X

സ്വാശ്രയ സമരം: നിരാഹാരം കിടക്കുന്ന എംഎല്‍എമാരുടെ ആരോഗ്യനില വഷളായതായി ഡോക്ടര്‍മാര്‍

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ നിരാഹാരം കിടക്കുന്ന എംഎല്‍എമാരുടെ നില അതീവ ഗുരുതരമായി തുടരുന്നു. നിരാഹാരം കിടക്കുന്ന എംഎല്‍എമാരുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് ഇന്ന് രാവിലെ ഇവരെ പരിശോധിച്ച ഡോക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്. ഇത് സ്പീക്കര്‍ക്ക് കൈമാറിയിട്ടുണ്ട്. എംഎല്‍എ മാരായ ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍ എന്നിവരാണ് നിയമയഭയില്‍ നിരാഹാരം കിടക്കുന്നത്. ഇന്ന് ആറാം ദിവസമാണ് എംഎല്‍എമാരുടെ നിരാഹാര സമരം.

സ്വാശ്രയ പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയേയും പ്രതിപക്ഷനേതാവിനേയും ഒന്നിച്ചിരുത്തി സ്പീക്കര്‍ നടത്തിയ ചര്‍ച്ച ഇന്നും പരാജയപ്പെട്ടു. എന്നാല്‍ നിരാഹാരം കിടക്കുന്ന എംഎല്‍എമാരുടെ സ്ഥിതി ഗുരുതരമായിട്ടും സമരത്തില്‍ നിന്നും പിന്‍മാറാന്‍ അവര്‍ കൂട്ടാക്കിയില്ല. ഇവര്‍ക്കു പകരം വിടി ബല്‍റാം, കെഎസ് ശബരിനാഥ്, റോജി ജോണ്‍ എന്നിവരെ രംഗത്തിറക്കാന്‍ യുഡിഎഫ് നേതൃത്വം പരിഗണിച്ചുവെങ്കിലും സമരം തുടരാന്‍ തയ്യാറാണെന്ന് ഷാഫി പറമ്പിലും, ഹൈബിയും അറിയിച്ചു.

അതേസമയം,പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ച് സഭക്കു പുറത്തിരുന്ന് പ്രതിഷേധിക്കുകയാണിപ്പോള്‍. സ്പീക്കര്‍ രണ്ടാം വട്ട ചര്‍ച്ചക്കായി പ്രതിപക്ഷനേതാവിനെ വിളിപ്പിച്ചിട്ടുണ്ട്.

Web Desk: