X

ഞെട്ടിപ്പിച്ച വാര്‍ത്ത, നടിയുടെ രോഗവിവരം അധികമാരും അറിഞ്ഞില്ല; കരള്‍ ദാനം ചെയ്താലും സ്വീകരിക്കാന്‍ വൈകുന്നതിനെതിരെ സുരേഷ് ഗോപി

കൊച്ചി: സഹപ്രവര്‍ത്തകരിലും ആരാധകരിലും വലിയ ആഘാതം സൃഷ്ടിച്ചാണ് മലയാളികളെ ഏറെ ചിരിപ്പിച്ച സുബി സുരേഷിന്റെ വിയോഗം. സുബിയുടെ രോഗാവസ്ഥ സംബന്ധിച്ച് പ്രേക്ഷകര്‍ക്ക് മാത്രമല്ല സിനിമ ടിവി രംഗത്ത് തന്നെ അറിഞ്ഞവര്‍ അപൂര്‍വമായിരുന്നു. അടുത്തകാലത്തായി യൂട്യൂബില്‍ അടക്കം സജീവമായിരുന്നു. കൊറോണ കാലത്തിന് ശേഷം സുബിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്. മിനിസ്‌ക്രീന്‍, ബിഗ് സ്‌ക്രീന്‍, സ്‌റ്റേജ് ഷോകള്‍ തുടങ്ങി പലതരം പ്ലാറ്റ്‌ഫോമുകളിലൂടെ കാണികളില്‍ എപ്പോഴും ചിരി നിറച്ച സുബി, ഏറ്റവുമൊടുവില്‍ യുട്യൂബിലും സ്വന്തമായി ചാനല്‍ തുടങ്ങി. അവിടെ സ്ഥിരമായി വീഡിയോകള്‍ പബ്ലിഷ് ചെയ്യുകയും ചെയ്തു.
തന്റെ സഹപ്രവര്‍ത്തകരുടെ വീട്ടുവിശേഷങ്ങളും പാചകവും പ്രോഗ്രാമിന് പോകുന്ന സ്ഥലങ്ങള്‍ പരിചയപ്പടുത്തലുമൊക്കെയായിരുന്നു സജീവമായ ഈ യുട്യൂബ് ചാനലില്‍ ഉണ്ടായിരുന്നത്. ജാര്‍ഖണ്ഡില്‍ പ്രോഗ്രാമിന് പോയപ്പോള്‍ ചിത്രീകരിച്ച മൂന്ന് വീഡിയോകളാണ് ഈ ചാനലില്‍ അവസാനമായി വന്നത്. റാഞ്ചി കൈരളി സ്‌കൂള്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച പ്രോഗ്രാമിനായാണ് സുബിയും സംഘവും എത്തിയത്. സാജന്‍ പള്ളുരുത്തി, ജയദേവ്, രാഹുല്‍ അടക്കം ഏഴുപേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടിയായിരുന്നു അവിടെ നടത്തിയത്. തിരക്കുകള്‍ കാരണമാണ് വീഡിയോകള്‍ തുടര്‍ച്ചയായി വരാത്തതെന്നും ഇനി മികച്ച വീഡിയോകള്‍ ഉണ്ടാവുമെന്നും സുബി അന്ന് പറഞ്ഞിരുന്നു.
രണ്ട് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സ് സുബിയുടെ ഒഫിഷ്യല്‍ എന്ന യുട്യൂബ് ചാനലിന് ഉണ്ടായിരുന്നു. നടി സുബി സുരേഷിന് കരള്‍ രോഗം നേരത്തെയുണ്ടായിരുന്നതായി രാജഗിരി ആശുപത്രി സൂപ്രണ്ട് സണ്ണി പി ഓരത്തേല്‍. ഇതിന് ശേഷമാണ് അണുബാധയുണ്ടായത്. ഇത് വ്യക്കയെയും ഹൃദയത്തെയും ബാധിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സുബിയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കുള്ള നടപടികള്‍ ആശുപത്രിയില്‍ പുരോഗമിക്കുകയായിരുന്നു. അവരുടെ കുടുംബത്തില്‍ നിന്നും തന്നെ കരള്‍ ദാതാവിനെയും കണ്ടെത്തിയിരുന്നു. എന്നാല്‍ സുബിക്ക് അണുബാധ ഉണ്ടായിരുന്നതിനാല്‍ ആ സമയത്ത് അവയവമാറ്റ ശസ്ത്രക്രിയ നടത്താന്‍ കഴിഞ്ഞില്ല. നടപടിക്രമത്തില്‍ കാലതാമസമുണ്ടായിട്ടില്ലെന്നും രാജഗിരി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ കരള്‍ ദാനത്തിനുള്ള നൂലാമാലകള്‍ സുബിയുടെ ചികിത്സക്ക് തടസമായെന്ന് കരുതുന്നതായി നടന്‍ സുരേഷ് ഗോപി പറഞ്ഞു. ഒട്ടും പ്രതീക്ഷിക്കാത്തതാണെങ്കിലും സുബിയെ രക്ഷിക്കണം എന്ന് ഉറച്ച് കഴിഞ്ഞ പത്ത് ദിവസമായി.
ഇതിന് പിന്നാലെയായിരുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ പേപ്പറുകളും തയ്യാറാക്കാനും മറ്റും എല്ലാവരും കൂടെ നിന്നു. അവയവ കച്ചവടം നടക്കുന്നതിനാല്‍ പലരും സംശയം ഉണ്ടാക്കി വച്ചിട്ടുണ്ട്. അതിനാല്‍ ദയയും കാരുണ്യവും തോന്നി ഒരാള്‍ കരള്‍ ദാനംചെയ്താല്‍ പോലും സ്വീകരിക്കാന്‍ തടസം ഉണ്ടാകുന്ന ഏറെ നൂലമാലകള്‍ സൃഷ്ടിച്ചതിന്റെ ഭാഗമായുള്ള ദുരിതമാണ് സുബിയുടെ ജീവന്‍ നഷ്ടപ്പെട്ടതിലൂടെ കുടുംബം അനുഭവിക്കാന്‍ പോകുന്നതെന്നും സുരേഷ്‌ഗോപി പറഞ്ഞു.

 

Chandrika Web: