ഇന്ത്യയാകെ വിവാദമായ ‘ദ കേരള സ്‌റ്റോറി’ നിരോധിക്കേണ്ടിയിരുന്നത് താനല്ല, സിപിഎമ്മായിരുന്നെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ‘ഞാന്‍ അല്ല സിപിഎം ആയിരുന്നു ഈ സിനിമ എതിര്‍ക്കേണ്ടിയിരുന്നത്. എന്നാല്‍ അവര്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് സിനിമ പ്രദര്‍ശിപ്പിക്കുകയാണ്’ മമത പറഞ്ഞു. ‘ദ കേരള സ്‌റ്റോറി’ ബംഗാളില്‍ നിരോധിച്ച സംസാരിക്കുന്നതിനിടയിലാണ് സിപിഎമ്മിനെയും പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ചത്.
എന്താണ് കേരള സ്‌റ്റോറി.. ഞാന്‍ സിപിഎമ്മിനെ പിന്തുണക്കുന്നില്ല. ജനങ്ങളെയാണ് പിന്തുണക്കുന്നതെന്നും മമത പറഞ്ഞു. ഇത് വരെ സങ്കടകരമാണെന്നാണ് കേരള മുഖ്യമന്ത്രിയോട് പറയാനുള്ളതെന്നും മമത വ്യക്തമാക്കി.
വിദ്വേഷം പ്രചരിപ്പിക്കുന്ന ‘ദ കേരള സ്‌റ്റോറി’ ക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ബംഗാള്‍ സര്‍ക്കാര്‍ കേരളസ്‌റ്റോറിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. വിദ്വേഷവും അക്രമവും ഒഴിവാക്കാനും സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്താനുമായി ദ കേരള സ്‌റ്റോറി നിരോധിക്കുകയാണെന്ന് മമത ബാനര്‍ജി പറഞ്ഞു.
ചിത്രത്തിന്റെ നിരോധനം ഉറപ്പാക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ‘ആദ്യം അവര്‍ കശ്മീര്‍ ഫയലുകളുമായി വന്നു, ഇപ്പോള്‍ അത് കേരള സ്‌റ്റോറിയാണ്. പിന്നെ അവര്‍ ബംഗാള്‍ ഫയലുകള്‍ക്കായി പ്ലാന്‍ ചെയ്യുന്നു’ അവര്‍ പറഞ്ഞു. എന്തിനാണ് ബിജെപി വര്‍ഗീയ ലഹളകളുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും മമത ചോദിച്ചു. മെയ് 5നാണ് കേരള സ്‌റ്റോറി റിലീസ് ചെയ്തത്.
നേരത്തെ തമിഴ്‌നാട്ടിലും കേരള സ്‌റ്റോറിയുടെ പ്രദര്‍ശനവും നിലച്ചിരുന്നു. സിംഗിള്‍ സ്‌ക്രീന്‍ തിയറ്ററുകള്‍ക്ക് പിന്നാലെ തമിഴ്‌നാട്ടിലെ മള്‍ട്ടിപ്ലെക്‌സ് തിയറ്ററുകള്‍ കൂടി പ്രദര്‍ശനത്തിനെതിരെ തീരുമാനം എടുത്തതോടെയാണ് ‘ദ കേരള സ്‌റ്റോറി’ യുടെ പ്രദര്‍ശനം തമിഴ്‌നാട്ടില്‍ ഒഴിവാക്കിയത്.