X
    Categories: GULFMore

ഗ്ലോബല്‍ റെയില്‍ പ്രദര്‍ശനത്തില്‍ താരമായി ഇത്തിഹാദ് റെയില്‍

റസാഖ് ഒരുമനയൂര്‍
അബുദാബി: ഗ്ലോബല്‍ റെയില്‍ പ്രദര്‍ശനത്തില്‍ ഏവരുടെയും ശ്രദ്ധ നേടി ഇത്തിഹാദ് റെയില്‍ താരമായി. അബുദാബിയില്‍ നടക്കുന്ന ഗ്ലോബല്‍ റെയില്‍ പ്രദര്‍ശനത്തില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്നത് ഇത്തിഹാദ് റെയില്‍ പവലിയനിലാണ്. ഇത്തിഹാദ് റെയിലിന്റെ പ്രവര്‍ത്തനങ്ങളും വരുംനാളു കളിലെ നേട്ടങ്ങളും ഏറെ പ്രതീക്ഷയോടെയാണ് സര്‍വ്വരും കാത്തിരിക്കുന്നത്. താമസിയാതെ വരാനിരിക്കുന്ന പാസഞ്ചര്‍ ട്രെയിനിന്റെ വിവരണങ്ങളാണ് ലോകരാജ്യങ്ങളില്‍നിന്നുള്ള പ്രദര്‍ശന പങ്കാളികളും സന്ദര്‍ശകരും ഉന്നത ഉദ്യോഗസ്ഥരോട് ആരായുന്നത്.
സന്ദര്‍ശകരെ സ്വീകരിക്കുന്നതിനായി സ്വദേശികളായ നിരവധി ഉദ്യോഗസ്ഥരുണ്ട്. ഇവിടെയെത്തുന്നവരുമായി സംവദിക്കുവാനും സംശയങ്ങള്‍ക്ക് മറുപടി നല്‍കുവാനും ഇവര്‍ കാണിക്കുന്ന താല്‍പര്യം വിവിധ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് പുതിയ അനുഭവമായിമാറുകയാണ്. പ്രദര്‍ശനത്തിനുവെച്ചിട്ടുള്ള പ്രൊ മോയും ആകര്‍ഷകമാണ്. സൗകര്യപ്രദമായ ഇരിപ്പിടവും ഫസ്റ്റ് ക്ലാസ്സ് സംവിധാനവും ഇത്തിഹാദ് റെയില്‍ യാത്രയില്‍ പുതിയ അനുഭവമായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
യുഎഇയുടെ വിവിധ എമിറേറ്റുകളെ കൂട്ടിയിണക്കി നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന ഇത്തിഹാദ്  റെയിലിന്റെ വരവോടെ യുഎഇയുടെ യാത്രാരംഗത്ത് കാതലായ മാറ്റങ്ങളുണ്ടാകും. നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ഗുവൈഫാത്ത് മുതല്‍ ഫുജൈറ വരെയുള്ള പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോ ടെ വളരെ വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനാകും. പാസഞ്ചര്‍ ട്രെയിന്‍ യുഎഇയില്‍ ഫുജൈറയിലെയും ഷാര്‍ജയിലെയും സ്റ്റേഷനുകളെക്കുറിച്ചാണ് ഇതിനകം പ്രഖ്യാപനം നടത്തിയിട്ടുള്ളതെങ്കിലും പ്രധാന സ്റ്റേഷന്‍ അബുദാബി തന്നെയായിരിക്കും. പല ഭാഗങ്ങളിലും തകൃതിയായി നിര്‍മ്മാണ ജോലിക ള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിലും ഇതേകുറിച്ചു ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല.
മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഇത്തിഹാദ് പാസഞ്ചര്‍ റെയില്‍ 2030ല്‍ അതിന്റെ പരിപൂര്‍ണ്ണതയിലെത്തും. പതിനൊന്ന് നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഇത്തിഹാദ് ഒമാനുമായി കൂട്ടിയോജിപ്പിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. താമസിയാതെത്തന്നെ സൗദി അറേബ്യയുമായും ബന്ധിപ്പിക്കുന്നരീതിയിലാണ് ഇത്തിഹാദ് ഭാവി യാത്ര വിഭാവനം ചെയ്യുന്നത്. ഒമാന്‍, സൗദിഅറേബ്യ എന്നിവയുമായി ബന്ധിപ്പിക്കുന്നതോടെ ഖത്തറിലേക്കും പാത നീട്ടും. ഭാവിയില്‍ മധ്യപൗരസ്ത്യ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നതോടെ ഈ മേഖലയില്‍ റെയില്‍ യാത്രയുടെ വിശാല പാത തുറക്കപ്പെടും. എന്നാല്‍ അതിനെല്ലാം ബീജാവാപം നല്‍കിയ സംവിധാനമെന്ന നിലക്ക് ഇത്തിഹാദ് റെയില്‍ എക്കാലവും ലോകത്തിനുമുന്നില്‍ തലയുയര്‍ത്തിനില്‍ക്കും.

webdesk14: