തിരുവനന്തപുരം: സര്‍ക്കാരിന്റെ തലക്കുചുറ്റും വിവാദങ്ങള്‍ വട്ടമിടുന്നതിനിടെ പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനത്തിന് നാളെ തുടക്കം. അഴിമതി, സ്വര്‍ണക്കടത്ത് വിവാദത്തിലെ പുതിയ വെളിപ്പെടുത്തലുകള്‍, കെ.എസ്.ഇ.ബിയിലെ തീവെട്ടിക്കൊള്ള, സില്‍വര്‍ ലൈന്‍ പദ്ധതി, ലോകായുക്ത നിയമ ഭേദഗതി ഉള്‍പെടെ പ്രതിപക്ഷത്തിന് ആഞ്ഞടിക്കാന്‍ വിഷയങ്ങളേറെയാണ്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും തന്നിഷ്ട പ്രകാരം എടുത്ത തീരുമാനങ്ങളില്‍ നോക്കുകുത്തിയായ സി.പി.ഐക്കും യു.ഡി.എഫിന്റെ വിമര്‍ശന ശരങ്ങളേല്‍ക്കും.
സ്വര്‍ണക്കടത്തില്‍ പ്രതി സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ തന്നെയാകും സഭാതലത്തെ ചൂടുപിടിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന തുടക്കം മുതലുള്ള ആക്ഷേപത്തിന് സ്ഥിരീകരണം നല്‍കിയാണ് എം. ശിവശങ്കറിന്റെ ഇടപെടലുകള്‍ സ്വപ്‌ന തുറന്നുപറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രിക്ക് ശിവശങ്കര്‍ ഇപ്പോഴും ഇഷ്ടക്കാരനാണെന്നത് പ്രതിപക്ഷ വാദങ്ങളുടെ മൂര്‍ച്ച കൂട്ടും. ആത്മകഥയെഴുതി സ്വയം രക്ഷപ്പെടാനും മുഖ്യമന്ത്രിക്കും ഓഫീസിനും പങ്കില്ലെന്ന് സ്ഥാപിക്കാനും ശ്രമിച്ച ശിവശങ്കറിന് പിന്നില്‍ പിണറായി തന്നെയെന്നാണ് പ്രതിപക്ഷം പറയുന്നത്. പിണറായി ഇപ്പോഴും ശിവശങ്കറിനെ സംരക്ഷിക്കുന്നതിന്റെ രഹസ്യത്തെ കുറിച്ചും സഭയില്‍ ചോദ്യമുയരും.
സില്‍വല്‍ ലൈന്‍ പദ്ധതിയാണ് പ്രതിപക്ഷം ശക്തമായി ഉന്നയിക്കുന്ന മറ്റൊരു വിഷയം. ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന കെ റെയില്‍ പദ്ധതിക്ക് അനുകൂലമായി ഒരു സാങ്കേതിക വിദഗ്ധന്റെ പ്രസ്താവന പോലും ഇതുവരെ ഉണ്ടായിട്ടില്ല. കോടതികള്‍ പദ്ധതിക്കെതിരെ ഉത്തരവിട്ടു.