പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്ത സ്‌കൂളിന്റെ പേര് ധീരജവാന്‍ ഷഹീദ് അബ്ദുല്‍ ഹമീദിന്റെ പേരിലേക്ക് തന്നെ മാറ്റി.
ഫെബ്രുവരി 18 ചൊവ്വാഴ്ച ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ സ്‌കൂള്‍ അധികൃതര്‍ 1965 ലെ യുദ്ധത്തില്‍ രക്തസാക്ഷിത്വം വരിച്ച ധീര യോദ്ധാവ് വീര്‍ ഹവില്‍ദാര്‍ അബ്ദുള്‍ ഹമീദിന്റെ പേര് സര്‍ക്കാര്‍ സ്‌കൂളിന്റെ പ്രവേശന കവാടത്തില്‍ പുനഃസ്ഥാപിച്ചു.
‘വ്യാപകമായ പൊതുജന പ്രതിഷേധത്തിനും രാഷ്ട്രീയ പ്രതിഷേധത്തിനും പിന്നാലെ, ചൊവ്വാഴ്ച സ്‌കൂള്‍ അധികൃതര്‍ സ്‌കൂളിന്റെ പേര് ഷഹീദ് വീര്‍ അബ്ദുള്‍ ഹമീദ് പി.എം ശ്രീ കോമ്പോസിറ്റ് സ്‌കൂള്‍, ധമുപൂര്‍, ജഖാനിയന്‍, ഗാസിപൂര്‍ ജില്ല എന്ന് പുനഃസ്ഥാപിച്ചു,’ രക്തസാക്ഷിയായ സൈനികന്റെ ചെറുമകന്‍ ജമീല്‍ അഹമ്മദ് സ്ഥിരീകരിച്ചു.
ധമുപൂര്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ െ്രെപമറി സ്‌കൂളിന്, സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ വീര്‍ അബ്ദുള്‍ ഹമീദിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ പേര് വളരെ കാലങ്ങള്‍ക്ക് മുമ്പ് തന്നെ നല്‍കിയിരുന്നു. എന്നാല്‍ ഈ ആഴ്ച ആദ്യം ഗാസിപൂര്‍ വിദ്യാഭ്യാസ ഭരണകൂടം സ്‌കൂളിന്റെ പേര് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പേരിലേക്ക് പുനര്‍നാമകരണം ചെയ്തു.
പി.എം ശ്രീ കോമ്പോസിറ്റ് വിദ്യാലയ ധമുപൂര്‍ സ്‌കൂള്‍ എന്നതായിരുന്നു സ്‌കൂളിന് നല്‍കിയ പുതിയ നാമം. സംഭവത്തില്‍ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നു. യു.പിയില്‍ യോഗി ആദിത്യനാഥ് അധികാരത്തിലേറിയതുമുതല്‍ തുടങ്ങിയ വര്‍ഗീയസ്വഭാവത്തോടെയുള്ള പേരുമാറ്റത്തിന്റെ ഏറ്റവും ഒടുവലത്തെ നടപടിയാണിത്.
1965ല്‍ പാകിസ്ഥാനോട് ഇന്ത്യ വിജയിച്ച യുദ്ധത്തിലെ രക്തസാക്ഷിയുടെ പേര് മാറ്റിയതിനെതിരേ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും പ്രതിപക്ഷവും രംഗത്തുവന്നിരുന്നു. ഇന്ത്യയ്ക്കുവേണ്ടി തന്റെ മുത്തച്ഛന്‍ നടത്തിയ പരമമായ ത്യാഗത്തിന്റെ സ്മരണയ്ക്കായാണ് സ്‌ക്കൂളിന് അദ്ദേഹത്തിന്റെ പേര് നല്‍കിയതെന്നും അബല്‍ ഹമീദിന്റെ കൊച്ചുമകന്‍ ജമീല്‍ ആലം പറഞ്ഞു.
സ്‌കൂളിന്റെ പേര് ഏകപക്ഷീയമായി മാറ്റിയത് രക്തസാക്ഷിയെ അപമാനിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ജമീല്‍ ആലം ടെലിഫോണ്‍ വഴി െ്രെപമറി വിദ്യാഭ്യാസ ഓഫിസര്‍ക്ക് (ബി.എസ്.എ) പരാതി നല്‍കുകയും ചെയ്തു.
അബ്ദുല്‍ ഹമീറിന്റെ പേര് സ്‌കൂള്‍ രേഖകളില്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് പേര് മാറ്റത്തെക്കുറിച്ചുള്ള വിവാദത്തോട് ബി.എസ്.എ ഗാസിപൂര്‍ സെക്ഷന്‍ ഓഫിസര്‍ ഹേമന്ത് റാവു പ്രതികരിച്ചത്. സ്‌കൂള്‍ നേരിട്ട് സന്ദര്‍ശിച്ച് ഇക്കാര്യം അന്വേഷിക്കുമെന്ന് റാവു ഉറപ്പുനല്‍കി.
1982ലാണ് അബ്ദുല്‍ ഹമീദിന്റെ പേര് സ്‌കൂള്‍ വളപ്പില്‍ ആദ്യമായി എഴുതിയതെന്ന് രക്തസാക്ഷിയുടെ കൊച്ചുമകന്‍ ജമീല്‍ ആലം പറഞ്ഞു. തുടര്‍ന്ന് 2012ല്‍ സമാജ്‌വാദി പാര്‍ട്ടി അധികാരത്തിലിരുന്നപ്പോള്‍ അന്നത്തെ മന്ത്രിയായിരുന്ന ശിവ്പാല്‍ യാദവിന്റെ ഉത്തരവിനെ തുടര്‍ന്നാണ് സ്‌കൂളിന് ഔപചാരികമായി രക്തസാക്ഷിയുടെ പേര് നല്‍കിയത്.
യുദ്ധത്തിനിടെ പാകിസ്ഥാന്റെ മൂന്ന് പാറ്റണ്‍ ടാങ്കുകളാണ് അബ്ദുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ തകര്‍ത്തത്. യു,എസ് നിര്‍മിത പാറ്റണ്‍ ടാങ്ക് തകര്‍ക്കാന്‍ കഴിയില്ലെന്ന അവകാശവാദം കൂടിയാണ് അബ്ദുല്‍ ഹമീദ് തകര്‍ത്തത്. അദ്ദേഹത്തിന്റെ ഭാര്യ റസൂലന്‍ ബീബിയാണ് മരണാനന്തര ബഹുമതി രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങിയത്.