ന്യൂഡല്‍ഹി: ബീഫ് കയ്യിലുണ്ടെന്ന് ആരോപിച്ച് സഹയാത്രികര്‍ കുത്തിക്കൊന്ന ഹരിയാന സ്വദേശി ഹാഫീസ് ജുനൈദിന്റെ വീട്ടുകാര്‍ ഞെട്ടലിലാണ്.
ഒരു പതിനാറുകാരനെ കൊല്ലാന്‍ മാത്രം വിദ്വേഷം എങ്ങനെയുണ്ടായി എന്ന ഉത്തരം കിട്ടാത്ത ചോദ്യത്തിന് മുന്നില്‍ തളരുകയാണ് ഇവര്‍. ഡല്‍ഹിയില്‍ നിന്നും മധുരയിലേക്ക് പോകുന്ന ട്രെയിനില്‍ വെച്ച് ബുധനാഴ്ച്ചയാണ് ജുനൈദ് കൊല്ലപ്പെട്ടത്. പെരുന്നാളിന് മുമ്പായി ഡല്‍ഹി ജുമാ മസ്ജിദ് സന്ദര്‍ശിച്ച് മടങ്ങുമ്പോഴാണ് സഹയാത്രകിന്റെ വിദ്വേഷത്തിന് ജുനൈദ് ഇരയായത്.
സീറ്റിനെ ചൊല്ലിയാരംഭിച്ച തര്‍ക്കമാണ് പിന്നീട് ബീഫിലേക്ക് തിരിഞ്ഞത്. ജുനൈദിനെയും കൂട്ടരെയും ആക്രമിച്ച രമേശ് എന്നയാളെ പിടികൂടിയിട്ടുണ്ട്. മുസ്്‌ലിംകളായ നാലു പേരും ബീഫ് കഴിച്ചിട്ടുണ്ടെന്നും അവരെ ആക്രമിക്കണമെന്നും സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് താന്‍ മര്‍ദ്ദിച്ചതെന്ന് ഇയാള്‍ പറഞ്ഞു.
താന്‍ മദ്യലഹരിയിലായിരുന്നെന്നും ഇയാല്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുഗ്ലക്കാബാദില്‍ നിന്നു നോമ്പു തുറയ്ക്കായുള്ള സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജുനൈദിനെയും ഹാഷിം, ഷാക്കിര്‍ എന്നിവരെയും ജനക്കൂട്ടം തന്നെ ആക്രമിക്കുകയായിരുന്നു. ‘ബീഫ് തീനി’കളെന്നും ദേശവിരുദ്ധരെന്നും ആക്രോശിച്ചായിരുന്നു ആക്രമണം എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹരിയാനയിലെ ഒഖ്‌ലയ്ക്കും അസോട്ടിക്കും ഇടയിലായിരുന്നു ആക്രമണം.
തൊപ്പി വലിച്ചൂരിയും കയ്യിലിരുന്ന ആഹാര പൊതി വലിച്ച് പറിച്ചുമായിരുന്നു അധിക്ഷേപം എന്ന് ജൂനൈദിനൊപ്പം മര്‍ദിക്കപ്പെട്ടവരെ ഉദ്ദരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങള്‍ക്ക് ഇറങ്ങേണ്ട സ്‌റ്റേഷനെത്തിയിട്ടും അക്രമികള്‍ ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ അനുവദിച്ചില്ലെന്ന് ആക്രമണത്തിനിരയായ ഷാക്കിര്‍ പറയുന്നു. പരിക്കേറ്റ ഷാക്കിര്‍ ഡല്‍ഹി ഏയിംസ് ട്രോമ സെന്ററില്‍ ചികിത്സയില്‍ കഴിയുകയാണ്. ആക്രമികള്‍ എല്ലാവരും 30 വയസിന് മുകളിലുള്ളവരാണെന്ന് ഷാക്കിര്‍ മാധ്യമങ്ങളോട് പറഞ്ഞു.
തങ്ങളുടെ കൈവശം ബീഫുണ്ടായിരുന്നില്ലെന്നും ഷാക്കിര്‍ പറയുന്നു. റംസാന്‍ പ്രമാണിച്ച് പുതു വസ്ത്രങ്ങള്‍ എടുക്കണമെന്ന് ജുനൈദ് ആഗ്രഹിച്ചിരുന്നതായി ജുനൈദിന്റെ പിതാവ് ജലാലുദ്ദീന്‍ പറയുന്നു. നേരത്തെ വീട്ടിലെത്താമെന്ന് പറഞ്ഞാണ് ജുനൈദ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. മകന്റെ മൃതദേഹമാണ് വീട്ടില്‍ തിരിച്ചെത്തിയത് എന്നും ജലാലുദ്ദീന്‍ പറയുന്നു. അവന് വെറും പതിനാറ് വയസ് മാത്രമേ പ്രായമുള്ളൂ. എങ്ങനെയാണ് അവര്‍ക്ക് എന്റെ മകനെ ഇങ്ങനെ കൊല്ലാന്‍ തോന്നിയത്.കൊല്ലാന്‍ മാത്രം ഇത്ര വിദ്വേഷം എങ്ങനെയാണ് അവര്‍ക്ക് തോന്നിയത്.
മകന്‍ കൊല്ലപ്പെട്ടു എന്ന് അറിഞ്ഞ് സ്ഥലത്ത് എത്തിയ ഞാന്‍ കണ്ടത്, ഹാഷിമിന്റെ മടിയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന ജുനൈദിനെയാണ്. ഡല്‍ഹിയില്‍ നിന്നുമെത്തുന്ന മക്കളെ കൂട്ടിക്കൊണ്ട് പോകുന്നതിനായി ജലാലുദ്ദീന്‍ റയില്‍വേ സ്‌റ്റേഷനിലെത്തിയിരുന്നു. എന്നാല്‍ ട്രെയിന്‍ സ്‌റ്റേഷന്‍ വിട്ട് പോയിരുന്നു. വെള്ളിയാഴ്ച്ച രാവിലെ വരെ ജുനൈദ് കൊല്ലപ്പെട്ട വിവരം മാതാവ് സൈറയെ അറിയിച്ചിരുന്നില്ല. ഗ്രാമത്തിലെ മറ്റ് സ്ത്രീകള്‍ ആശ്വസിപ്പിക്കാനെത്തിയപ്പോഴാണ് സൈറ വിവരം അറിയുന്നത്.
ആരും തന്നോട് ജുനൈദ് കൊല്ലപ്പെട്ട കാര്യം പറഞ്ഞില്ലെന്നും ദുഖമടക്കാനാകാത്ത സൈറ മാധ്യമങ്ങളോട് പറയുന്നു. രാത്രി വൈകിയും ജുനൈദും സഹോദരങ്ങളും തിരിച്ച് വീട്ടിലെത്താത്തതിനാല്‍ സൈറ നിരന്തരം ഇവരെ കുറിച്ച് അന്വേഷിച്ചിരുന്നു. ജുനൈദിന്റെ മൃതദേഹം വീട്ടിലെത്തിയപ്പോള്‍ മാത്രമാണ് ഇക്കാര്യം ഇവര്‍ അറിയുന്നത്.