X

ഇന്തോനേഷ്യയിലെ പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം; 47 പേര്‍ കൊല്ലപ്പെട്ടു

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ പടക്ക നിര്‍മ്മാണ ഫാക്ടറിയിലുണ്ടായ അഗ്നിബാധയില്‍ 47 പേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. ഇന്തോനേഷ്യയിലെ തലസ്ഥാനമായ ജക്കാര്‍ത്തയിലെ ടാന്‍ഗ്രേങ്ങ് വ്യാവസായിക സമുച്ചയത്തിലാണ് അപകടം സംഭവിച്ചത്. ഇന്നലെ രാവിലെ 10നായിരുന്നു അപകടം. ഉഗ്രശബ്ദത്തില്‍ സ്‌ഫോടനം നടക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

മരിച്ചവരുടെ മൃതദേഹങ്ങള്‍ പുറത്തെത്തിച്ചതായും ശരീരം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ മരിച്ചവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് മേധാവി ഹാരി കുര്‍ണിവാന്‍ വ്യക്തമാക്കി. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നും പൊലീസ് അറിയിച്ചു. രക്ഷപെട്ടവര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. ബോംബ് സ്‌ഫോടനത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് സ്‌ഫോടനം നടന്നതെന്ന് പൊലീസ് അറിയിച്ചു. കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും തീ പടര്‍ന്ന് പിടിച്ചിട്ടുണ്ട്. ഫാക്ടറി പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒന്നര മാസം മാത്രമേ ആയിട്ടുള്ളു. ഫാക്ടറിയിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പെട്ടവരെ സമീപ വാസികളും പൊലീസും ചേര്‍ന്നാണ് പുറത്തെത്തിച്ചത്. പരിക്കേറ്റ 40തോളം പേരെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചതായി പൊലീസ് മേധാവി അറിയിച്ചു.

chandrika: