ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി. ജമ്മു കശ്മീരിലെ ജനങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ മോശം നയങ്ങള്‍ കാരണം അവരുടെ ജീവന്‍ പണയപ്പെടുത്തുകയാണെന്ന് മുഫ്തി വിമര്‍ശനമുന്നയിച്ചു. ട്വിറ്ററിലൂടെയായിരുന്നു പിഡിപി നേതാവിന്റെ പ്രതികരണം.
കുല്‍ഗാമില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരെ കൊലപ്പെട്ടെന്ന വാര്‍ത്ത തന്നെ സങ്കടത്തിലാക്കിയെന്നും അവരുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുന്നു.
ഇന്ത്യ ഗവണ്‍മെന്റിന്റെ മോശം ചിന്താഗതികളും നയങ്ങളും കാരണം ഒടുക്കം, ജമ്മു കശ്മീരിലെ ജനങ്ങള്‍ക്കാണ് നഷ്ടം, അവരുടെ ജീവനുകളാണ് പണയപ്പെടുത്തേണ്ടി വരുന്നത്, മുഫ്തി ട്വീറ്റ് ചെയ്തു.
വ്യഴാഴ്ച കശ്മീരിലെ വൈ.കെ പോറ പ്രദേശത്തുണ്ടായ വെടിവെപ്പില്‍ കുല്‍ഗാമിലെ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി ഫിദ ഹുസൈന്‍ ഉള്‍പ്പെടെ മൂന്ന് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. കാറില്‍ സഞ്ചരിച്ച മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. വെടിയേറ്റ ഹിദ ഹുസൈന്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. വൈ.കെ പോറ നിവാസിയായ ഗുലാം അഹ്മദ് യാറ്റൂവിന്റെ മകനാണ് ഫിദ ഹുസൈന്‍ യാറ്റൂ. ഇയാളെ കൂടാതെ ഉമര്‍ റാഷിദ് ബീഗ്, ഉമര്‍ റംസാന്‍ ഹജാം എന്നീ ബിജെപി പ്രവര്‍ത്തകര്‍ക്കാണ് വെടിയേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭീകര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.
സംഭവത്തില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ളയും രംഗത്തെത്തി. ഭയാനകരമായ വാര്‍ത്തയാണ് ദക്ഷിണ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ നിന്നും കേള്‍ക്കുന്നത്. തീവ്രവാദികളുടെ ആക്രമണത്തില്‍ 3 ബിജെപി പ്രവര്‍ത്തകര്‍ കൊലപ്പെട്ട സംഭവത്തെ ഞാന്‍ നിശിതമായി അപലപിക്കുന്നു. അല്ലാഹു അവര്‍ക്ക് സ്വര്‍ഗത്തില്‍ സ്ഥാനം നല്‍കട്ടെ. ഈ ദുഷ്‌കരമായ നിമിഷങ്ങളില്‍ അവരുടെ കുടുംബങ്ങള്‍ക്ക് ദൈവം ശക്തി പകരട്ടെ, ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.
സംഭവത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അപലപിച്ചു. അടുത്തിടെ കശ്മീരില്‍ നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടാകുന്നത്. ജൂലായില്‍ ബിജെപി നേതാവ് ഷെയ്ഖ് വസീം ബാരിയും കുടുംബക്കാരും വെടിയേറ്റ് മരിച്ചിരുന്നു. ബിജെപിയുടെ ജില്ലാ പ്രസിഡന്റായിരുന്നു ബാരി. അതേസമയം അക്രമണത്തിന് പിന്നില്‍ ആരെന്ന കാര്യം ഇതേവരെ വ്യക്തത വന്നിട്ടില്ല.
അതേസമയം, മോദി സര്‍ക്കാര്‍ ഇല്ലാതാക്കിയ കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ തിരിച്ചുകിട്ടാനായി ബിജെപി വിരുദ്ധ മുന്നണി രൂപംകൊണ്ട സാഹചര്യമാണ് നിലവില്‍ കേന്ദ്ര ഭരണ പ്രദേശത്തുള്ളത്. ഇതിനായി സംസ്ഥാനത്തെ മറ്റു പാര്‍ട്ടികളിലെ മുന്‍ മുഖ്യമന്ത്രിമാര്‍പോലും ഒന്നായ നിലയാണ്.