എ.കെ.എം അഷ്‌റഫ് മഞ്ചേശ്വരം
നിയമസഭയിലേക്ക് കന്നി അങ്കം. എം.എസ്.എഫ് മഞ്ചേശ്വരം പഞ്ചായത്ത്, മണ്ഡലം പ്രസിഡന്റ്, സെക്രട്ടറി,ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രവര്‍ത്തക സമിതിഅംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറിയാണ്. കാസര്‍കോട് ജില്ലാ കബഡി അസോസിയേഷന്‍ പ്രസിഡന്റായും, അണ്ടര്‍ ആം ക്രിക്കറ്റ് അസോസിയേഷന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011 മുതല്‍ 15വരെ കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗവും 2016 മുതല്‍ 21 വരെ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.
എന്‍.എ നെല്ലിക്കുന്ന് (കാസര്‍കോട്)
കാസര്‍കോട് നിന്നും മൂന്നാം അങ്കം. എം.എസ്.എഫിലൂടെ സംഘടനാ പ്രവര്‍ത്തന രംഗത്ത് തുടക്കം. അവിഭക്ത കാസര്‍കോട് താലൂക്ക് മുസ്‌ലിംലീഗ് ജോ. സെക്രട്ടറി, മുസ്‌ലിംലീഗ് കാസര്‍കോട് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി, സംസ്ഥാന കൗണ്‍സിലര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 2011 ലാണ് നിയമസഭയിലേക്കുള്ള കന്നിയങ്കം. ത്രികോണ മത്സരത്തില്‍ 9738 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയം. 2016ല്‍ ബി.ജെ.പിയിലെ രവീശ തന്ത്രി കുണ്ടാറിനെ 8,667 വോട്ടിന് പരാജയപ്പെടുത്തി.
പൊട്ടങ്കണ്ടി അബ്ദുല്ല
(കൂത്തുപറമ്പ്)
നിയമസഭയിലേക്ക് കന്നി അങ്കം. മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം. മുസ്‌ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ്. യൂത്ത് ലീഗിലൂടെ പൊതു രംഗത്തെത്തി. മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍. മലബാര്‍ സിഎച്ച് സെന്റര്‍ പ്രസിഡന്റ്, പൂക്കോയ തങ്ങള്‍ ഹോസ്പേസ് പ്രസിഡന്റ്, കടവത്തൂര്‍ നുസ്റത്തുല്‍ ഇസ്‌ലാം അറബിക് കോളജ്, കടവത്തൂര്‍ വെസ്റ്റ് യുപി സ്‌കൂള്‍, മസ്ജിദുല്‍ അന്‍സാര്‍ കമ്മിറ്റി പ്രസിഡന്റ്, കടവത്തൂര്‍ ടൗണ്‍ ജുമാഅത്ത് പള്ളി പ്രസിഡന്റ്, ദുബൈ അല്‍ മദീന ഗ്രൂപ്പ് ചെയര്‍മാന്‍, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രി ബില്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, ആസ്പത്രി കമ്മിറ്റി വൈസ് പ്രസിഡന്റ്, ദുബൈ കെഎംസിസി ഉപദേശക സമിതി അംഗം, ചന്ദ്രിക ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ്, മുസ്‌ലിം ലീഗ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ്, കല്ലിക്കണ്ടി എന്‍എഎം കോളജ് ട്രഷറര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കെ.എം ഷാജി
(അഴീക്കോട്)
അഴീക്കോട് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നത് മൂന്നാം തവണ. 2011ലും 2016ലും എം.എല്‍.എയായി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി. എം.എസ്.എഫിലൂടെ രാഷ്ട്രീയത്തിലെത്തി. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്, ട്രഷറര്‍, സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. കണിയാമ്പറ്റ പഞ്ചായത്ത് അംഗം, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് ഇന്‍ ചാര്‍ജ് സ്ഥാനങ്ങളും വഹിച്ചു. കുസാറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വിവിധ നിയമസഭാ സമിതികളില്‍ അംഗമായിരുന്നു.
അഡ്വ.
നൂര്‍ബിന റഷീദ്
(കോഴിക്കോട് സൗത്ത്)
രണ്ടു തവണ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറായിരുന്ന അഡ്വ.നൂര്‍ബിന റഷീദ് വനിതാ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. നിലവില്‍ വനിതാലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയാണ്. രണ്ടു തവണ സംസ്ഥാന വനിതാ കമ്മീഷന്‍ അംഗമായി മികച്ച പ്രവര്‍ത്തനം നടത്തി.
പാറക്കല്‍ അബ്ദുല്ല (കുറ്റ്യാടി)
കുറ്റ്യാടി മണ്ഡലത്തിലെ സിറ്റിംഗ് എം.എല്‍. എയായ പാറക്കാല്‍ അബ്ദുളള, മുസ്്‌ലിംലീഗ് കോഴിക്കോട് ജില്ലാ ട്രഷററാണ്. എം.എസ്.എഫിലൂടെ രാഷ്ട്രീയത്തില്‍ സജീവമായി. ഖത്തര്‍ കെ.എം.സി.സി പ്രസിഡന്റായിരുന്നു. 700 കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടപ്പാക്കി. ജീവകാരുണ്യ രംഗത്ത് വേറിട്ട് മാതൃകയായ ആര്‍ദ്രം പദ്ധതി നടപ്പാക്കി ശ്രദ്ധേയന്‍.
ഡോ.എം.കെ മുനീര്‍ (കൊടുവള്ളി)
നിയമസഭാ പാര്‍ട്ടി ലീഡറും മുന്‍ മന്ത്രിയുമായ ഡോ.എം.കെ മുനീര്‍ കോഴി്‌ക്കോട് സൗത്തില്‍ നിന്നുള്ള എം.എല്‍.എയാണ്. മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ പുത്രന്‍. എം.എസ്.എഫിലൂടെ പൊതു രംഗത്തെത്തി മുസ്്‌ലിം യൂത്ത്്‌ലീഗ് സംസ്ഥാന പ്രസിഡന്റായി കേരള രാഷ്ട്രീയത്തിലേക്ക് ഉദിച്ചുയര്‍ന്നു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍, 1991ല്‍ കോഴിക്കോട് രണ്ടില്‍ നിന്ന് എം.എല്‍.എയായി തുടക്കം. 1996ലും 2001ലും മലപ്പുറത്തു നിന്നും എം.എല്‍.എ, 2011ലും 2016ലും കോഴിക്കോട് സൗത്തില്‍ നിന്ന് എം.എല്‍.എ.
ദിനേശ് പെരുമണ്ണ (കുന്ദമംഗലം)
മുന്‍ ജില്ലാ പഞ്ചായത്ത് പന്തീരാങ്കാവ് ഡിവിഷനില്‍ നിന്നുള്ള അംഗമായ ദിനേശ് പെരുമണ്ണ, കുരുവട്ടൂര്‍ ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്നു. ഡി.സി.സി ജനറല്‍ സെക്രട്ടറിയാണ്. കലക്ഷന്‍ ഏജന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ചെയര്‍മാനായ ദിനേശ് പെരുമണ്ണ ഒട്ടേറെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.
സി.പി ചെറിയ മുഹമ്മദ്
(തിരുവമ്പാടി)
തിരുവമ്പാടി മണ്ഡലം സ്ഥാനാര്‍ത്ഥി സി.പി ചെറിയ മുഹമ്മദ് മുസ്്‌ലിംലീഗ് സംസ്ഥാന സെക്രട്ടറിയാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ സജീവമായി എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റുവരെയായി. അധ്യാപകനായതോടെ കെ.എസ്.ടി.യു സംസ്ഥാന ഭാരവാഹിത്വത്തില്‍ മൂന്ന് പതിറ്റാണ്ടോളം പ്രവര്‍ത്തിച്ചു. രണ്ടു പതിറ്റാണ്ടോളം സംസ്ഥാന ജനറല്‍ സെക്രട്ടറിയും പ്രസിഡന്റുമാണ്.
അഡ്വ.എന്‍. ഷംസുദ്ദീന്‍ (മണ്ണാര്‍ക്കാട്)
മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ നിന്നും മൂന്നാം ഊഴം. 1991ല്‍ വിദ്യാര്‍ത്ഥി പ്രതിനിധിയായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പര്‍, എം.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത്‌ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറിയാണ്. 2005 ല്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍. 2011ലും 2016 ലും മണ്ണാര്‍ക്കാട് നിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നിയമസഭാ സാമാജികനുള്ള കെ.കെ നായര്‍ ശ്രേഷ്ഠ സാമാജിക പുരസ്‌കാരം നേടി. കോളജ് വിദ്യാഭ്യാസ കാലത്ത് നാല് തവണ യു.യു.സിയുമായിരുന്നു.
അഡ്വ. വി.ഇ അബ്ദുല്‍ ഗഫൂര്‍ (കളമശ്ശേരി)
നിയമസഭയിലേക്ക് കന്നിയങ്കം. നിലവില്‍ മുസ്‌ലിംലീഗ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയും സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവുമാണ്. 2000 മുതല്‍ കേരള ഹൈക്കോടതിയില്‍ അഭിഭാഷകന്‍. 2004 മുതല്‍ 2013 വരെ 8 വര്‍ഷം ഹൈക്കോടതിയില്‍ കേന്ദ്ര ഗവണ്‍മെന്റ് കോണ്‍സലായിരുന്നു. നിയമ വിദ്യാര്‍ത്ഥിയായിരിക്കേ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ തുടക്കം. മുസ്ലിം യൂത്ത്‌ലീഗിന്റെ എറണാകുളം ജില്ലാ പ്രസിഡന്റായും ആലുവ ടൗണ്‍ മുസ്‌ലിംലീഗ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ടി.സി.സി തൊഴിലാളി യൂണിയന്‍ പ്രസിഡന്റ്, കെ.എം.എം.എല്‍.എസ്.ടി.യു പ്രസിഡന്റ്, ട്രാക്കോ കേബിള്‍സ്, കെല്‍, എഫ്.ഐ.ടി എന്നിവിടങ്ങളിലെ തൊഴിലാളി യൂണിയന്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചുവരുന്നു. സൈക്കിള്‍ പോളോ അസോസിയേഷന്‍ ഓഫ് കേരളയുടെ പ്രസിഡന്റാണ്്.
കെ.എന്‍.എ ഖാദര്‍
(ഗുരുവായൂര്‍)
നിലവില്‍ വേങ്ങര എം.എല്‍.എ. ഗുരുവായൂരില്‍ നിന്നും ആദ്യ മത്സരം. 2001ല്‍ കൊണ്ടോട്ടിയില്‍ നിന്നാണ് കന്നിയങ്കം. 2011ല്‍ വള്ളിക്കുന്നില്‍ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2017ല്‍ വേങ്ങര നിയോജക മണ്ഡലങ്ങളില്‍ നിന്നും ഉപതെരഞ്ഞെടുപ്പിലൂടെ വീണ്ടും നിയമസഭയില്‍. 13 വര്‍ഷം എം.എല്‍.എ എന്ന നിലയില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍. 2001 ല്‍ ആദ്യമായി എം.എല്‍.എ ഫണ്ട് എന്ന ആശയം മുന്നോട്ട് വെച്ചു. പ്രവാസി വോട്ടവകാശത്തിന് വേണ്ടി നിയമസഭയില്‍ അനൗപചാരിക ബില്‍ അവതരിപ്പിച്ചു. പൊതു വിഷയങ്ങള്‍ നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നു. നിരവധി അടിയന്തര പ്രമേയങ്ങള്‍ കൊണ്ടു വന്നു. ക്ഷേത്ര ജീവനക്കാര്‍ക്ക് വേണ്ടി മലബാര്‍ ദേവസ്വം ബില്ലിന് വേണ്ടി നിയമസഭയില്‍ പോരാടി.ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തി. മുസ്്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി, മലപ്പുറം ജില്ലാ സെക്രട്ടറി, സ്വതന്ത്ര തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പദവികള്‍ വഹിച്ചു.
യു.സി രാമന്‍
(കോങ്ങാട്)
2001 ല്‍ കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ നിന്നും എം.എല്‍.എയായി. ദലിത്‌ലീഗ് സംസ്ഥാന പ്രസിഡന്റാണ്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മെമ്പര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കൈത്തറി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മുസ്്‌ലിംലീഗ് ദേശീയ പ്രവര്‍ത്തകസമിതി അംഗവും, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമാണ്. യു.ഡി.എഫ് എസ്.സി ,എസ്.ടി സമിതി ജനറല്‍ കണ്‍വീനറാണ്. ജി.എച്ച്.എസ്.എസ് കൊടുവള്ളിയിലും സെന്റ് ജോസഫ് കോളജ് ദേവഗിരിയിലുമായിരുന്നു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
അഡ്വ.യു.എ ലത്തീഫ്
(മഞ്ചേരി)
നിയമസഭയിലേക്ക് കന്നി മത്സരം. മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി, ദേശീയ സമിതി, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം. 1985ല്‍ ഒരു വര്‍ഷവും 1988 മുതല്‍ അഞ്ചു വര്‍ഷവും മഞ്ചേരി നഗരസഭാധ്യക്ഷനായിരുന്നു. മലപ്പുറം ജില്ലാ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്. 1973 മുതല്‍ മഞ്ചേരി ബാറില്‍ പശസ്ത ക്രിമിനല്‍ അഭിഭാഷകനാണ്. മുസ്‌ലിംലീഗിന്റെ അഭിഭാഷക സംഘടനയായ കേരള ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ്, മഞ്ചേരി യൂണിറ്റി വനിതാ കോളജ് മാനേജിങ്് കമ്മിറ്റി ജനറല്‍ സെക്രട്ടറി, മഞ്ചേരി സി.എച്ച്് സെന്റര്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. കേരള ഡ്രഗ്‌സ് ആന്റ് ഫര്‍മസ്യുട്ടിക്കല്‍സ് ചെയര്‍മാനായും സേവനമനുഷ്ഠിച്ചു.
മഞ്ഞളാംകുഴി അലി (മങ്കട)
1996 ല്‍ മങ്കടയില്‍ നിന്ന് കന്നിയങ്കം. 2001, 2006 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മങ്കടയില്‍ നിന്ന് ഇടതു സ്വതന്ത്രനായി നിയമസഭയിലെത്തി. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് 2010 ല്‍ രാജിവെച്ചു. 2011, 2016 വര്‍ഷങ്ങളില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി പെരിന്തല്‍മണ്ണയില്‍ നിന്ന് നിയമസഭയിലെത്തി. 2012 – 2016 കാലയളവില്‍ നഗരകാര്യ ന്യൂനപക്ഷ ക്ഷേമ മന്ത്രിയായി. രാജ്യത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റിയ റിയല്‍ എസ്റ്റേറ്റ് നിയമം, ഗ്രാമ നഗരാസൂത്രണ നിയമം എന്നിവ നടപ്പാക്കി. മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗമാണ്. കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക അക്കാദമി ചെയര്‍മാന്‍, കെ.എസ്.എഫ്.ഡി.സി , നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പ്രവാസി വ്യവസായിയായ ഇദ്ദേഹം സിനിമാ നിര്‍മാണം, വിതരണം എന്നീ മേഖലകളിലും മികവ് തെളിയിച്ചു. രാമപുരം ജെംസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് ചെയര്‍മാനാണ്.
കുറുക്കോളി മൊയ്തീന്‍ (തിരൂര്‍)
നിയമസഭയിലേക്ക് കന്നി പോരാട്ടം. എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി, തിരൂര്‍ മണ്ഡലം, കുറ്റിപ്പുറം മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ്, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍, കല്‍പകഞ്ചേരി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ്, വളവന്നൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ്, ജില്ലാ ബാങ്ക് വൈസ് പ്രസിഡന്റ്, കടുങ്ങാത്തുകുണ്ട് ക്രസന്റ് സെന്റര്‍ ഉപദേശക സമിതി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സ്വതന്ത്ര കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ്, സ്വതന്ത്ര കര്‍ഷകന്‍ ദ്വൈമാസിക എഡിറ്റര്‍, പാറയില്‍ മഹല്ല് വൈസ് പ്രസിഡന്റ്, ഇസ്‌ലാഹുല്‍ വില്‍ദാന്‍ മദ്‌റസ പ്രസിഡന്റ്, വളവന്നൂര്‍ സി.എച്ച്.സിയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഡയാലിസിസ് സെന്റര്‍ കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
പ്രഫ. ആബിദ് ഹുസൈന്‍
തങ്ങള്‍ (കോട്ടക്കല്‍)
കോട്ടക്കലില്‍ നിന്നും ജനവിധി തേടുന്നത് രണ്ടാം തവണ. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി, കെ.കെ.എസ് തങ്ങള്‍ സ്മാരക യതീം ഖാന ചെയര്‍മാന്‍, വടക്കാങ്ങര പഴയ ജുമാ മസ്ജിദ് പ്രസിഡന്റ്,മങ്കട സി.എച്ച് സെന്റര്‍ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്,മങ്കട ബ്ലോക്ക് വികസന സമിതി അംഗം,കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം,ഹയര്‍ സെക്കണ്ടറി കരിക്കുലം കമ്മിറ്റി അംഗം, ഫാറൂഖ് കോളജ് സോഷ്യോളജി വിഭാഗം വകുപ്പ് മേധാവി,നായര്‍ സര്‍വീസ് സൊസൈറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍ ഗവേര്‍ണിങ് കൗണ്‍സില്‍ അംഗം, സി.കെ.സി.ടി സംസ്ഥാന പ്രസിഡന്റ്, സാക്ഷരതാ മിഷന്‍ ചെയര്‍മാന്‍, മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ്, മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, മുസ്‌ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം, മുസ്‌ലിംലീഗ് മങ്കട മണ്ഡലം പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
നജീബ് കാന്തപുരം
(പെരിന്തല്‍മണ്ണ)
നിയമസഭയിലേക്ക് കന്നി പോരാട്ടം. 1996 മുതല്‍ ചന്ദ്രിക ദിനപത്രത്തില്‍ സബ് എഡിറ്ററായി പ്രവര്‍ത്തിച്ചു. സമകാലിക പ്രസിദ്ധീകരണങ്ങളില്‍ എഴുത്തുകാരന്‍. 2015ല്‍ ചന്ദ്രിക സീനിയര്‍ സബ് എഡിറ്റര്‍ ആയിരിക്കെ 20 വര്‍ഷത്തെ മാധ്യമ പ്രവര്‍ത്തനത്തില്‍നിന്ന് രാജിവെച്ച് മുഴുസമയ രാഷ്ട്രീയ പ്രവര്‍ത്തകനായി. ബംഗാളിലെ നന്ദിഗ്രാം അടിസ്ഥാനമാക്കി’ ഇനിയും എന്ന ഡോക്വുമെന്ററി സംവിധാനം ചെയ്തു. 2010 ല്‍ സ്വന്തം വാര്‍ഡായ കാന്തപുരത്ത് സംസ്ഥാനത്തെ ഏറ്റവും വലിയ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ ഉണ്ണിക്കുളം ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫാറൂഖ് കോളേജില്‍ എം.എസ്.എഫ് പ്രവര്‍ത്തകനായി തുടക്കം. കോഴിക്കോട് സര്‍വ്വകലാശാല ബി.എഡ് സെന്ററില്‍ സ്റ്റുഡന്റ് എഡിറ്റര്‍, എം.എസ്.എഫ് സംസ്ഥാന സര്‍ഗവേദി കണ്‍വീനര്‍, മുസ്്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
പി.കെ ഫിറോസ്
(താനൂര്‍)
നിയമസഭയിലേക്ക് കന്നി മത്സരം. വിദ്യാര്‍ത്ഥി യുവജന സമരനായകന്‍. നിലവില്‍ മുസ്്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി. എം.എസ്.എഫ് കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ്, കുന്ദമംഗലം നിയോജക മണ്ഡലം ജന. സെക്രട്ടറി, പ്രസിഡന്റ്. കോഴിക്കോട് ജില്ലാ ട്രഷറര്‍, ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ കണ്‍വീനര്‍ പദവികള്‍ വഹിച്ചു. ചക്കാലക്കല്‍ സ്‌കൂളില്‍ സ്‌കൂള്‍ ലീഡറായാണ് തുടക്കം, മുക്കം എം.ഒ.എം.എ കോളജിലും കോഴിക്കോട് ഗവണ്‍മെന്റ് പോളി ടെക്‌നിക് കോളജിലും വിദ്യാര്‍ത്ഥി യൂണിയനില്‍ അംഗമായി.
കെ.പി.എ മജീദ്
(തിരൂരങ്ങാടി)
തിരൂരങ്ങാടിയില്‍ നിന്നും മത്സരിക്കുന്നത് ആദ്യം. മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി. എം.എസ്.എഫിലൂടെ തുടക്കം. മുസ്ലിം യൂത്ത്ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരിക്കെ 1980ലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത്. ഭാഷാ സമര കാലത്തെ ധീരമായ നേതൃത്വം, 1992ല്‍ ഗവ:ചീഫ് വിപ്പായി. മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, പദവികള്‍ വഹിച്ചു. നാഷണല്‍ സ്‌കൂള്‍ കൊളത്തൂര്‍, ഫറൂഖ് കോളജ് എന്നിവിടങ്ങളില്‍ പഠനം. 1980ല്‍ മങ്കടയില്‍ നിന്നും ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചു. 1980 മുതല്‍ 2001 വരെ എം.എല്‍.എ.
പി.ഉബൈദുല്ല
(മലപ്പുറം)
മലപ്പുറത്തു നിന്നും നിയമസഭയിലേക്ക് മൂന്നാം അങ്കം. ുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി, ദേശീയ നിര്‍വാഹക സമിതി അംഗം. എം.എസ്.എഫിലൂടെ പൊതു രംഗത്തെത്തി. എം.എസ്.എഫ് ഏറനാട് താലൂക്ക് സെക്രട്ടറി, യൂത്ത്‌ലീഗ് മലപ്പുറം മണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി , ജില്ലാ ജനറല്‍ സെക്രട്ടറി, മുസ്‌ലിംലീഗ് മലപ്പുറം നിയോജക മണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. മ 1991-95 ല്‍ പ്രഥമ ജില്ലാ കൗണ്‍സിലില്‍ അംഗമായി മത്സര രംഗത്തെത്തി. ജില്ലാ പഞ്ചായത്ത് അംഗം 2011-16, 2016-21 മലപ്പുറം എം.എല്‍.എ കേരള സംസ്ഥാന വഖഫ് ബോര്‍ഡ് മെമ്പര്‍ , കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (സി.ഇ.ഒ) സംസ്ഥാന പ്രസിഡന്റ്, അര്‍ബന്‍ ബാങ്ക് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (യു.ബി.ഇ.ഒ) സംസ്ഥാന പ്രസിഡന്റ്, തിരുവനന്തപുരം ടൈറ്റാനിയം എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് , മലപ്പുറം സ്പിന്നിങ് മില്‍ എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (എസ്.ടി.യു) പ്രസിഡന്റ്, കേരള ഓട്ടോമൊബൈല്‍സ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (എസ്.ടി.യു) എന്നീ ചുമതലകള്‍ വഹിക്കുന്നു.
പി.അബ്ദുല്‍ ഹമീദ്
(വള്ളിക്കുന്ന്)
വള്ളിക്കുന്നില്‍ നിന്നും ജനവിധി തേടുന്നത് രണ്ടാം തവണ. മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി, ട്രഷറര്‍, മലപ്പുറം ജില്ല യു.ഡി.എഫ് കണ്‍വീനര്‍,മലപ്പുറം മുസ്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് പെരിന്തല്‍മണ്ണ നിയോജക മണ്ഡലം പ്രസിഡന്റ്, പെരിന്തല്‍മണ്ണ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി, മഞ്ചേരി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി, കെ.എം.എം.എല്‍ ഡയറക്ടര്‍,മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കീഴാറ്റൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.കാലിക്കറ്റ് എയര്‍പോര്‍ട്ട് ഉപദേശക സമിതി വൈസ് ചെയര്‍മാന്‍, കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് മെമ്പര്‍തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്നു. 2016 മുതല്‍ വള്ളിക്കുന്നിനെ പ്രതിനിധീകരിച്ചു നിയമസഭാ സാമാജികനാണ്.
പി.കെ കുഞ്ഞാലിക്കുട്ടി
(വേങ്ങര)
മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി. വേങ്ങരയില്‍ മൂന്നാം അതം. 2011ല്‍ വേങ്ങര മണ്ഡലം രൂപീകരിച്ചതിന് ശേഷം രണ്ടു തവണമണ്ഡലത്തെ പ്രതിനിധീകരിച്ചു. എം.എസ്.എഫിലൂടെയാണ് സജീവ രാഷ്ട്രീയത്തിലെത്തിയത്. 1982 ല്‍ മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഭരണ നിര്‍വഹണ രംഗത്തേക്ക് പ്രവേശിച്ചത്. 1982 ലും 1987 ലും മലപ്പുറത്തു നിന്ന് കേരള നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കുറ്റിപ്പുറം നിയമസഭാ മണ്ഡലത്തില്‍ 1991 ലും 1996 ലും 2001 ലും വിജയിച്ചു. 1991 ലെ കരുണാകരന്‍ മന്ത്രി സഭയില്‍ വ്യവസായ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി. 1995 ലെ എ.കെ ആന്റണി മന്ത്രി സഭയില്‍ വാണിജ്യ വ്യവസായ മന്ത്രി. 2001 ലെ എ.കെ ആന്റണി മന്ത്രിസഭയിലും 2004 ലെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലും വിവര സാങ്കേതിക വിദ്യ, വ്യവസായ മന്ത്രി. 2011 ലെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ വ്യവസായ വിവര സാങ്കേതിക വകുപ്പ് മന്ത്രി. കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനം ചരിത്രത്തിലാദ്യമായി ദേശീയ ശരാശരിയേക്കാള്‍ മുന്നോട്ടു കുതിച്ച 1991-96 കാലത്ത് സംസ്ഥാന വ്യവസായ മന്ത്രി. മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദിന്റെ വിയോഗത്തെ തുടര്‍ന്ന് 2017ലാണ് പി.കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നത്. കേരളത്തില്‍ നിന്ന് ഏറ്റവുമധികം വോട്ടുകള്‍ നേടി റെക്കോര്‍ഡോടെയാണ് അദ്ദേഹം ലോക്സഭയിലെത്തിയത്.
ടി.വി ഇബ്രാഹീം
(കൊണ്ടോട്ടി)
കൊണ്ടോട്ടിയില്‍ രണ്ടാം തവണ ജനവിധി തേടുന്നു. കൊണ്ടോട്ടി ഇ.എം.ഇ.എ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായിരിക്കെയാണ് എം.എല്‍.എ ആയത്. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം, ഹാന്‍വീവ് ഡയറക്ടര്‍, സംസ്ഥാന സാക്ഷരതാ മിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, എസ്.സി.ഇ.ആര്‍.ടി കോര്‍ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എം.എസ്. എഫ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, യൂത്ത്‌ലീഗ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി, മുസ്‌ലിം ലീഗ് മലപ്പുറം മണ്ഡലം പ്രസിഡന്റ്, മലപ്പുറം ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം.കേരള ഹയര്‍ സെക്കണ്ടറി ടീച്ചേര്‍സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
പി.കെ ബഷീര്‍
(ഏറനാട്)
മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം. ഏറനാട് മൂന്നാം അങ്കം. മുസ്‌ലിംലീഗ് നേതാവും മുന്‍ ഗവണ്‍മെന്റ് ചീഫ് വിപ്പുമായിരുന്ന പത്തായക്കോടന്‍ സീതി ഹാജിയുടെ മകനാണ്. 1982 മുതല്‍ പതിമൂന്ന് വര്‍ഷം എടവണ്ണ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്. എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ്. എടവണ്ണ പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് , വണ്ടൂര്‍ നിയോജക മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ്, മുസ്്‌ലിം യൂത്ത്‌ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 2009 ല്‍ ഏറനാട് നിയോജക മണ്ഡലം നിലവില്‍ വന്നത് മുതല്‍ 2011 ല്‍ എം.എല്‍.എ ആവുന്നത് വരെ മണ്ഡലം മുസ്്‌ലിംലീഗ് പ്രസിഡന്റായിരുന്നു. 2000 ല്‍ കുഴിമണ്ണ ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ്, 500 കോടി രൂപയിലേറെ ചെലവിട്ട് വിവിധ വികസന പദ്ധതികളാണ് 2011-16 കാലഘട്ടത്തില്‍ ഏറനാട് മണ്ഡലത്തില്‍ നടപ്പാക്കിയത്.
അബ്ദു സമദ് സമദാനി
മലപ്പുറം ലോക്‌സഭ
മലപ്പുറം: ലോക്‌സഭയിലേക്ക് കന്നി പോരാട്ടം. മുസ്്‌ലിംലീഗ് ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ്, ചിന്തകന്‍, വാഗ്്മി, എഴുത്തുകാരന്‍, പൊതുപ്രവര്‍ത്തകന്‍, സാമൂഹിക രാഷ്ട്രീയ കലാ സാംസ്‌കാരിക കലാ സാഹിത്യ മേഖലകളില്‍ നിറസാന്നിധ്യം. ഇംഗ്ലീഷ്, അറബി, സംസ്‌കൃതം, ഹിന്ദി, ഉറുദു, പേര്‍ഷ്യന്‍ ഭാഷകളില്‍ പ്രാവിണ്യം. രണ്ടു തവണ രാജ്യസഭാംഗമായി (1994-2000, 2000-06). കോട്ടക്കല്‍ മണ്ഡലത്തില്‍ നിന്നും നിയമസഭയിലുമെത്തി (2011-16). കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം എന്നിവയില്‍ അംഗത്വം വഹിച്ചു. നിരവധി അവാര്‍ഡുകളും നേടിയിട്ടുണ്ട്. പ്രശസ്ത പ്രഭാഷകനും ദേശീയ നേതാക്കളുടെ ഇഷ്ട പരിഭാഷകനുമാണ് അബ്ദുസമദ് സമദാനി. മികച്ച സാഹിത്യ രചനക്കുള്ള എസ്.കെ പൊറ്റക്കാട് അവാര്‍ഡ്, വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡ്, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് അവാര്‍ഡ്, കെ.എം സീതി സാഹിബ് അവാര്‍ഡ്, കെ.കെ രാഹുലന്‍ അവാര്‍ഡ്, സി.എച്ച് മുഹമ്മദ്‌കോയ അവാര്‍ഡ്, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അവാര്‍ഡ്, ഇന്റര്‍ഫെയ്ത്ത് ലീഡര്‍ഷിപ്പ് അവാര്‍ഡ്, മൗലാനാ ആസാദ് അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. ഇന്ത്യന്‍നസ് അക്കാദമി ഡയറക്ടറും ഡോ. സുകുമാര്‍ അഴീക്കോട് ഫൗണ്ടേഷന്‍ ചെയര്‍മാനും അന്‍ജുമന്‍ തര്‍ഖീ ഉര്‍ദു ഹിന്ദ് കേരള ശാഖാ പ്രസിഡന്റും കേരള സംസ്‌കൃത പ്രചാരസഭാ മുഖ്യരക്ഷാധികാരിയുമാണ്.