തിരുവനന്തപുരം: സര്‍ക്കാരിന്റെ മുഖം വികൃതമാക്കിയ വിവാദവേലിയേറ്റത്തില്‍ നിയമസഭാ സമ്മേളനം ഇന്ന് പുനരാരാംഭിക്കുന്നു. ഇന്ധന സെസ് അടിച്ചേല്‍പിച്ചതിനു പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തട്ടിപ്പും ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ എം. ശിവശങ്കര്‍ ജയിലില്‍ കഴിയുന്നതുമടക്കം സര്‍ക്കാര്‍ പൂര്‍ണമായി പ്രതിരോധത്തിലായിരിക്കേയാണ് ബജറ്റ് സമ്മേളനത്തിന് തുടര്‍ച്ചയായി ഇന്ന് സഭ ചേരുന്നത്.
ബജറ്റ് അവതരണവും അതിന്മേലുള്ള മൂന്ന് ദിവസത്തെ ചര്‍ച്ചയും നടന്ന ശേഷം കഴിഞ്ഞ ഒമ്പതിന് സഭ താല്‍ക്കാലികമായി പിരിഞ്ഞപ്പോള്‍ സഭാകവാടത്തില്‍ നാല് പ്രതിപക്ഷ എം.എല്‍.എമാര്‍ സത്യഗ്രഹവും താല്‍ക്കാലികമായി അവസാനിപ്പിച്ചെങ്കിലും വര്‍ധിത വീര്യത്തോടെയാകും പ്രതിപക്ഷം ഇന്ന് സഭയിലെത്തുക. ഇന്ന് ഉപധനാഭ്യര്‍ത്ഥനക്കുള്ള ധനകാര്യ ബില്ല് ഉള്‍പെടെ നാല് ബില്ലുകളാണ് സഭയില്‍ അവതരിപ്പിക്കുന്നത്. നാളെ മുതല്‍ പന്ത്രണ്ട് ദിവസം ബജറ്റിലേക്കുള്ള ധനാഭ്യര്‍ത്ഥനകളുടെ ചര്‍ച്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. ആറ്റുകാല്‍ പൊങ്കാല ദിവസമായ ഏഴിനും തുടര്‍ന്ന് ഒമ്പതിനും പത്തിനും സഭ ചേരില്ല. കാര്യവിവര പട്ടിക അനുസരിച്ച് മാര്‍ച്ച് 30 വരെയാണ് സമ്മേളനം.
ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ക്കെതിരെ സഭക്ക് അകത്തും പുറത്തും പ്രതിപക്ഷം സമരത്തിലാണ്. ലൈഫ് പദ്ധതിയില്‍ ഇ.ഡിയുടെ രണ്ടാംവരവ് മുതല്‍ കരിങ്കൊടി പ്രതിഷേധം വരെ സഭാതലത്തെ പ്രതിപക്ഷം പ്രക്ഷുബ്ധമാക്കും. മുഖ്യമന്ത്രിയെയും ഓഫീസിനെയും ലക്ഷ്യമിട്ടുള്ള കടന്നാക്രമണമാണ് പ്രതിപക്ഷം നടത്തുന്നത്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ഇ.ഡി ചോദ്യംചെയ്യാന്‍ വിളിപ്പിച്ചതും സ്വപ്‌നയുമായി രവീന്ദ്രന് അടുത്തബന്ധമുണ്ടായിരുന്നതായി സൂചന നല്‍കുന്ന വാട്‌സ്അപ്പ് ചാറ്റുകള്‍ പുറത്തുവന്നതും ഭരണപക്ഷത്തിന് തലതാഴ്ത്തിയിരിക്കേണ്ട സ്ഥിതിയിലാണ്. തെരുവില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍വെച്ചതും പൊലീസ് മര്‍ദ്ദിച്ചതും കറുപ്പിനോടുള്ള മുഖ്യമന്ത്രിയുടെ വെറുപ്പും സുരക്ഷയുടെ പേരില്‍ പൊതുജനത്തിന്റെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതും പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തട്ടിപ്പും ക്രമക്കേടും സഭയില്‍ പ്രതിപക്ഷം ചര്‍ച്ചയാക്കും. കാലിക്കറ്റ് സര്‍വകാലാശാലയിലെ സിന്‍ഡിക്കേറ്റുമായി ബന്ധപ്പെട്ട ബില്ല് ഇന്ന് സഭയില്‍ അവതരിപ്പിക്കാനായി ലിസ്റ്റ് ചെയ്തിട്ടുണ്ട്.