ഹൈദരാബാദ്: മധ്യപ്രദേശും തെലങ്കാനയും ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ട് പടയൊരുക്കത്തിന് വേഗംകൂട്ടി കോണ്‍ഗ്രസ്. ഹൈദരാബാദില്‍ നടന്ന രണ്ടു ദിവസത്തെ പ്രവര്‍ത്തക സമിതി യോഗം സംഘടനാ തലത്തില്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് മുന്നേറാനുള്ള തന്ത്രപരമായ നീക്കങ്ങള്‍ക്ക് രൂപം നല്‍കി. പ്രവര്‍ത്തക സമിതി പുനഃസംഘടിപ്പിച്ച ശേഷമുള്ള ആദ്യ യോഗമാണ് ഹൈദരാബാദില്‍ നടന്നത്. അധികാരത്തിലെത്തിയാല്‍ ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചും ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടുവന്നും മോദി ഭരണത്തിന് അന്ത്യം കുറിക്കാമെന്ന ആത്മവിശ്വാസവുമായാണ് പ്രവര്‍ത്തക സമിതിക്ക് കൊടിയിറങ്ങിയത്. ഇതിന്റെ ആദ്യ പ്രഖ്യാപനം തെലങ്കാനയില്‍തന്നെ നടത്തി. വര്‍ക്കിങ് കമ്മിറ്റി യോഗത്തിന് സമാപനം കുറിച്ചു നടന്ന വിജയഭേരി റാലിയിലാണ് കര്‍ണാടക മോഡലില്‍ വനിതകള്‍ക്ക് പ്രതിമാസം 2500 രൂപ വീതം സാമ്പത്തിക സഹായം നല്‍കുന്ന മഹാലക്ഷ്മി പദ്ധതി അടക്കം കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തത്.
രാജ്യം മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും ആ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് പ്രവര്‍ത്തിക്കുമെന്നും പ്രവര്‍ത്തക സമിതി അംഗീകരിച്ച പ്രമേയം പറയുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഈ മാറ്റങ്ങള്‍ പ്രതിഫലിക്കും. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മിസോറാം, രാജസ്ഥാന്‍, തെലുങ്കാനാ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നിര്‍ണായക വിധിയെഴുത്തുണ്ടാകും. ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം കോണ്‍ഗ്രസിനുണ്ട്. ക്രമസമാധാനം, സ്വാതന്ത്ര്യം, സാമൂഹിക – സാമ്പത്തിക നീതി, സമത്വം, സുസ്ഥിരത എന്നിവ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും പ്രമേയം പറയുന്നു. നിലപാടുകളില്‍ വ്യക്തത വേണമെന്ന് രാഹുല്‍ ഗാന്ധി പ്രവര്‍ത്തക സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. ചര്‍ച്ചകളില്‍ ജനകീയ പ്രശ്‌നങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം. ആശയപരമായ പോരാട്ടമാണ് നയിക്കേണ്ടത്. ബി.ജെ.പി ഒരുക്കുന്ന കെണികളില്‍ വീണുപോകരുതെന്നും രാഹുല്‍ നേതാക്കളെ ഓര്‍മ്മിപ്പിച്ചു. സാധാരണ ജനങ്ങളെ ഒരു നിലയിലും ബാധിക്കാത്ത വിഷയങ്ങള്‍ ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ബി.ജെ.പി ശ്രമിക്കും. അത് അവര്‍ ഒരുക്കുന്ന കെണിയാണ്. സര്‍ക്കാറിന്റെ ഭരണ പരാജയങ്ങളും അഴിമതിയും മൂടിവെക്കാനാണത്. അതില്‍ വീഴാതെ സൂക്ഷിക്കേണ്ടത് നമ്മളാണെന്നും രാഹുല്‍ വര്‍ക്കിങ് കമ്മിറ്റിയില്‍ ആവശ്യപ്പെട്ടതായി കോണ്‍ഗ്രസ് മാധ്യമ വിഭാഗം തലവന്‍ പവന്‍ ഖേര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ നിയമ ഭേദഗതി നീക്കത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രമേയം പാസാക്കി. തിടുക്കപ്പെട്ട് നടത്തുന്ന നിയമ ഭേദഗതി നീക്കം ഗൂഢ ലക്ഷ്യങ്ങളോടെ ഉള്ളതാണ്. പാര്‍ലമെന്റില്‍ വേണ്ടത്ര ചര്‍ച്ചയില്ലാതെ നിയമം പാസാക്കാനുള്ള ശ്രമം അപലനീയമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കപ്പെട്ടിരിക്കുന്ന പല സ്വാതന്ത്ര്യങ്ങളും ഭേദഗതിയോടെ ഇല്ലാതാകും. സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള കമ്മീഷന്റെ ശേഷിയെ അട്ടിമറിക്കാനാണ് ശ്രമമെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.
ഇന്ത്യ സഖ്യവുമായി പൂര്‍ണമായും സഹകരിച്ചു മുന്നോട്ടു പോകണമെന്ന് പ്രവര്‍ത്തക സമിതി യോഗത്തിന്റെ ആദ്യ ദിനം സോണിയാഗാന്ധി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച ചര്‍ച്ചയില്‍ ഡല്‍ഹിയില്‍ നിന്നും പഞ്ചാബില്‍ നിന്നുള്ള അംഗങ്ങള്‍ ചില ആശങ്കകള്‍ പങ്കുവെച്ചു. സീറ്റു വിഭജനവുമായി ബന്ധപ്പെട്ടായിരുന്നു ഇതില്‍ ഏറെയും. സംസ്ഥാന ഘടകങ്ങളുമായി കൂടിയാലോചിച്ചു മാത്രമേ സീറ്റു വിഭജനം സംബന്ധിച്ച തീരുമാനത്തില്‍ എത്തൂവെന്ന് ഖാര്‍ഗെ യോഗത്തില്‍ ഉറപ്പു നല്‍കി. പ്രവര്‍ത്തക സമിതി സ്ഥിരാംഗങ്ങള്‍ക്കും പ്രത്യേക ക്ഷണിതാക്കള്‍ക്കും പുറമെ വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ നിയമസഭാകക്ഷി നേതാക്കളും പി.സി.സി അധ്യക്ഷന്മാരും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അംഗങ്ങളും ഉള്‍പ്പെടെ 140ലധികം പ്രതിനിധികളാണ് ഇന്നലെ പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുത്തത്.
പ്രവര്‍ത്തക സമിതിക്കു സമാപനം കുറിച്ച് നടന്ന കോണ്‍ഗ്രസിന്റെ വിജയഭേരി റാലിയില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. ചെറിയ ഇടവേളക്കു ശേഷം തെലുങ്കാനാ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവിന്റെ സൂചന നല്‍കുന്നത് കൂടിയായിരുന്നു മെഗാറാലി.