റോട്ടര്‍ഡാം: ന്യൂസിലാന്റിലെ ക്രൈസ്റ്റ്ചര്‍ച്ചിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടലില്‍നിന്ന് ലോകം മുക്തമാകും മുമ്പെ നെതര്‍ലാന്റിലും സമാനമായ രീതിയില്‍ ആക്രമണം. പ്രവിശ്യാ നഗരമായ യൂട്രച്ചിലെ ഒരു ട്രാമിലാണ് യാത്രക്കാര്‍ക്കുനേരെ തോക്കുധാരി വെടിയുതിര്‍ത്തത്. സംഭവത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായും ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡച്ച് പ്രധാനമന്ത്രി മാര്‍ക് റുട്ടേ പറഞ്ഞു.
പ്രവിശ്യാ തലസ്ഥാനമായ റോട്ടര്‍ഡാമില്‍നിന്ന് 60 കിലമീറ്റര്‍ അകലെയാണ് ആക്രമണമുണ്ടായ യൂട്രച്ച്. ട്രാമിലേക്ക് ഓടിക്കയറിയ തോക്കുധാരി യാത്രക്കാര്‍ക്കുനേരെ വിവേചന രഹിതമായി വെടിയുതിര്‍ക്കുകയായിരുന്നു. പ്രാദേശിക സമയം കാലത്ത് 10.45നായിരുന്നു ആക്രമണം. നിമിഷങ്ങള്‍ക്കകം ഇയാള്‍ സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. ട്രാമിലെ സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വച്ച് അക്രമിക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കി. തുര്‍ക്കി വംശജനായ 37കാരന്‍ ഗോക്മാന്‍ ടാനിസ് ആണ് ആക്രമണം നടത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
നെതര്‍ലന്റിലെ സഹിഷ്ണുതയുള്ള, തുറന്ന മനസ്സുള്ള സമൂഹത്തിനു നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നതെന്ന് ഡച്ച് പ്രധാനമന്ത്രി മാര്‍ക് റുട്ടേ വ്യക്മതാക്കി. ഗൂഢാലോചകനേയോ ഗുഢാലോചകരേയോ, ആരായാലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരിക തന്നെ ചെയ്യുമെന്നും റുട്ടേ പറഞ്ഞു. ഭീകരാക്രമണമാണോ നടന്നതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, അതിനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. മതഭ്രാന്തും അക്രമവും അനുവദിക്കില്ല. അസഹിഷ്ണുതക്കെതിരായ പോരാട്ടം രാജ്യം തുടരുക തന്നെ ചെയ്യും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂസിലാന്റിലെ ക്രൈസ്റ്റ്ചര്‍ച്ച് നഗരത്തില്‍ മാര്‍ച്ച് 15നാണ് രണ്ട് പള്ളികളില്‍ ഭീകരാക്രമണം അരങ്ങേറിയത്. ആസ്‌ത്രേലിയന്‍ വംശജനായ ബ്രന്റണ്‍ ടോറന്റ് ആണ് ആക്രമണം നടത്തിയത്. ഇയാള്‍ പിടിയിലായിരുന്നു. കുടിയേറ്റ ജനതയോടുള്ള വിദ്വേഷമായിരുന്നു ആക്രമണത്തിന്റെ പ്രേരണ. സമാന സാധ്യത തന്നെയാണ് യൂട്രച്ച് ആക്രമണത്തിനു പിന്നിലും സംശയിക്കുന്നത്.