തൃശൂര്‍: കേരളത്തെ നടുക്കിയ എടിഎം കവര്‍ച്ചക്കേസില്‍ പ്രത്യേക സ്‌ക്വാഡ് അന്വേഷണം നടത്തും. മോഷ്ടാക്കള്‍ സംസ്ഥാനം വിട്ടെന്ന സൂചനയില്‍ അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിക്കാനാണ് നീക്കം. ഈ സാഹചര്യത്തില്‍ ഡല്‍ഹി, തമിഴ്‌നാട് പൊലീസ് സേനയുടെ സഹായവും കേരളപൊലീസ് തേടിയിട്ടുണ്ട്. പ്രതികളുടെ വിരലടയാളം നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോക്ക് കൈമാറിയിട്ടുണ്ട്. സംഭവത്തിനു പിന്നില്‍ പ്രൊഫഷണല്‍ സംഘമാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ചാലക്കുടിയിലെ കവര്‍ച്ചാസംഘത്തില്‍ ഏഴ് പേരെന്ന് പൊലീസ് വ്യക്തമാക്കി. മോഷ്ടാക്കള്‍ വേഷം മാറി പോയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.
അതേസമയം മോഷ്ടാക്കള്‍ സഞ്ചരിച്ച വാഹനത്തിലും സമീപത്തും രക്തക്കറ കണ്ടെത്തി. ഇന്നു രാവിലെ നടത്തിയ ഫോറന്‍സിക് പരിശോധനയിലാണ് രക്തക്കറ കണ്ടെത്തിയത്. പ്രതികള്‍ തമ്മില്‍ സംഘട്ടനം നടന്നിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം. പൊലീസ് നായ വാഹനത്തില്‍ നിന്ന് മണം പിടിച്ച് സമീപത്തെ സ്‌കൂളിന്റെ മതില്‍ വരെ ഓടിയതും നിര്‍ണായകമായി. പ്രതികള്‍ വാഹനം ഉപേക്ഷിച്ചശേഷം മതില്‍ ചാടി കടന്ന് രക്ഷപ്പെട്ടതാകുമെന്നാണ് പൊലീസ് കരുതുന്നത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കൊരട്ടി മുതല്‍ ചാലക്കുടി വരെയുള്ള ദൃശ്യങ്ങള്‍ പരിശോധിക്കും.
ഉത്തരേന്ത്യന്‍, തമിഴ്‌നാട് ബന്ധമുള്ള പ്രൊഫഷണല്‍ സംഘമാകും കവര്‍ച്ചക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതിനാല്‍ പ്രതികള്‍ക്ക് പ്രാദേശിക സഹായം കിട്ടിയോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
എടിഎം കവര്‍ച്ച: മോഷ്ടാക്കള്‍ സഞ്ചരിച്ച വാഹനത്തില്‍ രക്തക്കറ
Related Post