X

അത്തമെത്തി; പൂക്കളത്തിന് ചാരുതയേകി അയല്‍നാട്ടിലെ ചെണ്ടുമല്ലി പാടങ്ങള്‍

കല്‍പ്പറ്റ: ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പൂക്കളമൊരുക്കാന്‍ ഗുണ്ടല്‍പേട്ടില്‍ നിന്നും ചെണ്ടുമല്ലിയടക്കമുള്ള പൂക്കളെത്തിത്തുടങ്ങി. ഇന്നലെ അത്തം തുടങ്ങിയതോടെ ഇനിയുള്ള ഒമ്പത് നാളുകളിലാണ് പൂവിപണി സജീവമാകുക. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും പൂക്കളമത്സരവും ആരംഭിച്ചുകഴിഞ്ഞു. കര്‍ണാടകയില്‍ പൂകര്‍ഷകരുടെ ഇനിയുള്ള പ്രതീക്ഷയും കേരളത്തിന്റെ ഓണനാളുകളാണ്. സീസണ്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ഗുണ്ടല്‍പ്പേട്ടയിലെ ഒട്ടുമിക്ക പൂപ്പാടങ്ങളെല്ലാം വിളവെടുപ്പിന് തയ്യാറായിക്കഴിഞ്ഞു. ഓറഞ്ച്, മഞ്ഞ, നിറത്തിലുള്ള ചെണ്ടുമല്ലി പൂക്കള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. വാടാമല്ലി, ജെമന്തി, റോസ് തുടങ്ങിയ മറ്റ് പൂവുകള്‍ക്ക് ചെണ്ടുമല്ലിയെ അപേക്ഷിച്ച് വില കൂടുതലാണെങ്കിലും പൂക്കളങ്ങള്‍ക്ക് മനോഹാരിത കൂട്ടാന്‍ ഇതിനും ആവശ്യക്കാരുണ്ട്. ഗുണ്ടല്‍പേട്ടിലെ പൂകൃഷി പ്രധാനമായും പെയിന്റിന്റെ നിര്‍മ്മാണത്തിനായാണ് ഉപയോഗിച്ചുവന്നിരുന്നത്. എന്നാല്‍ ഒരു പതിറ്റാണ്ടിലേറെയായി ഓണത്തിന് പൂക്കളമൊരുക്കാനും വലിയൊരളവില്‍ പൂക്കള്‍ കേരളത്തിലേക്കെത്തുന്നുണ്ട്. വിവാഹമടക്കമുള്ള മംഗളകാര്യങ്ങള്‍ക്കും, മരണാനന്തര ചടങ്ങുകള്‍ക്കും ഇതോടൊപ്പം പൂക്കള്‍ ചിലവാകുന്നുണ്ട്. അതേസമയം, കര്‍ണാടകയിലെ പൂകര്‍ഷകര്‍ക്ക് സീസണ്‍ വേണ്ടത്ര പ്രയോജനകരമാവുന്നില്ല. കുറഞ്ഞ നിരക്കില്‍ കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന പൂക്കള്‍ കേരള ത്തിലേക്കെത്തുമ്പോള്‍ തീവിലയാണ്. ഇടനിലക്കാര്‍ ലാഭം കൊയ്യുമ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നതാകട്ടെ തുച്ഛമായ വില മാത്രവും. രണ്ടേക്കര്‍ സ്ഥലത്ത് വ്യാവസായികമായി പുഷ്പ കൃഷി ചെയ്യുന്ന കര്‍ഷകരാണ് ഏറെയുമുള്ളത്. കിലോയ്ക്ക് വെറും ഇരുപത് രൂപ മുതല്‍ മുപ്പത് രൂപ വരെയാണ് പാടത്ത് നിന്നും പൂ പറിച്ച് കൊടുത്താല്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. എന്നാല്‍, ഇടനിലക്കാര്‍ വഴി കേരളത്തിലെ വിപണിയിലെത്തുമ്പോള്‍ നൂറ് രൂപക്ക് മുകളില്‍ വില്‍പന നടക്കുന്നു. ധാരാളം ആവശ്യക്കാരുള്ള മുല്ലപ്പൂവിന്റെ കാര്യത്തിലും സമാന സ്ഥിതിയാണുള്ളത്. ബംഗളൂരുവില്‍നിന്ന് എത്തിക്കുന്ന പൂക്കള്‍ക്കും തീവിലയാണ്. ദൈനംദിനം പൂക്കള്‍ക്ക് കേരളത്തില്‍ ആവശ്യക്കാരേറുന്നത് മുതലെടുത്ത് ലാഭക്കണ്ണുകളുമായി കച്ചവടക്കാരും സജീവമായിക്കഴിഞ്ഞു. ഗുണ്ടല്‍പേട്ടില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ പൂ പാടങ്ങള്‍ ഇത്തവണ കുറവാണ്. ഒരു പതിറ്റാണ്ട് മുമ്പ് വരെ വയനാട് അടക്കമുള്ള കേരളത്തിലെ ജില്ലകളില്‍ തൊടികളില്‍ നിന്നും പറിച്ചെടുക്കുന്ന പൂക്കള്‍ കൊണ്ടായിരുന്നു അത്തമിട്ടിരുന്നതെങ്കില്‍ ഇന്ന് അത്തരം കാഴ്ചകള്‍ അപൂര്‍വമായി മാറിക്കഴിഞ്ഞു. അരിപൂവ്, ചെമ്പരത്തി പൂവ്, തുമ്പപൂവ്, കോളാമ്പിപൂവ്, തെച്ചിപ്പൂവ്, വിവിധയിധം ഇലകള്‍ തുടങ്ങിയ പൂക്കളെല്ലാം ഇന്ന് പൂക്കളങ്ങളില്‍ വിരളമായ കാഴ്ചയാണ്. കാലം മാറിയതോടെ കര്‍ണാടകയിലെ പൂപ്പാടങ്ങളിലെ പൂക്കളാണ് കേരളത്തിലെ അത്തപ്പൂക്കള്‍ക്ക് ചാരുത നല്‍കിവരുന്നത്.

chandrika: