കൊച്ചി: എറണാകുളം-അങ്കമാലി അതിരുപത വിവാദ ഭൂമിയിടപാടില്‍ സഭക്കുണ്ടായ നഷ്ടം നികത്താന്‍ തയ്യാറാണെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കേരള കത്തോലിക്ക ബിഷപ്‌സ് കൗണ്‍സില്‍ (കെസിബിസി) ഇന്നലെ എറണകുളത്ത് നടത്തിയ അനുരഞ്ജന യോഗത്തിലാണ് ആലഞ്ചേരി നിലപാട് വ്യക്തമാക്കിയത്. ഈ സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ വൈദികരുടെ അടിയന്തര യോഗം ഇന്ന് ചേരും.
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്ത് എന്നിവര്‍ക്കൊപ്പം കെ സി ബി സി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം, മലങ്കര സഭാ അധ്യക്ഷന്‍ മാര്‍ ക്ലീമിസ്, ഫാദര്‍ ജോസ് പുത്തന്‍ വീട്ടില്‍ എന്നിവരും സ്ഥിരം അംഗങ്ങളും ഇന്നലെ ചേര്‍ന്ന മധ്യസ്ഥ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇരുപക്ഷത്തു നിന്നും പറയാനുള്ള കാര്യങ്ങള്‍ സഭക്കുള്ളില്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കപ്പെടണമെന്ന നിര്‍ദ്ദേശമാണ് മാധ്യസ്ഥ്യ ശ്രമത്തിന് എത്തിയവരില്‍ നിന്ന് ഉയര്‍ന്നത്. ഇതേതുടര്‍ന്നാണ് ഇന്ന് അടിയന്തര വൈദിക സമിതി വിളിച്ചു ചേര്‍ത്ത് പ്രശ്‌നം വിശാലമായി ചര്‍ച്ച ചെയ്യാനും പരിഹാര നടപടികള്‍ സഭക്കുള്ളില്‍ തന്നെ കൈക്കൊള്ളാനും ധാരണയായത്.
ഈസ്റ്ററിന് മുമ്പ് എല്ലാവര്‍ക്കും സന്തോഷമുള്ള വാര്‍ത്ത വരുമെന്ന് മലങ്കരസഭാധ്യക്ഷന്‍ മാര്‍ ക്ലീമിസ് ഇന്നലെ യോഗത്തിന് ശേഷം വ്യക്തമാക്കി. സീറോ മലബാര്‍ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ടുള്ള പരാതിയില്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഒന്നാംപ്രതിയാക്കി ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. കൊച്ചി സര്‍വകലാശാലക്ക് സമീപമുള്ള സെന്റ് ജോണ്‍സ് പള്ളി വികാരി ഫാദര്‍ ജോഷി പുതുവ, ആര്‍ച്ച് ബിഷപ്പ് ഹൗസിലെ വികാരി ജനറല്‍ ഫാദര്‍ സെബാസ്റ്റിയന്‍ വടക്കുമ്പാടന്‍, റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ സാജു വര്‍ഗീസ് എന്നിവരാണ് രണ്ടുമുതല്‍ നാല് വരെ പ്രതികള്‍. ഐ പി സി 420 ( നേട്ടത്തിനായി വഞ്ചന), 402 ( വിശ്വാസ വഞ്ചന), 406 ( ചതി), 120 ബി (ഗൂഢാലോചന) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
അതിരുപതയിലെ ഭൂമിയിടപാടില്‍ ക്രമക്കേടുണ്ടെന്ന് കാണിച്ച് എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തില്ലെന്ന് ആരോപിച്ച് ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് നല്‍കിയ ഹര്‍ജിയില്‍ കര്‍ദ്ദിനാളിനെതിരെ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, സാമ്പത്തിക തിരിമറി തുടങ്ങിയ കുറ്റങ്ങള്‍ പ്രഥമ ദൃഷ്ട്യാ കാണാമെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇടപാടുകളില്‍ സാരമായ അപാകതയുണ്ട്. ബാങ്ക് രേഖകളിലും പ്രശ്‌നങ്ങളുണ്ട്, രൂപതാ കമ്മീഷന്റെ നിഗമനങ്ങളും ഇടനിലക്കാരന്റെ മൊഴിയും തമ്മില്‍ വൈരുധ്യം നിലനില്‍ക്കുന്നു, രൂപതയുടെ സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ കര്‍ദ്ദിനാളിന് ബാധ്യതയുണ്ട് തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കോടതി കേസെടുക്കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ ഇതിനെതിരായ കര്‍ദ്ദിനാളിന്റെ ഹര്‍ജി പരിഗണിച്ച് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്തിരുന്നു. വിഷയം കോടതിയിലെത്തിയതോടെ വൈദികര്‍ തന്നെ ആലഞ്ചേരിയെ അനുകൂലിച്ചും പ്രതികൂലിച്ചും പരസ്യമായി രംഗത്തു വന്നതോടെയാണ് സഭാതലത്തില്‍ തന്നെ അനുരഞ്ജന നീക്കം ആരംഭിച്ചത്.