X

രാഹുല്‍ തന്നെ ശരി; ഹരിയാനയില്‍ നോട്ടക്കും പിന്നിലായി ആം ആദ്മി

ഹരിയാന-മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ വോട്ടു ശതമാനത്തില്‍ നോട്ടയ്ക്കും പിന്നിലായി ആം ആദ്മി പാര്‍ട്ടി. രണ്ട് സംസ്ഥാനങ്ങളിലുമായി 70 സീറ്റുകളില്‍ മത്സരിച്ച ഡല്‍ഹി മുഖ്യമന്ത്രികൂടിയായ അരവിന്ദ് കെജ്രിവാളിന്റെ പാര്‍ട്ടിക്ക് നോട്ടയ്ക്ക് അനുകൂലമായ വോട്ടുകളേക്കാള്‍ കുറവ് വോട്ടുകളാണ് ലഭിച്ചത്. ഹരിയാനയിലെ 90 സീറ്റുകളില്‍ 46 ലും മഹാരാഷ്ട്രയില്‍ 24 സീറ്റുകളിലും എഎപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെങ്കിലും മുഴുവന്‍ സീറ്റികലും പാര്‍ട്ടി പരാജയം ഏറ്റുവാങ്ങി.

എഎപിയുടെ ഭൂരിഭാഗം സ്ഥാനാര്‍ത്ഥികളും ആയിരത്തില്‍ താഴെ വോട്ടുകള്‍ മാത്രമാണ് നേടിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫലം വ്യക്തമാക്കുന്നു. 0.48 ശതമാനം മാത്രമാണ് ഹരിയാനയില്‍ ആം ആദ്മി പാര്‍ട്ടിയുടെ വോട്ട് വിഹിതം. അവിടെ നോട്ടയുടെ വേട്ട് വിഹിതം 0.53 ശതമാനമാണ്. മഹാരാഷ്ട്രയില്‍ പാര്‍ട്ടിക്ക് 0.11 ശതമാനം വോട്ടും നോട്ടയുടെ വോട്ട് 1.37 ശതമാനവുമാണ്.

ഇതോടെ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുള്ള സഖ്യചര്‍ച്ചകള്‍ക്കിടെ ഡല്‍ഹിക്ക് പുറമെ ഹരിയാനയിലും സീറ്റ് ആവശ്യപ്പെട്ട ആം ആദ്മി പാര്‍ട്ടിയുടെ നിലപാട് ന്യായമല്ലാത്തതായിരുന്നെന്ന് വ്യക്തമാവുകയാണ്. ഹരിയാനയില്‍ ആം ആദ്മിക്ക് സീറ്റ് കൊടുക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ രാഹുല്‍ ഉറച്ചുനിന്നതോടെയാണ് ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് 4 സീറ്റ് വരെ നല്‍കാന്‍ ധാരണയായ സഖ്യചര്‍ച്ചകള്‍ ഉടക്കി പിരിഞ്ഞത്.

ഡല്‍ഹിയിലെ സഖ്യവുമായി ബന്ധപ്പെട്ട് നിരവധി തവണ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ചര്‍ച്ചകള്‍ നടത്തിയെങ്കിലും ധാരണയില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. ചര്‍ച്ച പരാജയപ്പെട്ടതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്തുകയുമുണ്ടായി. എന്നാല്‍ ആം ആദ്മിപാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ രംഗത്തുവന്ന രാഹുല്‍ ഗാന്ധി, സഖ്യത്തില്‍ കെജ്‌രിവാള്‍ മലക്കം മറിഞ്ഞെന്നാണ് കുറ്റപ്പെടുത്തിയത്. ഡല്‍ഹിയില്‍ ആം ആദ്മിയും കോണ്‍ഗ്രസും ഒന്നിച്ചു നിന്നാല്‍ ഏഴ് സീറ്റിലും ബിജെപിയെ തോല്‍പ്പിക്കാനാകുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. സഖ്യത്തിനുള്ള അവസാനശ്രമമെന്ന നിലയില്‍ രാഹുല്‍ നടത്തിയ നീക്കവും ഹരിയാനയില്‍ തട്ടി നിന്നതോടെയാണ് ഡല്‍ഹിയില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ മഹാരാഷ്ട്രയിലും ഹരിയാനയിലും ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് മികച്ച പ്രകടനമാണ് നടത്തിയത്. തീവ്രദേശീയ വാദവും വര്‍ഗീയതയും ഉപയോഗപ്പെടുത്തി സീറ്റുകള്‍ തൂത്തുവാരുമെന്ന പ്രവചനങ്ങളെ കാറ്റില്‍ പറത്തുന്നതാണ് തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ പുറത്തുവരുന്നത്.
ഹരിയാനയില്‍ രാഹുല്‍ നടത്തിയ രണ്ടു റാലികളാണ് കോണ്‍ഗ്രസിനെ പോരാട്ടരംഗത്ത് തിരിച്ചു കൊണ്ടുവന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

chandrika: