തിരുവനന്തപുരം: കണ്ണൂര്‍ മുഴപ്പിലങ്ങാട് തെരുവ് നായകളുടെ ആക്രമണത്തില്‍ പതിനൊന്ന് വയസുകാരന്‍ നിഹാല്‍ നൗഷാദ് മരിച്ചത് അങ്ങേയറ്റം വേദനാജനകമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
സംസ്ഥാന സര്‍ക്കാരാണ് ഈ മരണത്തിന്റെ ഉത്തരവാദികള്‍. സംസ്ഥാനത്ത് വ്യാപകമാകുന്ന തെരുവ് നായ്ക്കളുടെ ആക്രമണം കണക്കുകള്‍ നിരത്തി പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചിരുന്നു. ഈ വിഷയം 2022 ഓഗസറ്റ് 30 ന് അടിയന്തരപ്രമേയമായി നിയമസഭയില്‍ കൊണ്ടു വന്നപ്പോള്‍, നടപടികള്‍ എടുക്കുന്നതിന് പകരം ഉത്തരവാദിത്തപ്പെട്ട മന്ത്രിമാരടക്കം പ്രതിപക്ഷത്തെ പരിഹസിക്കുകയാണ് ചെയ്തത്. തെരുവ് നായ്ക്കളുടെ നിയന്ത്രണം സംബന്ധിച്ച് സര്‍ക്കാര്‍ നിയമസഭയിലും പുറത്തും നല്‍കിയ ഉറപ്പുകളൊന്നും പാലിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. അതിന്റെ പരിണിത ഫലമാണ് നിഹാല്‍ നൗഷാദിന്റെ ജീവന്‍ നഷ്ടമാക്കിയത്. മുഴപ്പിലങ്ങാട് മാസങ്ങള്‍ക്ക് മുന്‍പും തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായിട്ടുണ്ട്. നാട്ടുകാര്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയുമുണ്ടായില്ല. സ്ത്രീകളും മുതിര്‍ന്നവരും ഉള്‍പ്പെടെ വീടിന് പുറത്തിറങ്ങാന്‍ ഭയക്കുന്നു. കുട്ടികളെ സ്‌കൂളില്‍ വിടാന്‍ പോലും കഴിയുന്നില്ല.
ജനം ഭീതിയില്‍ കഴിയുമ്പോഴും തെരുവ് നായകളെ പിടികൂടാനുള്ള പദ്ധതികള്‍ കോള്‍ഡ് സ്റ്റോറേജിലാണ്. സംസ്ഥാനത്ത് പലയിടത്തും മാലിന്യ നീക്കം നിലച്ചതും തെരുവ് നായ്ക്കള്‍ വ്യാപകമാകാന്‍ കാരണമായി. മൂന്ന് വര്‍ഷമായി നായ്ക്കളെ സ്റ്റെര്‍ലൈസ് ചെയ്യുന്നില്ല. വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ എ.ബി.സി പദ്ധതിയും നിശ്ചലമായി. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തനത് ഫണ്ടെടുത്ത് ഇതൊന്നും ചെയ്യാനാകില്ല. പിടികൂടുന്ന നായകളെ സംരക്ഷിക്കാന്‍ മൃഗസംരക്ഷണ വകുപ്പിനും കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാലിന്യ നിര്‍മ്മാര്‍ജന പദ്ധതികളും എ.ബി.സി പ്രോഗ്രാമും നടപ്പാക്കുന്നതിലും ഗുണനിലവാരമുള്ള വാക്‌സിന്‍ വിതരണം ചെയ്യുന്നതിലും ഗുരുതരമായ അലംഭാവമാണ് സര്‍ക്കാര്‍ കാട്ടുന്നത്. ഇനിയെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനങ്ങള്‍ക്ക് വഴി നടക്കാനാകാത്തഅവസ്ഥയുണ്ടാകുമെന്ന് ഭരണകൂടം ഓര്‍ക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.