്കുന്ന സ്വകാര്യ ഏജന്‍സിക്കാണ്. ബാങ്ക് ഈ തുക ഏജന്‍സിയില്‍ നിന്നാണ് പലപ്പോഴും ഈടാക്കുന്നത്. പേരിന് പൊലീസില്‍ പരാതി നല്‍കുക മാത്രമാണ് ബാങ്കുകള്‍ ചെയ്യുന്നത്. പക്ഷേ ഇതു കേവലം സാങ്കേതിക തകരാര്‍ അല്ലെന്നു തിരിച്ചറിഞ്ഞത് കണ്ണൂര്‍ എസ്.ബി.ഐയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ്.

തട്ടിപ്പ് രാജ്യ വ്യാപകമാണ്

ചെങ്ങന്നൂരിലും തിരുവന്തപുരത്തും ഇത്തരം തട്ടിപ്പ് നേരത്തെ നടന്നിരുന്നു. ഒഡീഷയില്‍ നിന്നുള്ള അന്വേഷണ സംഘം ഈ ഗ്രാമത്തിന്റെ പടിവാതിക്കല്‍ വരെയെത്തി, പക്ഷേ ഫലം മറ്റെന്നാണ്. ചെങ്ങന്നൂര്‍ പൊലീസും അന്വേഷണവുമായി ചെന്നു. പക്ഷേ ഒരു പുരോഗതിയുമില്ല. ഇത്തവണ പൊലീസ് ഇവിടെയെത്തിയത് കണ്ണൂര്‍ ഡിവൈ.എസ്.പി പി.സദാനന്ദന്റെ അന്വേഷണ മികവും സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അബ്ദുല്‍ റൗഫിന്റെ സൈബര്‍ വൈദഗ്ധ്യവുമാണ്.

ഈ ഗ്രാമത്തിലെ 30 പേര്‍ അടങ്ങുന്ന സംഘമാണ് രാജ്യവ്യാപകമായി എ.ടി.എം തട്ടിപ്പ് നടത്തുന്നതെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഓരോ സംസ്ഥാനത്തേക്കും അഞ്ചു പേര്‍ അടങ്ങുന്ന സംഘമാണ് പുറപ്പെടുന്നത്. ഗ്രാമവാസികളുടെ പേരിലുള്ള അകൗണ്ട് ഉപയോഗിച്ചാണ് തട്ടിപ്പ്. ഒരു ബ്രാഞ്ചില്‍ നിന്ന് ഒരു തവണ മാത്രമാണ് തട്ടിപ്പ്. കേവലം 40,000 രൂപയും. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വിവിധ ബാങ്കില്‍ നിന്നാവുമ്പോള്‍ വലിയ തുകയാവും. കഴിഞ്ഞ മാസം 29ന് കോഴിക്കോട് എസ്.ബി.ഐ ഹാനിഹാള്‍ ബ്രാഞ്ചില്‍ സംഘം എത്തിയിരുന്നതായി സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായിട്ടുണ്ട്.

സൂത്രധാരന്‍ എസ്.ഐയുടെ മകന്‍

എ.ടി.എം വഴി തട്ടിപ്പ് നടത്തി ലക്ഷങ്ങള്‍ തട്ടിയ സംഘത്തിലെ സൂത്രധാരന്‍ ഹരിയാനയിലെ ഫരീദാബാദ് എസ്.ഐയുടെ മകനായ ഷക്കീല്‍ അഹമ്മദ്. രാജസ്ഥാനിലെ എഞ്ചിനിയറിങ്ങ് കോളജ് വിദ്യാര്‍ത്ഥിയാണിയാള്‍.
വാട്‌സ്ആപ്പ് വഴി ഷക്കീല്‍ അഹമ്മദുമായി ബന്ധപ്പെട്ട അന്വേഷണ സംഘം അദ്ദേഹത്തിന്റെ രഹസ്യ നമ്പര്‍ കണ്ടെത്തിയാണ് സഹായികളെ പിടികൂടിയത്. ഹരിയാനയിലെത്തിയ സംഘത്തെ സഹായിക്കാന്‍ പോലും പൊലീസ് തയ്യാറായിട്ടില്ല. 90 ശതമാനത്തോളം ക്രിമിനലുകളുള്ള ഗ്രാമത്തിലേക്കു പേകാന്‍ പൊലീസിനും ഭയമാണ്. എന്നാല്‍ എസ്.ബി.ഐ ബാങ്ക് മാനേജറുടെ മൊഴി രേഖപ്പെടുത്താനാണ് എത്തിയതെന്ന വ്യാജേന കനത്ത പൊലീസ് സന്നാഹത്തോടെ ഗ്രാമത്തിലെത്തിയപ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പ്രതിപട്ടികയില്‍ മകന്‍ കൂടിയുണ്ടെന്നും ഇവരെ കിട്ടിയില്ലെങ്കില്‍ രാജസ്ഥാനിലെ അല്‍വാറില്‍ നിന്ന് മകനെ പൊക്കുമെന്ന് ഫരിദാബാദ് എസ്.ഐയെ അറിയിച്ചതോടെയാണ് മകനെ രക്ഷിക്കാമെന്ന ഉറപ്പില്‍ പ്രതികളെ കൈ മാറിയത്. എന്നാല്‍ ഷക്കീലിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

വിരല്‍ ചൂണ്ടിയത് ഒരു സംശയം

ഒരു ചെറിയ സംശയമാണ് രാജ്യം മുഴുവന്‍ വ്യാപകമായ എ.ടി.എം തട്ടിപ്പിലേക്ക് വിരല്‍ ചൂണ്ടിയതും പുതിയ രീതിയിലുള്ള തട്ടിപ്പ് പുറത്തറിയാനും സാധിച്ചത്. തട്ടിപ്പിന്റെ ഈ പഴുതുകള്‍ അടക്കാന്‍ ബാങ്കുകള്‍ക്കും എ.ടി.എം നിര്‍മാണ കമ്പനികള്‍ക്കും കഴിയും എന്നതാണ് ഈ അന്വേഷണത്തിന്റെ മികവായി കാണേണ്ടത്.
ഡിവൈ.എസ്പിയുടെ സംഘത്തില്‍ എസ്.ഐ സി.ഷൈജു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ എ.ജി അബ്ദുല്‍ റൗഫ്, കെ.എന്‍ സഞ്ജയ്, വി.സജിത്ത് എന്നിവരാണ് ഉണ്ടായിരുന്നത്.

 

chandrika: