സ്പാനിഷ് ലാലീഗയില്‍ ഇന്നാണ് വാര്‍. ചാമ്പ്യന്‍ഷിപ്പ് സാധ്യതകളില്‍ മൂന്ന് ടീമുകള്‍ ബലാബലം നില്‍ക്കവെ അതിലെ രണ്ട് പേര്‍ ഇന്ന് മുഖാമുഖം. ഇന്ത്യന്‍ സമയം രാത്രി 7-45 ന് ആരംഭിക്കുന്ന പോരാട്ടത്തില്‍ നേര്‍ക്കുനേര്‍ വരുന്നത് ഒന്നാം സ്ഥാനക്കാരായ അത്‌ലറ്റികോ മാഡ്രിഡും മൂന്നാം സ്ഥാനക്കാരായ ബാര്‍സിലോണയും. ഇന്ന് ജയിക്കുന്നവര്‍ക്ക് കിരീടത്തില്‍ വ്യക്തമായ സാധ്യത കൈവരും.
ഇതാണ് ഇപ്പോള്‍ പോയിന്റ്് നില: 34 മല്‍സരങ്ങളില്‍ നിന്നായി അത്‌ലറ്റികോ മാഡ്രിഡിന്റെ സമ്പാദ്യം 76. ഇതേ മല്‍സരങ്ങളില്‍ നിന്നായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന റയല്‍ മാഡ്രിഡിന്റെ പോയിന്റ് 74. മൂന്നാമത് നില്‍ക്കുന്ന ബാര്‍സിലോണക്കും ഇതേ സമ്പാദ്യം-74. 34 മല്‍സരങ്ങളില്‍ നിന്നായി 70 ല്‍ നില്‍ക്കുന്ന സെവിയെക്കും സാധ്യത നിലനില്‍ക്കുന്നു. നാല് മല്‍സരങ്ങള്‍ മാത്രമാണ് ഇനി ബാക്കി. രണ്ടാംസ്ഥാനക്കാരില്‍ നിന്നും രണ്ട് പോയിന്റ് ലീഡ് കൈവശമുള്ള അത്‌ലറ്റികോ മാഡ്രിഡിന് ഇനിയുള്ള നാല് മല്‍സരങ്ങളും ജയിച്ചാല്‍ കപ്പുറപ്പ്. ഇന്ന് ബാര്‍സിലോണയാണ് ജയിക്കുന്നതെങ്കില്‍ അവര്‍ക്കായിരിക്കും മുന്‍ത്തൂക്കം. ഇന്ന് ജയിച്ചാല്‍ ബാര്‍സയുടെ സമ്പാദ്യം 77 ലെത്തും. പിന്നെ മൂന്ന് മല്‍സരങ്ങള്‍ താരതമ്യേന ദുര്‍ബലരുമായിട്ടാണ്. അതേ സമയം ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ പുറത്തായ റയല്‍ മാഡ്രിഡിന് ഇനി ആകെയുള്ള പ്രതീക്ഷ ലാലീഗ മാത്രമാണ്. പക്ഷേ അവര്‍ക്ക് മറ്റുള്ളവരുടെ കാരുണ്യം നിര്‍ബന്ധമാണ്. ഇന്നത്തെ ബാര്‍സ- അത്‌ലറ്റികോ മല്‍സരം സമനിലയില്‍ കലാശിക്കാനാണ് റയല്‍ ആഗ്രഹിക്കുന്നത്. ആര് ജയിച്ചാലും അത് സിദാന്‍ സംഘത്തിന്റെ സാധ്യതകളെ കാര്യമായി ബാധിക്കും. റയലിന് അടുത്ത പ്രതിയോഗികള്‍ ശക്തരായ സെവിയെയാണെന്നിരിക്കെ. സ്വന്തം മൈതാനത്താണ് ഇന്നത്തെ മല്‍സരമെന്നതാണ് ബാര്‍സക്ക് പ്രതീക്ഷ നല്‍കുന്നത്. അവസാന മല്‍സരത്തില്‍ വലന്‍സിയക്കെതിരെ നേടിയ തകര്‍പ്പന്‍ വിജയവും ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. നായകന്‍ മെസിയുടെ കരുത്ത് തന്നെയാണ് ടീമിന്റെ ആത്മവിശ്വാസം. സമീപകാലത്തായി തന്റെ പഴയ കരുത്തിലേക്ക് മെസി തിരികെ വന്നിട്ടുണ്ട്. വലന്‍സിയക്കെതിരെ നേടിയ രണ്ട് ഗോളുകള്‍ അതിന് ഉദാഹരണം. മെസിക്ക് പിന്തുണ നല്‍കാന്‍ അന്റോണിയോ ഗ്രിസ്മാന്‍, ഫ്രാങ്ക് ഡി ജോംഗ് എന്നിവരെല്ലാം കരുത്തരായി നില്‍ക്കുന്നു. കിംഗ്‌സ് കപ്പിലെ വിജയം മാത്രമാണ് മെസി സംഘത്തിന്റെ ഇത്തവണത്തെ വലിയ നേട്ടം. അതേ സമയം കപ്പിനും ചുണ്ടിനുമിടയില്‍ പലപ്പോഴും നിരാശരാവേണ്ടി വന്നവരാണ് അത്‌ലറ്റികോ സംഘം. ഇത്തവണ തുടക്കം മുതല്‍ ഒന്നാം സ്ഥാനം നേടിയ ഡിയാഗോ സിമയോണിയുടെ സംഘം ഒരു വേള പ്രതിയോഗികളെക്കാള്‍ 11 പോയിന്റ്് ലീഡ് നേടിയിരുന്നു. എന്നാല്‍ സമീപ മല്‍സരങ്ങളിലെ തോല്‍വി ടീമിനെ ബാധിച്ചു. ഇന്ന് ജയിച്ചാല്‍ പക്ഷേ കാര്യങ്ങള്‍ മാറുമെന്നാണ് സിമയോണി വ്യക്തമാക്കുന്നത്.