കോഴിക്കോട്: പ്രകൃതിയെ ദോഷകരമായി ബാധിക്കുന്ന അതിരപള്ളി ജല വൈദ്യുത പദ്ധതിയുമായി മുന്നോട്ടു പോവരുതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. പദ്ധതിയുമായി ബന്ധപ്പെട്ട് മുസ്്‌ലിംലീഗ് നിയമിച്ച പാരിസ്ഥിതിക പഠനസമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗൗരവതരമായി ഇക്കാര്യം ചര്‍ച്ച ചെയ്ത ശേഷമാണ് മുസ്‌ലിംലീഗ് നിലപാട് സ്വീകരിച്ചത്.
പരിസ്ഥിതിയെ ഗുരുതരമായി ബാധിക്കുന്നതോടൊപ്പം അനേകം ആദിവാസികളെ കുടിയിറക്കുന്നതാണ് പദ്ധതി. ചാലക്കുടി പുഴ നാമാവശേഷമാവുകയും സ്വാഭാവിക വനമേഖലയില്‍ പ്രത്യാഘാതം സൃഷ്ടിക്കുകയും ചെയ്യും. ഉല്‍പ്പാദന ചെലവുമായി തട്ടിച്ചുനോക്കുമ്പോള്‍ കുറഞ്ഞ നിരക്ക് സാധ്യമല്ല.
സാമൂഹ്യവും സാമ്പത്തികവും പാരിസ്ഥിതികവുമായി പ്രതികൂലമായി ബാധിക്കുന്ന അതിരപള്ളിയുമായി മുന്നോട്ടുപോവുന്നതിനോട് യോജിക്കാനാവില്ല. അതിരപള്ളി പദ്ധതി പരിഗണനയിലില്ലെന്ന വൈദ്യുതി വകുപ്പ് മന്ത്രിയുടെ നിലപാടില്‍ നിന്ന് ഇപ്പോള്‍ അദ്ദേഹം മാറാനുള്ള സാഹചര്യം ദുരൂഹമാണ്.
ഇതുസംബന്ധിച്ച വാര്‍ത്ത നിഷേധിക്കുകയും തിടുക്കപ്പെട്ട് പിന്‍വാതില്‍ വഴി നടപ്പാക്കാനുമാണ് ശ്രമമെന്ന് നിയമസഭയില്‍ വൈദ്യുത മന്ത്രി നല്‍കിയ വിശദീകരണത്തില്‍ നിന്ന് വ്യക്തമാണ്. അതിരപള്ളി ജലവൈദ്യുത പദ്ധതിക്ക് പകരം പരിസ്ഥിതിയെ ബാധിക്കാത്ത സോളാര്‍-കാറ്റാടി-കടല്‍തിരമാല പദ്ധതികളുടെ സാധ്യതകള്‍ പരിഗണിക്കണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.