കോഴിക്കോട്:കായികതാരങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി മെഡി:കോളജ് ആശുപത്രിയ്ക്ക് കീഴില്‍ ആരംഭിച്ച സ്‌പോര്‍ട്‌സ് മെഡിസിന്‍ വിഭാഗം പ്രവര്‍ത്തനം നിര്‍ത്തിയിട്ട് മാസങ്ങള്‍. കളിക്കളത്തില്‍ സംഭവിക്കുന്ന പരിക്കുകള്‍ക്ക് താരങ്ങള്‍ക്കുള്ള ഏക ആശ്രയമാണ് ഇതോടെ ഇല്ലാതായത്.
മെഡി:കോളജിലെ പ്രത്യേക ബില്‍ഡിംഗിലാണ് ഈ വിഭാഗം പ്രവര്‍ത്തിച്ചിരുന്നത്. ഒരു ഡോക്ടറുടെ സേവനവും ലഭ്യമായിരുന്നു. വിവിധ ചികിത്സാ ഉപകരണങ്ങള്‍ അടക്കം നേരത്തെതന്നെ സജ്ജമാക്കിയിട്ടുമുണ്ട്. സ്‌പോര്‍ട്‌സ് മെഡിസിന്‍ വിഭാഗം പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ ലക്ഷങ്ങള്‍ ചെലവഴിച്ച് വാങ്ങിയ ഉപകരങ്ങള്‍ കേടുവന്നു നശിക്കുന്ന സ്ഥിതിയാണ്.
ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള നിരവധി കായികതാരങ്ങളാണ് മെഡി:കോളജില്‍ ചികിത്സതേടിയെത്തിയിരുന്നത്. മറ്റു ഡോക്ടര്‍മാരെ സമീപിച്ച് ചികിത്സ തേടാമെങ്കിലും കായികതാരങ്ങള്‍ക്ക് കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നതിന് അനുസൃതമായി കൃത്യമായ ചികിത്സ ലഭ്യമാക്കുക സ്‌പോര്‍ട്‌സ് മെഡിസിനിലാണ്. മറ്റു ആശുപത്രികളില്‍ ഫിസിയോ തെറാപ്പിയ്ക്കടക്കം വലിയ തുക ഈടാക്കുമ്പോള്‍ സൗജന്യമായാണ് ഇവിടെ തെറാപ്പി ചെയ്തിരുന്നത്. നിലവില്‍ ടര്‍ഫ് ഗ്രൗണ്ടുകളടക്കം സജീവമാകുകയും, ഫുട്‌ബോള്‍ അക്കാദമികള്‍ കൂടുതലായി പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് കളിക്കാരെ പിന്നോട്ടടിക്കുന്ന നടപടിയുണ്ടാകുന്നത്. മെഡി:കോളജ് ആശുപത്രി സൂപ്രണ്ട് അടക്കം വിഷയത്തില്‍ ഇടപെടണമെന്ന് കായികാതരങ്ങളും പരിശീലകരും പറയുന്നു.