X

ഗ്രേസ് മാര്‍ക്ക് പരിഷ്‌കരണ ഉത്തരവിനെച്ചൊല്ലി വിവാദം; സീനിയര്‍, മാസ്റ്റേഴ്‌സ് മീറ്റില്‍ മത്സരം ഒഴിവാക്കി

സംസ്ഥാന സര്‍ക്കാറിന്റെ ഗ്രേസ് മാര്‍ക്ക് പരിഷ്‌കരണ ഉത്തരവ് കായികവിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുന്നതില്‍ പ്രതിഷേധിച്ച്‌ സംസ്ഥാന സീനിയര്‍, മാസ്റ്റേഴ്‌സ് മീറ്റില്‍ മത്സരം ഒഴിവാക്കി. സെലക്ഷന്‍ ട്രെയല്‍സ് മാത്രം നടത്തി ദേശീയ മത്സരത്തിലേക്ക് കായികതാരങ്ങളെ തെരഞ്ഞെടുക്കാനാണ് തീരുമാനം.

മേയ് 22, 23 തീയതികളില്‍ കാലിക്കറ്റ് സര്‍വകലാശാല സിന്തറ്റിക് സ്റ്റേഡിയത്തിലാണ് സെലക്ഷന്‍ ട്രയല്‍സ്. ഗ്രേസ് മാര്‍ക്ക് പരമാവധി 30 മാത്രം നല്‍കിയാല്‍ മതിയെന്ന സര്‍ക്കാര്‍ തീരുമാനപ്രകാരം രാജ്യത്തെ പ്രതിനിധീകരിച്ച്‌ ദേശീയമീറ്റില്‍ പങ്കെടുക്കുന്ന കായികപ്രതിഭകള്‍ക്ക് വരെ ഗ്രേസ് മാര്‍ക്ക് 30 മാത്രമേ ലഭിക്കൂ. ഇതാണ് പ്രതിഷേധത്തിന് കാരണം.

കായികരംഗത്ത് സജീവമായ വിദ്യാര്‍ഥികളുടെ ഭാവിയെയും തുടര്‍പഠനത്തെയും സാരമായി ബാധിക്കുന്ന സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച്‌ കായികാധ്യാപകരും രക്ഷിതാക്കളും സെക്രട്ടേറിയറ്റ് മാര്‍ച്ച്‌ നടത്തിയിരുന്നു. തുടര്‍ന്ന് ഒളിമ്പിക്‌ അസോസിയേഷന്‍ പ്രതിനിധികള്‍ മന്ത്രിതലചര്‍ച്ചയും നടത്തി. ഉത്തരവിനാലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി, കായികമന്ത്രി, പൊതുവിദ്യാഭ്യാസമന്ത്രി എന്നിവര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ പുനഃപരിശോധനയുണ്ടാകുമെന്നാണ് പ്രതീക്ഷ.

എന്നാല്‍ ദേശീയ മീറ്റിന് തീയതി നിശ്ചയിച്ചതിനാല്‍ സംസ്ഥാന മീറ്റ് നടത്താന്‍ സമയമില്ലെന്നും സെലക്ഷന്‍ ട്രയല്‍സ് മാത്രമാണ് മുന്നിലുള്ള സാധ്യതയെന്നും അത്‌ലറ്റിക് അസോസിയേഷന്‍ പ്രതിനിധികള്‍. അക്കാദമിക മികവ് പുലര്‍ത്തുന്നവരേക്കാള്‍ ഉയര്‍ന്ന മാര്‍ക്ക് ഗ്രേസ് മാര്‍ക്കിലൂടെ മറ്റ് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നുണ്ടെന്നും പ്ലസ് വണ്‍ പ്രവേശനത്തിന് ഈ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് അധികമായി ഇന്‍ഡക്‌സ് മാര്‍ക്ക് ലഭിക്കുന്നതിലൂടെ അക്കാദമിക നിലവാരമുള്ളവര്‍ പിന്തള്ളപ്പെടുന്നുവെന്നുമുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ പരീക്ഷാകമീഷണറുടെ ശിപാര്‍ശ പ്രകാരമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്നതിലെ മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ച്‌ ഉത്തരവിറക്കിയത്.

അടുത്തിടെ പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം സംസ്ഥാന തലത്തില്‍ നാലാം സ്ഥാനത്ത് എത്തുന്നവര്‍ക്ക് മാത്രമാണ് പുതിയ അധ്യയനവര്‍ഷം മുതല്‍ ഗ്രേസ് മാര്‍ക്ക്. സംസ്ഥാന തലത്തില്‍ നേരത്തെ ഇത് എട്ടാം സ്ഥാനത്ത് എത്തുന്നവര്‍ക്ക് വരെ നല്‍കിയിരുന്നു. ദേശീയ തലത്തിലെ പങ്കാളിത്തത്തിന് മുമ്പ് 120 ഗ്രേസ് മാര്‍ക്ക് വരെ നല്‍കിയിരുന്നു.

സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ്‌സ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, എന്‍.സി.സി അംഗങ്ങളായ വിദ്യാര്‍ഥികള്‍ക്ക് കഷ്ടപ്പെട്ട് പരിശീലിക്കുന്ന കായികതാരങ്ങളേക്കാള്‍ ഗ്രേസ് മാര്‍ക്ക് ലഭിക്കുന്ന സ്ഥിതിയാണെന്നും ഇതില്‍ മാറ്റമുണ്ടാകണമെന്നുമാണ് ആവശ്യം. സംസ്ഥാന കലോത്സവത്തില്‍ എ ഗ്രേഡിന് 20 ആണ് ഗ്രേസ് മാര്‍ക്ക്.ഒന്നിലധികം കുട്ടികള്‍ പങ്കെടുക്കുന്ന ഇനങ്ങളിലുള്ളവര്‍ക്കെല്ലാം 20 ഗ്രേസ് മാര്‍ക്ക് നല്‍കാനാണ് തീരുമാനം.

ഈ സാഹചര്യത്തിലാണ് കായിക മേഖലയിലുള്ള വിദ്യാര്‍ഥികള്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് സര്‍ക്കാര്‍ വെട്ടിച്ചുരുക്കിയതെന്നാണ് കായികരംഗത്തുള്ളവര്‍ പറയുന്നത്. മുഴുവന്‍ അസോസിയേഷനുകളുടെയും തീരുമാനപ്രകാരമാണ് സംസ്ഥാന മീറ്റില്ലാതെ സെലക്ഷന്‍ ട്രയല്‍സ് മാത്രം നടത്തുന്നത്.

webdesk14: