X
    Categories: indiaNews

നമസ്‌തെ ട്രംപ് പരിപാടിക്ക് കോവിഡ് നിയന്ത്രണങ്ങളില്ലായിരുന്നു; രാജ്യസഭയില്‍ സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ചൈനയില്‍ കോവിഡ് വ്യാപനം നടന്നതിന് പിന്നാലെ ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയില്‍ നടന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശന പരിപാടിയില്‍ കോവിഡ് നിയന്ത്രണങ്ങളില്ലായിരുന്നെന്ന് സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍. കോവിഡ് പരിശോധന സംബന്ധിച്ച് ചൊവ്വാഴ്ച രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ട്രംപിന്റെ സന്ദര്‍ശന വേളയില്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിര്‍ബന്ധിത കോവിഡ് -19 പരിശോധന ആവശ്യമില്ലായിരുന്നെന്നും ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കൂട്ടരും കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയമായിട്ടില്ലെന്നും എംഎഎ രാജ്യസഭയില്‍ പറഞ്ഞു. മാര്‍ച്ച് 11 നാണ് ലോകാരോഗ്യസംഘടന കോവിഡ് -19 ഒരു പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചതെന്നതിനാല്‍ ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിര്‍ബന്ധിത കോവിഡ് -19 പരിശോധന ആവശ്യമില്ലായിരുന്നു, രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കി.

കോവിഡ് വ്യാപന കാലത്ത് ഗുജറാത്തില്‍ മോദി സര്‍ക്കാറിന്റെ നേതൃത്വ്ത്തില്‍ നടന്ന നമസ്‌തെ ട്രംപ് പരിപാടിക്കെതിരെ സമീപകാല വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പരിപാടി നടന്ന അഹ്മ്മദാബദിലും പരിസരത്തുമാണ് രാജ്യത്ത് പിന്നീട് കോവിഡ് പടര്‍ന്നു പിടിച്ചത്. രാജ്യത്ത് കോവിഡ് മരണങ്ങളില്‍ കുതിപ്പുണ്ടായ ഗുജറാത്തിലെ ദിനം പ്രതിയുള്ള കോവിഡ് പത്രസമ്മേളനം നിര്‍ത്തലാക്കിയതും പിന്നാലെ വിവാദമായിരുന്നു. കോവിഡിന് തുടക്കമായ വുഹാനില്‍ നി്ന്നും നിരവധി വിമാനങ്ങള്‍ 2020 തുടക്കത്തില്‍ തന്നെ അമേരിക്കയിലേക്ക് പറന്നതായും നിരവധി പേര്‍ക്ക് വൈറസ് ബാധ ഏറ്റതായും പിന്നീട് വ്യക്തമായിരുന്നു. ഇതിനെല്ലാം ഇടയില്‍ പൗരത്വ പ്രതിഷേധവും ഡല്‍ഹി കലാപവും നടക്കുന്നമ്പോഴാണ് ഗുജറാത്തില്‍ നമസ്‌തെ ട്രംപ് പരിപാടി നടന്നത്.

 

chandrika: