X

ബയേണിനെ വീഴ്ത്തി ആസ്റ്റണ്‍വില്ല; ബെന്‍ഫിക്കയോട് നാണംകെട്ട് അത്‌ലറ്റികോ, ലില്ലിയോട് തകര്‍ന്ന് റയല്‍

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്മാര്‍ക്കെല്ലാം അടിത്തെറ്റുന്നു. ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനും അത്‌ലറ്റികോ മഡ്രിഡിനും ഞെട്ടിക്കുന്ന തോല്‍വി. ജര്‍മന്‍ ക്ലബ് ഏകപക്ഷീയമായ ഒരു ഗോളിന് ആസ്റ്റണ്‍ വില്ലയോടാണ് തോറ്റത്.

അതേസമയം ചാമ്പ്യന്‍സ് ലീഗ് രാജാക്കന്‍മാരായ റയലിന് ഞെട്ടിക്കുന്ന തോല്‍വി. ഫ്രഞ്ച് വമ്പന്‍മാരായ ലില്ലിയാണ് റയലിനെ തകര്‍ത്തത്. കമവിങ്കയുടെ കയ്യില്‍ പന്ത് തട്ടിയതിലൂടെ ലഭിച്ച പെനാല്‍ട്ടിയാണ് ലില്ലിയെ വിജയത്തിലെത്തിച്ചത്.

പോര്‍ചുഗീസ് ക്ലബ് ബെന്‍ഫിക്ക മറുപടിയില്ലാത്ത 4 ഗോളുകള്‍ക്കാണ് അത്‌ലറ്റിക്കിനെ തരിപ്പണമാക്കിയത്. ചാമ്പ്യന്‍സ് ലീഗ് ആദ്യ മത്സരത്തില്‍ ക്രൊയേഷ്യന്‍ ക്ലബ് ഡൈനാമേ സാഗ്രിബിനെ രണ്ടിനെതിരെ ഒമ്പതു ഗോളുകള്‍ക്ക് തകര്‍ത്ത ബയേണിന് തോല്‍വി കനത്ത തിരിച്ചടിയായി. സ്വന്തം തട്ടകമായ വില്ല പാര്‍ക്കില്‍ നടന്ന പോരാട്ടത്തില്‍ 79ാം മിനിറ്റില്‍ പകരക്കാരനായി കളത്തിലെത്തിയ കൊളംബിയന്‍ താരം ജോണ്‍ ഡുറാനാണ് വില്ലക്കായി വിജയഗോള്‍ നേടിയത്.

ആദ്യ മത്സരത്തില്‍ യങ് ബോയ്‌സിനെ 3-0ത്തിന് പരാജയപ്പെടുത്തിയ ഉനായി എമിരിയും സംഘവും ചാമ്പ്യന്‍സ് ലീഗിലേക്കുള്ള മടങ്ങിവരവ് ഗംഭീരമായി തുടങ്ങാനായതിന്റെ ആത്മവിശ്വാത്തിലാണ്. ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന മത്സരത്തില്‍ ഗോളവസരങ്ങളും അപൂര്‍വമായിരുന്നു. ഇന്‍ജുറി ടൈമില്‍ സൂപ്പര്‍താരം ഹാരി കെയ്‌നിന്റെ ഗോള്‍ ശ്രമം വില്ല ഗോള്‍ കീപ്പര്‍ എമി മാര്‍ട്ടിനസ് രക്ഷപ്പെടുത്തി. മറ്റൊരു മത്സരത്തില്‍ ബെന്‍ഫിക്കക്കെതിരെ രണ്ടു പെനാല്‍റ്റികള്‍ വഴങ്ങിയതാണ് സ്പാനിഷ് ക്ലബിന് തിരിച്ചടിയായത്.

കെരീം അക്തുര്‍കോഗ്ലു (13ാം മിനിറ്റില്‍), എയ്ഞ്ചല്‍ ഡി മരിയ (52, പെനാല്‍റ്റി), അലക്‌സാണ്ടര്‍ ബാഹ് (75), ഒര്‍ക്കുന്‍ കോക്കു (84, പെനാല്‍റ്റി) എന്നിവരാണ് ബെന്‍ഫിക്കക്കായി വല കുലുക്കിയത്. ഒപ്പണിങ് മത്സരത്തില്‍ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെ 2-1ന് ബെന്‍ഫിക്ക പരാജയപ്പെടുത്തിയിരുന്നു. ആദ്യ മത്സരത്തില്‍ സമാന സ്‌കോറില്‍ ജര്‍മന്‍ ക്ലബ് ആര്‍.ബി ലെപ്ഷിഗിനെ അത്‌ലറ്റികോയും തോല്‍പിച്ചിരുന്നു.

webdesk13: