ഗുവാഹത്തി: ആറ് ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ രേഖ അനുവദിക്കാന്‍ അസമിലെ ബി.ജെ.പി സര്‍ക്കാര്‍ തീരുമാനം. മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, സിഖ്, ബുദ്ധര്‍, ജൈനര്‍, പാഴ്‌സികള്‍ എന്നിവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുക. ഇതുസംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി.
സംസ്ഥാന ന്യൂനപക്ഷ വികസന ബോര്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം ആരോഗ്യ കുടുംബക്ഷേമ മന്ത്രി കേശബ് മഹന്ത പറഞ്ഞു. ‘രാജ്യത്ത് ഇതാദ്യമായാണ് ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറുന്നത്. ന്യൂനപക്ഷങ്ങള്‍ക്കായി നിരവധി പദ്ധതികളും പ്രത്യേക വകുപ്പുണ്ട്, എന്നാല്‍ ആരാണ് ന്യൂനപക്ഷങ്ങള്‍ എന്നറിയാന്‍ തിരിച്ചറിയല്‍ രേഖയില്ല. പദ്ധതികള്‍ അവരിലേക്കെത്തുന്നു എന്ന് ഉറപ്പാക്കേണ്ടതുണ്ട്- മഹന്ത പറഞ്ഞു. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതികള്‍ പ്രയോജനപ്പെടുത്താന്‍ ഇതുവഴി സാധിക്കുമെന്ന് ന്യൂനപക്ഷ വികസന ബോര്‍ഡ് ചെയര്‍മാന്‍ ഹബീബ് മുഹമ്മദ് ചൗധരി പറഞ്ഞു.
ഈ സര്‍ട്ടിഫിക്കറ്റുകള്‍ എങ്ങനെ നല്‍കുമെന്ന് സര്‍ക്കാര്‍ ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഇത് ഞങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്. ശരിയായ രേഖ ഇല്ലാത്തതിനാല്‍ സ്‌കോളര്‍ഷിപ്പുകളോ പരീക്ഷകളോ വരുമ്പോള്‍ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ന്യൂനപക്ഷ പദവി തെളിയിക്കാന്‍ കഴിയുന്നില്ല, പദ്ധതികള്‍ പ്രയോജനപ്പെടുത്താനും കഴിയുന്നില്ല -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2011 ലെ സെന്‍സസ് പ്രകാരം, അസമിലെ മൊത്തം ജനസംഖ്യയുടെ 61.47 ശതമാനം ഹിന്ദുക്കളാണ്, മുസ്‌ലിംകള്‍ 34.22 ശതമാനവും ക്രിസ്ത്യാനികള്‍ 3.74 ശതമാനവുമാണ്. ബുദ്ധര്‍, സിഖ്, ജൈനര്‍ എന്നിവര്‍ ഒരു ശതമാനത്തില്‍ താഴെയാണ്.