പഞ്ചപാണ്ഡവ യുദ്ധത്തിന് കാരണക്കാരിയായവളാണ് ദ്രൗപദി. ആധുനിക ഇന്ത്യ അതിന്റെ ചരിത്ര ദശാസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ പുതിയ കാലത്തെ ദ്രൗപദിയുടെ റോളെന്തായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാജ്യമിപ്പോള്‍. ഒരുപക്ഷേ ചരിത്രത്തിലെ കടുംചെയ്തികള്‍ക്ക് പരിഹാരം തീര്‍ക്കുകയാകും സവര്‍ണ രാഷ്ട്രീയമിപ്പോള്‍. ആദിവാസി വിഭാഗത്തില്‍നിന്ന് ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതിയാകാനുള്ള തയാറെടുപ്പിലാണ് ബി.ജെ.പിക്കാരിയായ ദ്രൗപദി മുര്‍മു. ഒറീസയിലെ മയൂര്‍ഭഞ്ച് ആദിവാസിമേഖലയില്‍ സാന്താള്‍വിഭാഗത്തില്‍ ജനിച്ച ദ്രൗപദിയായിരിക്കും ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയെന്നാണ് നിഗമനം.
അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കില്‍ ഈ 64 കാരി ഇന്ത്യന്‍ ഭരണാധികാര സിരാകേന്ദ്രമായ റൈസിനകുന്നിലെ പഴയ വിക്ടോറിയന്‍ മന്ദിരത്തില്‍ ജൂലൈ 26ന് കസേരയിട്ടിരിക്കും. നാളെയാണ് വോട്ടെടുപ്പ്. എം.പിമാരും എം.എല്‍.എമാരുമടങ്ങുന്ന ഇലക്ടറല്‍ കോളജിന്റെ വിധി അനുകൂലമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് കേന്ദ്ര ഭരണകക്ഷിയായ ബി.ജെ.പിയും എന്‍.ഡി.എമുന്നണിയും. ഇതാദ്യമായി ആദിവാസി വിഭാഗത്തില്‍നിന്നൊരാള്‍, അതുമൊരു വനിത, രാഷ്ട്രപതി സ്ഥാനത്തെത്തുന്നതിനെ ഭരണമുന്നണിക്ക് പുറത്തുള്ള ചില കക്ഷികളും പിന്തുണക്കാനിടവന്നതും അതേ കാരണം കൊണ്ടുതന്നെയാണ്. 21ന് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ 10,86431 വോട്ട് മൂല്യത്തില്‍ 6.67 ലക്ഷം വോട്ടുമൂല്യം മുര്‍മു നേടുമെന്നാണ് വിലയിരുത്തല്‍. പ്രതിപക്ഷത്തെ കോണ്‍ഗ്രസുള്‍പ്പെടെയുള്ള യു.പി.എ മുന്നണിയും ഇടതുസഖ്യവും പിന്തുണക്കുന്നത് സ്വതന്ത്രനും മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പിനേതാവുമായിരുന്ന യശ്വന്ത്‌സിന്‍ഹയെയാണ്. കഴിഞ്ഞദിവസം അടുത്ത കാലംവരെ ബി.ജെ.പിയെ എതിര്‍ത്തിരുന്ന ശിവസേനയും മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് അവരുടെ വിജയ സാധ്യത വര്‍ധിച്ചത്. താന്‍ നിലകൊള്ളുന്നത് മുര്‍മുവിനെതിരെയല്ലെന്നും ബി.ജെ.പി പ്രതിനിധാനം ചെയ്യുന്ന വര്‍ഗീയ-ഏകാധിപത്യ രാഷ്ട്രീയത്തിനെതിരെയാണെന്നുമാണ് സിന്‍ഹ പറയുന്നത്. അതുതന്നെയാണ് അദ്ദേഹത്തിന് ലഭിക്കുന്ന വോട്ടുകളുടെ മൂല്യവും.
പഞ്ചായത്ത് തലവനായിരുന്ന പിതാവ് നാരായണ്‍ ടുഡുവിന്റെ പരിലാളനകള്‍കൊണ്ട് ബിരുദംവരെ വിദ്യാഭ്യാസം നേടിയെങ്കിലും വൈകാതെ വിവാഹിതയായ ദ്രൗപദിയെ തേടിയെത്തിയ ഉന്നതങ്ങള്‍ അവരുടെ ഭര്‍തൃനാടായ റായ്‌രംഗ്പൂരിലെ പൊതുപ്രവര്‍ത്തന കാലത്താണ്. ഒറീസ സര്‍ക്കാരിലെ ജലസേചന-വൈദ്യുത വകുപ്പുകളില്‍ ക്ലര്‍ക്കായി ജോലി ലഭിച്ചെങ്കിലും അതുപേക്ഷിച്ച് നാട്ടിലെ സ്‌കൂളില്‍ അധ്യാപികയായി. ഇവിടെനിന്നാണ് അവര്‍ നാട്ടുകാരുടെ കണ്ണിലുണ്ണിയാകുന്നത്. 1997ലാണ് ബി.ജെ.പിയില്‍ ചേരുന്നതും റായ്‌രംഗ്പൂരിലെ നഗരസഭാകൗണ്‍സിലറായി മല്‍സരരംഗത്തേക്കിറങ്ങുന്നതും. 2000ല്‍ ഇവിടെനിന്ന് എം.എല്‍.എയായി ബി.ജെ.ഡി സര്‍ക്കാരില്‍ മന്ത്രിയായി. ഗതാഗതം, മല്‍സ്യബന്ധനം, വാണിജ്യം എന്നീ വകുപ്പുകളായിരുന്നു ലഭിച്ചത്. 2007ല്‍ മികച്ച എം.എല്‍. എക്കുള്ള നീല്‍കാന്ത് അവാര്‍ഡ് നേടി. 2009ലും വിജയം ആവര്‍ത്തിച്ചു. തൊട്ടടുത്ത വര്‍ഷം പാര്‍ട്ടിയുടെ ജില്ലാപ്രസിഡന്റായി. ഇതിനിടെയായിരുന്നു ഭര്‍ത്താവ് ശ്യാംചരണ്‍ മുര്‍മുവിന്റെയും തൊട്ടടുത്ത വര്‍ഷങ്ങളില്‍ രണ്ട് ആണ്‍മക്കളുടെയും വിയോഗം. മാനസികമായി തകര്‍ന്ന കാലത്ത് 2015ല്‍ ആദിവാസി വിഭാഗങ്ങള്‍ക്ക് കാര്യമായ സ്വാധീനമുള്ള ഝാര്‍ഖണ്ഡിലെ ഗവര്‍ണറാക്കിയതോടെ മുര്‍മു ദേശീയ ശ്രദ്ധനേടി.
അതാദ്യമായാണ് രാജ്യത്ത് ഗവര്‍ണര്‍ പദവിയിലേക്ക് ഒരു ഗോത്രവര്‍ഗ വനിത എത്തുന്നത്. സംസ്ഥാനത്തെ ആദിവാസി പരിസ്ഥിതി മേഖലകളുമായി ബന്ധപ്പെട്ട നിയമനിര്‍മാണങ്ങളിലും മറ്റും ഇടപെട്ട് ശ്രദ്ധേയയായതോടെ ജെ.എം.എം സര്‍ക്കാരിന്റെയും മുഖ്യമന്ത്രി ഹേമന്ത്‌സോറന്റെയും അനുഭാവം പിടിച്ചുപറ്റി. മറ്റിടത്തെല്ലാം സര്‍ക്കാരുകളുമായി ഗവര്‍ണര്‍മാര്‍ ഏറ്റുമുട്ടുമ്പോള്‍ സര്‍ക്കാരിനെ കയ്യിലെടുക്കുകയായിരുന്നു ഇവര്‍. 2021ല്‍ ആദ്യമായി അഞ്ചു വര്‍ഷകാലാവധി തികച്ച ഝാര്‍ഖണ്ഡ് ഗവര്‍ണറായി വിരമിച്ചു. കോണ്‍ഗ്രസ് വിട്ട കേന്ദ്രമന്ത്രി പി.എ സാങ്മയായിരുന്നു 2012ല്‍ ആദ്യമായി രാഷ്ട്രപതി സ്ഥാനാര്‍ഥിയായ ഏക പട്ടികവര്‍ഗക്കാരന്‍. ഇതൊക്കെയാണെങ്കിലും രാജ്യത്ത് പട്ടികവര്‍ഗക്കാര്‍ക്കും സ്ത്രീകള്‍ക്കുംനേരെ നടക്കുന്ന പോഷകാഹാരക്കുറവ് മൂലമുള്ള മരണങ്ങളും കുടിയൊഴിപ്പിക്കലും പീഡനവും അടക്കമുള്ള പ്രശ്‌നങ്ങളില്‍ എന്തു സംഭാവനയാണ് ഈ ബി.ജെ.പി നേതാവ് അര്‍പ്പിച്ചതെന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. സംഘ്പരിവാര്‍-മോദി ഭരണകാലത്ത് ഒരു ഗോത്രവര്‍ഗ വനിതക്ക് എന്തുചെയ്യാനാകുമെന്നതാണ് അതിനുള്ള മറുപടി. അതുതന്നെയാകും രാഷ്ട്രപതി സ്ഥാനത്തേക്കുള്ള ഈ ആദിവാസി വനിതാനേതാവിന്റെ തിരഞ്ഞെടുപ്പിന് പിന്നിലുള്ളതും.