തിരുവനന്തപുരം: വിദേശത്ത് നിന്ന് അസ്ട്രാസെനക വാക്‌സീന്റെ ആദ്യ ഡോസ് സ്വീകരിച്ച് സംസ്ഥാനത്ത് എത്തിയവര്‍ക്ക് രണ്ടാം ഡോസായി കോവിഷീല്‍ഡ് സ്വീകരിക്കാം. ഇതിനായി വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി രജിസ്റ്റര്‍ ചെയ്യണം. ആദ്യ ഡോസിന്റെ വിവരങ്ങള്‍ കോവിന്‍ സൈറ്റില്‍ രേഖപ്പെടുത്തുകയും തുടര്‍ന്നു രണ്ടാം ഡോസിന്റെ വിവരവും രേഖപ്പെടുത്തിയതിന് ശേഷം അന്തിമ സര്‍ട്ടിഫിക്കറ്റ് നല്‍കും.
വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സീന്‍ 4 – 6 ആഴ്ചയ്ക്കുള്ളില്‍ നല്‍കാനും പ്രത്യേക സര്‍ട്ടിഫിക്കറ്റ് നല്‍കാനും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരുന്നു. രണ്ടാം ഡോസ് സ്വീകരിച്ച ശേഷം വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്നു താല്‍ക്കാലിക സര്‍ട്ടിഫിക്കറ്റ് ലഭിക്കും. വിദേശയാത്ര ചെയ്യുന്നവര്‍ https://covid19.kerala.gov.in/vaccine/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് VACCINATION CERTIFICATE (GOING ABROAD) എന്ന ടാബ് ക്ലിക്ക് ചെയ്യുക. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്നു ലഭിച്ച സര്‍ട്ടിഫിക്കറ്റും മറ്റു വ്യക്തിഗത വിവരങ്ങളും നല്‍കുക. അപേക്ഷകള്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ഡിഎംഒ) പരിശോധിച്ച് അര്‍ഹതയുള്ളവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.
അപേക്ഷ അംഗീകരിച്ചാല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ എസ്എംഎസ് ലഭിക്കും. ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ നിരസിക്കപ്പെട്ടാല്‍ കാരണം വ്യക്തമാക്കുന്ന എസ്എംഎസ് ലഭിക്കും.