അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഉറുഗ്വേ താരം ലൂയിസ് സുവാരസിന് കോവിഡ് സ്ഥിരീകരിച്ചു. ഉറുഗ്വേ ഗോള്‍ കീപ്പര്‍ റോഡ്രിഗോ മുനോസിനും സപ്പോര്‍ട്ടിങ് സംഘത്തിലുള്ള മതിയാസ് ഫരാളിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റു താരങ്ങള്‍ക്കെല്ലാം പരിശോധനയില്‍ നെഗറ്റീവാണ്. ഉറുഗ്വേ ഫുട്‌ബോള്‍ അസോസിയേഷന്‍ വാര്‍ത്താ കുറിപ്പിലൂടെയാണ് ടീം അംഗങ്ങളുടെ കോവിഡ് ഫലം അറിയിച്ചത്.
ഇതോടെ ബ്രസീലിനെതിരെ നാളെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഈ താരങ്ങള്‍ക്ക് പങ്കെടുക്കാനാവില്ല. മുന്‍ ക്ലബായ ബാഴ്‌സലോണക്കെതിരെ ശനിയാഴ്ച നടക്കുന്ന മത്സരവും സുവാരസിന് നഷ്ടമാവും. കോവിഡ് സ്ഥിരീകരിച്ചെങ്കിലും മൂവര്‍ക്കും ആരോഗ്യപരമായ മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ടീം അധികൃതര്‍ അറിയിച്ചു.
ബാഴ്‌സയില്‍ നിന്ന് ഈ സീസണിന്റെ തുടക്കത്തിലാണ് സുവാരസ് അത്‌ലറ്റിക്കോ മാഡ്രിഡിലെത്തിയത്. ഇതുവരെ അത്‌ലറ്റിക്കോക്കായി കളിച്ചത് ആറ് മത്സരങ്ങള്‍. അഞ്ചു ഗോളുകളും നേടി. 2014ല്‍ ലിവര്‍പൂളില്‍ നിന്ന് റെക്കോര്‍ഡ് തുകക്ക് ബാഴ്‌സയിലേക്കെത്തിയ താരം മെസിക്കൊപ്പം ലോകോത്തര കൂട്ടുകെട്ടായിരുന്നു നടത്തിയത്. ബാഴ്‌സലോണക്കായി 283 മത്സരങ്ങള്‍ കളിച്ച താരം 198 ഗോളുകളും നേടി.