ആലപ്പുഴ: കേരളത്തിന്റെ ദേശീയ സൈക്കിള്‍ പോളോ താരം നിദ ഫാത്തിമ (10) നാഗ്പൂരില്‍ മരണപ്പെട്ടു. ആലപ്പുഴ അമ്പലപ്പുഴ കക്കയം സ്വദേശിനിയാണ് നിദ. ദേശീയ സബ് ജൂനിയര്‍ സൈക്കിള്‍ പോളോയില്‍ പങ്കെടുക്കുന്നതിന് വേണ്ടി ഡിസംബര്‍ 20നാണ് നാഗ്പൂരിലെത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഛര്‍ദ്ദിച്ച് കുഴഞ്ഞുവീണ നിദയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. സൈക്കിള്‍ പോളോ മത്സരങ്ങള്‍ ഇന്നാണ് ആരംഭിക്കേണ്ടിയിരുന്നത്. അതിനിടെയാണ് നിദയുടെ വിയോഗം. കേരള സൈക്കിള്‍ പോളോ അസോസിയേഷന്‍ അണ്ടര്‍-14 താരമാണ് നിദ.
ഇന്നലെ രാത്രി മുതല്‍ തുടര്‍ച്ചയായി നിദ ഛര്‍ദ്ദിച്ചിരുന്നു. ആശുപത്രിയില്‍വെച്ച് ഡോക്ടര്‍മാര്‍ ഈന്‍ജക്ഷന്‍ നല്‍കുന്നതിനിടെയാണ് കുഴഞ്ഞുവീണ് മരിച്ചെന്നാണ് വിവരം. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ഫാത്തിമ ഉള്‍പ്പെട്ട ടീം റജിസ്റ്റര്‍ ചെയ്ത സംഘടനയായിരുന്നിട്ട് കൂടിയും കോടതി ഉത്തരവിലൂടെയാണ് മത്സരത്തിനെത്തിയത്.
പക്ഷെ ഇവര്‍ക്ക് നാഷ്ണല്‍ ഫെഡറേഷനില്‍ നിന്നും താമസ, ഭക്ഷണ സൗകര്യങ്ങള്‍ ലഭിച്ചില്ലെന്ന ആരോപണമുണ്ടായിരുന്നു. മത്സരിക്കാന്‍ മാത്രമാണ് കോടതി ഉത്തരവെന്നും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കില്ലെന്നുമായിരുന്നു ഫെഡറേഷന്റെ നിലപാട്. നാഗ്പൂരില്‍ പരിമിതമായ സൗകര്യങ്ങളിലാണ് ടീം കഴിഞ്ഞിരുന്നത്. ഇതേ സമയം ഭക്ഷണ, താമസ സൗകര്യം ലഭിച്ചിട്ടില്ലെന്ന പരാതി പരിശോധിച്ചുവരികയാണെന്ന് കായിക മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു.