X

കെ.ടി ജലീലിന്റെ ആക്ഷേപം കോടതിയലക്ഷ്യമെന്ന് വിലയിരുത്തല്‍

ജസ്റ്റിസ് സിറിയക് ജോസഫിന് എതിരായി മുന്‍ മന്ത്രി കെ.ടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ നടത്തിയ ആക്ഷേപങ്ങള്‍ കോടതിയലക്ഷ്യമെന്ന് വിലയിരുത്തല്‍. സിറിയക് ജോസഫിന് എതിരായി വ്യക്തിപരമായി നടത്തിയ പരാമര്‍ശമാണെങ്കിലും വിധി ഉദ്ധരിച്ചതോടെ കോടതിയെ അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. സിറിയക് ജോസഫ് എന്ന വ്യക്തിയല്ല ഹൈക്കോടതിയാണ് വിധിക്കുന്നത്. അതില്‍ ആക്ഷേപമുള്ളവര്‍ മേല്‍ക്കോടതിയെയാണ് സമീപിക്കേണ്ടത്.

അതിന് പുറമെ ലോകായുക്തയുടെ വിധിയെ ആക്ഷേപിച്ചതും ജനപ്രതിനിധിയെന്ന നിലയില്‍ ജലീല്‍ ചെയ്തത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ലോകായുക്തയെ ഇടിച്ചുതാഴ്ത്തി പൊതു ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കും വിധം പ്രസ്താവന ഇറക്കുന്നത് ലോകായുക്ത നിയമമനുസരിച്ച് നടപടിയെടുക്കാവുന്നതാണ്. ലോകായുക്ത നിയമം 19 വകുപ്പ് ഇക്കാര്യം പ്രത്യേകം വിവക്ഷിക്കുന്നുണ്ട്. അത്തരം വിഷയങ്ങളില്‍ ലോകായുക്തക്ക് ഹൈകോടതിയുടെ അതേസ്ഥാനം തന്നെയാണ്. മാത്രമല്ല ബോധപൂര്‍വം അവമതിപ്പുളവാക്കുംവിധം പൊതുജനമധ്യേ ഇടിച്ചു താഴ്ത്തിക്കൊണ്ടു പരസ്യ പ്രസ്താവനയിറക്കുന്നതു ഒരു വര്‍ഷം വരെ തടവുശിക്ഷ വിധിക്കാവുന്ന കുറ്റമാണെന്ന് ലോകായുക്ത നിയമം 18 വകുപ്പ് പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ജലീലിനെതിരെ ലോകായുക്തയുടെ വിധി ശരിയാണെന്നു ഹൈക്കോടതിയും വിധിയെഴുതി. ആ വിധി സുപ്രീംകോടതിയും ശരിവെച്ചതോടെ ജലീല്‍ പരമോന്നത നീതിപീഠത്തെ കൂടി അപമാനിക്കുകയായിരുന്നു.ലോകായുക്ത വിധി തെറ്റാണെന്നും നിയമ വിരുദ്ധമാണെന്നും ഹൈക്കോടതിയോ സുപ്രീംകോടതിയോ ചൂണ്ടിക്കാട്ടിയിരുന്നെങ്കില്‍ ജലീലിന്റെ നിലപാട് ശരിയാകുമെന്നുമാണ് വിലയിരുത്തല്‍. അതിനിടെ, മുന്‍ മന്ത്രി ജലീലിന്റെ ആരോപണങ്ങള്‍ എം.ജി സര്‍വകലാശാല മുന്‍ വി.സി ഡോ. ജാന്‍സി ജെയിംസ് തള്ളിയിട്ടുണ്ട്. പേ വാക്ക് പറയുമ്പോള്‍ പൊട്ടനെപോലെ അഭിനയിക്കുകയാണ് നല്ലത്. ആരോപണത്തെ പൂര്‍ണ്ണമായും അവഗണിക്കുന്നു. ജലീലിന്റെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളോട് സഹതാപമെന്നും ഡോ. ജാന്‍സി ജെയിംസ് പറഞ്ഞു. യു.ഡി.എഫ് നേതാവിനെ പ്രമാദമായ കേസില്‍ നിന്നും രക്ഷിക്കാന്‍ സിറിയക് ജോസഫ് സഹോദര ഭാര്യക്ക് എം.ജി വിസി പദവി വിലപേശി വാങ്ങിയ ഏമാന്‍, തക്ക പ്രതിഫലം കിട്ടിയാല്‍ ആര്‍ക്കെതിരെയും എന്ത് കടും കയ്യും ചെയ്യുമെന്നായിരുന്നു ജലീലിന്റെ വിമര്‍ശനം.നേരിട്ട് പേര് പറയാതെ സിറിയക് ജോസഫ് എന്ന എല്ലാ സൂചനകള്‍ നല്‍കി കൊണ്ടാണ് ജലീലിന്റെ വിമര്‍ശനം.

Test User: