സിഡ്‌നി: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വനിതാ മുസ്‌ലിം മുഖ്യമന്ത്രി സയ്യിദ അന്‍വറ തൈമൂര്‍ അന്തരിച്ചു. അസമിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായ തൈമൂറിന് 84 വയസ്സായിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി ആസ്‌ട്രേലിയയിലായിരുന്നു താമസം. ഹൃദയ സ്തംഭനമാണ് മരണ കാരണം.
മുന്‍ മുഖമന്ത്രിയായിട്ടും അസം പൗരത്വ രജിസ്‌ട്രേഷനില്‍ അന്‍വറ തൈമൂറിന്റെയും കുടുംബത്തിന്റെയും പേര് വരാത്തത് 2018ല്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തന്റെ പേര് പൗരത്വ പട്ടികയില്‍ ഇല്ലാത്തതില്‍ സങ്കടമുണ്ടെന്നും അസമിലേക്ക് തിരിച്ചുവന്ന് എന്‍.ആര്‍.സി പട്ടികയില്‍ താനും കുടുംബവും ഇടം പിടിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നുമാണ് അന്ന് അന്‍വറ തൈമൂര്‍ പ്രതികരിക്കുകയും ചെയ്തു്.
അന്‍വറ തൈമൂറിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാലും അനുശോചിച്ചു. കോണ്‍ഗ്രസ് അസം യൂണിറ്റ് പ്രസിഡന്റ് റിപുന്‍ ബോറയും അസം നിയമസഭയിലെ പ്രതിപക്ഷ നേതാവ് ദെബബ്രത സൈകിയയും തൈമൂറിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
”കഴിവുള്ള ഒരു അഡ്മിനിസ്‌ട്രേറ്ററും മാന്യനുമായ ആളായ സെയ്ദ മാം മാത്രമാണ് അസമിലെ ഏക വനിതാ മുഖ്യമന്ത്രി. 4 തവണ എംഎല്‍എ ആയ അവര്‍ 4 പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതം നയിച്ചു. എന്റെ പ്രാര്‍ത്ഥനയും അനുശോചനവും,”അസം ആരോഗ്യ-ധനമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ട്വീറ്റ് ചെയ്തു.
1972,1978,1983,1991 എന്നീ കാലയളവില്‍ സംസ്ഥാന നിയമസഭയിലേക്ക് കോണ്‍ഗ്രസ് സീറ്റില്‍ തെരഞ്ഞെടുക്കപ്പെട്ട അന്‍വറ തൈമൂര്‍ വിദ്യാഭ്യാസ വകുപ്പടക്കം മന്ത്രി കസേരകളില്‍ ഇരുന്നു. 1980 ഡിസംബര്‍ ആറ് മുതല്‍ 1981 ജൂണ്‍ 30 വരെയുള്ള കാലയളവിലായിരുന്നു സയ്യിദ അന്‍വറ തൈമൂര്‍ കോണ്‍ഗ്രസിന്റെ സര്‍ക്കാറിന്റെ മുഖ്യമന്ത്രിയായത്. പിന്നീട് സംസ്ഥാനം പ്രസിഡന്റ് ഭരണത്തിന് കീഴിലായതോടെയാണ് തൈമൂറിന് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുന്നത്. രണ്ട് പ്രാവശ്യം രാജ്യസഭയിലേക്കും അന്‍വറ തൈമൂര്‍ തെരഞ്ഞെടുക്കപ്പെട്ടു. 1988 ല്‍ നോമിനേഷനിലൂടെയും 2004ല്‍ തെരഞ്ഞെടുപ്പിലൂടെയുമാണ് രാജ്യസഭയിലെത്തിയത്. 2011ല്‍ ഇവര്‍ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് ബദറുദ്ദീന്‍ അജ്മലിന്റെ എ.ഐ.യു.ഡി.എഫില്‍ ചേര്‍ന്നു.