അസ്ട്രാസെനകയുടെ കൊവിഡ് വാക്സിനുകൾ വിപണിയിൽ നിന്നു പിൻവലിച്ചു. വ്യവസായ കാരണങ്ങളാലാണെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ പാർശ്വഫലങ്ങളുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെയാണ് വാക്സിൻ പിൻവലിക്കുന്നത്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.
ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിലാണ് വാക്സിന്‍ പുറത്തിറക്കിയത്. ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രാസെനക വികസിപ്പിച്ച വാക്സിനാണിത്. 51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്.
യുകെയിൽ നിന്നുള്ള ജാമി സ്കോട്ട് എന്നയാൾ കൊവിഷീൽഡ് സ്വീകരിച്ചപ്പോൾ തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്ന് കാട്ടി കോടതിയെ സമീപിച്ചിരുന്നു. സ്കോട്ടിന്‍റെ പരാതിയില്‍ കഴമ്പുണ്ടെന്ന് മറുപടിയാണ് കമ്പനി കോടയില്‍ നല്‍കിയത്. കൊവിഷീൽഡ് വാക്സിൻ എടുത്തവർക്ക് രക്തം കട്ടപിടിക്കുന്ന രോഗമുണ്ടാകാനും പ്ലേറ്റ്ലെറ്റിന്‍റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നും കമ്പനി കോടതിയെ അറിയിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്ക് നല്‍കിയതും കമ്പനിയുടെ കൊവിഷീല്‍ഡ് വാക്സിൻ ആണ്.
അതേസമയം പാര്‍ശ്വഫലങ്ങളെക്കുറിച്ച് അമിത ആശങ്ക വേണ്ടെന്നും കമ്പനി പറയുന്നുണ്ട്. രക്തം കട്ട പിടിക്കുന്ന, അല്ലെങ്കില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയ്ക്കുന്ന ടിടിഎസ് എന്ന അവസ്ഥയ്ക്ക് അപൂര്‍വം പേരില്‍ വാക്സിൻ സാധ്യതയുണ്ടാക്കുമെന്നാണ് കമ്പനി പറയുന്നത്. കൊവിഡ് സമയത്ത് നിരവധി പേർ വാക്സിനില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും അന്ന് കൊവിഡ് വാക്സിനുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാരുകള്‍ ഉള്‍പ്പെടെ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ കമ്പനിയുടെ ഏറ്റുപറച്ചിലോടെ വലിയ ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്.