X

നിയമ നടപടികൾ അവസാനിച്ചാൽ ഓസ്‌ട്രേലിയയിലേക്ക് അസാൻജിന് മടങ്ങാം

വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ വിട്ടുകിട്ടാനുള്ള അമേരിക്കയുടെ ശ്രമം പരാജയപ്പെട്ടാൽ അദ്ദേഹത്തിന് സ്വദേശമായ ഓസ്‌ട്രേലിയയിലേക്ക് മടങ്ങാവുന്നതാണെന്ന് ഓസ്ട്രലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ. അസാൻജിനെ യു.എസിന് കൈമാറുന്നത് ബ്രിട്ടീഷ് കോടതി തടഞ്ഞിരുന്നു. കൂടാതെ ചാരവൃത്തി തടയുന്ന എസ്പിയൊണേജ് ആക്ട് പ്രകാരം അദ്ദേഹത്തിനെതിരെ നിലവിലുള്ള കേസുകൾ റദ്ദാക്കണമെന്ന് ഓസ്‌ട്രേലിയൻ പാർലമെന്റ്് അംഗങ്ങളുടെ സംഘം ബ്രിട്ടനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മാനസിക പ്രശ്‌നങ്ങളുള്ള അസാൻജ് ആത്മഹത്യക്ക് ശ്രമിച്ചേക്കുമെന്ന് ആരോപിച്ചാണ് ബ്രിട്ടീഷ് കോടതി അമേരിക്കയിലേക്ക് നാടുകടത്തുന്നതിനെ വിലക്കിയത്.

കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് യു.എസ് ഭരണകൂടം അറിയിച്ചിട്ടുണ്ട്. സുപ്രീംകോടതിയിലെത്തിയാൽ കേസിൽ തീർപ്പാകാൻ മൂന്ന് വർഷം വരെ സമയമെടുത്തേക്കും. എന്നാൽ കേസിൽ കക്ഷിചേരാൻ ബ്രിട്ടൻ ആഗ്രഹിക്കുന്നില്ലെന്ന് സ്‌കോട്ട് മോറിസൺ വ്യക്തമാക്കി. നീതിന്യായ വിഭാഗം അതിന്റേതായ വഴിക്കാണ് നീങ്ങുന്നതെന്നും അതിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റേതൊരു ഓസ്‌ട്രേലിയൻ പൗരനെയും പോലെ അസാൻജിനും കോൺസുലാർ സേവനങ്ങൾ ലഭിക്കും. അമേരിക്കക്ക് വിട്ടുകൊടുക്കരുതെന്നാണ് കോടതികളുടെ അന്തിമ തീരുമാനമെങ്കിൽ അദ്ദേഹത്തിന് ഓസ്‌ട്രേലിയയിലേക്ക് മടങ്ങാവുന്നതാണെന്നും മോറിസൺ കൂട്ടിച്ചേർത്തു.

മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് സൈനിക രഹസ്യ രേഖകളും നയതന്ത്ര വിവരങ്ങളും പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് 18 കേസുകളാണ് അമേരിക്കയിൽ അസാൻജിനെതിരെ നിലവിലുള്ളത്. അദ്ദേഹത്തെ അമേരിക്കക്ക് വിട്ടുനൽകാനുള്ള ഉത്തരവിൽ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി നേരത്തെ ഒപ്പുവെച്ചിരുന്നു. സമീപ കാലത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്ന പാശ്ചാത്യ സംഘടനകളിൽനിന്നും വ്യക്തികളിൽനിന്നും അസാൻജിന് വൻ പിന്തുണയാണ് ലഭിച്ചുവരുന്നത്. ഇറാഖിൽ അപ്പാഷെ യുദ്ധ ഹെലികോപ്ടർ ഉപയോഗിച്ച് സാധാണക്കാരെ വെടിവെച്ചു കൊലപ്പെടുത്തുന്നതിന്റെ 39 മിനുട്ട് നീണ്ട വീഡിയോയും അദ്ദേഹം പുറത്തുവിട്ട രഹസ്യ രേഖകളുടെ കൂട്ടത്തിലുണ്ട്. അന്നുമുതൽ അദ്ദേഹം അമേരിക്കയുടെ നോട്ടപ്പുള്ളിയാണ്. സ്വീഡനിൽ ലൈംഗിക പീഡനക്കേസിൽ അന്വേഷണം നേരിട്ടുകൊണ്ടിരിക്കെ ബ്രിട്ടനിൽ അറസ്റ്റിലാകുമെന്ന് ഉറപ്പായതോടെ 2012ൽ ലണ്ടനിലെ ഇക്വഡോർ എംബസിയിൽ രാഷ്ട്രീയ അഭയം തേടിയിരുന്നു. എന്നാൽ ഇക്വഡോർ ഭരണകൂടം അഭയം അവസാനിപ്പിച്ചതോടെ ബ്രിട്ടീഷ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.

zamil: