നിയുക്ത കോണ്‍ഗ്രസ് എം.എല്‍.എമാരുടെ പ്രഥമ യോഗം ഇന്ന് ബെംഗളുരുവില്‍ ചേരും. മുതിര്‍ന്ന നേതാവ് സിദ്ധാ രാമയ്യ മുഖ്യമന്ത്രിയാകുമെന്നാണ് സൂചന. ഡി.കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായേക്കും.
അതേസമയം രാജ്യം ഉറ്റുനോക്കിയ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തറപറ്റിച്ച് കോണ്‍ഗ്രസിന് കണ്ണഞ്ചിപ്പിക്കുന്ന ജയം. 224 അംഗ സഭയില്‍ 137 സീറ്റ് നേടി മികച്ച ഭൂരിപക്ഷവുമായി അധികാരമുറപ്പിച്ച കോണ്‍ഗ്രസ്, ദക്ഷിണേന്ത്യയിലെ ഏക ബി.ജെ.പി സര്‍ക്കാറിനെ പടിക്കു പുറത്താക്കി. 2018ല്‍ 104 സീറ്റുണ്ടായിരുന്ന ബി.ജെ.പി ഇത്തവണ 65 സീറ്റില്‍ ഒതുങ്ങി. കിങ് മേക്കറാവുമെന്ന് വീമ്പു പറഞ്ഞ കുമാരസ്വാമിയുടെ ജെ.ഡി.എസ് 19 സീറ്റില്‍ മാ്രതമാണ് ജയിച്ചത്. ബി.ജെ.പി വിട്ടെത്തിയ ജഗദീഷ് ഷെട്ടാര്‍ ഒഴികെ കോണ്‍സ് ക്യാമ്പിലെ പ്രമുഖരെല്ലാം വിജയിച്ചപ്പോള്‍ നിലവിലെ ബാസവരാജ് ബൊമ്മെ സര്‍ക്കാറിലെ 12 മന്ത്രിമാരാണ് കൂട്ടത്തോല്‍വി വാങ്ങിയത്.
വെറുപ്പിന്റെ വിത്ത് വിതക്കാന്‍ ബി.ജെ.പി പുറത്തെടുത്ത മുസ്്‌ലിം സംവരണ നിഷേധവും ഹിജാബ് വിലക്കും ബജ്‌റംഗ് ബലി പ്രചാരണവും അടക്കം എല്ലാം ജനം തള്ളിക്കളഞ്ഞു. ബി.ജെ.പിയുടെ മോദിക്കൊരു വോട്ട് കാമ്പയിനും ഫലം കണ്ടില്ല. ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് തൊടുത്ത 40 ശതമാനം കമ്മീഷന്‍ സര്‍ക്കാറെന്ന ആരോപണം ജനം ഏറ്റെടുത്തു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ഗേറ്റ് വേ ആയി കണക്കാക്കിയ ജനവിധിയിലെ ജയം കോണ്‍ഗ്രസിനൊപ്പം മതേതര ചേരിക്ക് ഒന്നാകെ ആത്മവിശ്വാസം പകരുന്നതാണ്.