ഗുവാഹത്തി: ‘ഹിന്ദു നായികക്ക് മുസ്‌ലിം നായകന്‍ അഭയം നല്‍കി എന്ന കുറ്റത്തിന്’ അസമില്‍ ടിവി സീരിയലിന് നിരോധനം. ബീഗം ജാന്‍ എന്ന ടെലവിഷന്‍ സീരിയലിനാണ് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്. മതവികാരം വ്രണപ്പെടുന്നു എന്ന കുറ്റം കണ്ടെത്തിയാണ് ഗുവാഹത്തി പൊലീസ് കമ്മിഷര്‍ എംപി ഗുപ്ത സീരിയലിന് തുടര്‍പ്രദര്‍ശനാനുമതി നിഷേധിച്ചത്.
സീരിയല്‍ ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് ആരോപണം. ഇതിനെതിരെ ഹിന്ദു ജാഗരണ്‍ മഞ്ച്, ആള്‍ അസം ബ്രാഹ്മിണ്‍ യൂത്ത് കൗണ്‍സില്‍, യുണൈറ്റഡ് ട്രസ്റ്റ് എന്നീ സംഘടനകള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. രംഗോണി എന്ന പ്രാദേശിക ചാനലിലാണ് സീരിയില്‍ പ്രക്ഷേപണം ചെയ്തിരുന്നത്.
ലവ് ജിഹാദ് ആരോപണം ആരുടെയോ ഭാവനയാണെന്ന് സീരിയലില്‍ ബീഗം ജാനെ അവതരിപ്പിക്കുന്ന നായിക പ്രീതി കൊങ്കണ പറഞ്ഞു.
ഒരു പ്രതിസന്ധി ഘട്ടത്തില്‍ നായികയെ മുസ്‌ലിമായ നായകന്‍ സഹായിക്കുന്നുവെന്നേയുള്ളൂ. എന്നാല്‍ ഹിന്ദു നായിക മുസ്‌ലിം നായകനൊപ്പം ഒളിച്ചോടിയെന്ന വര്‍ഗീയ പ്രചാരണമാണ് നടക്കുന്നത്. സീരിയലില്‍ ഒരു തരത്തിലുമുള്ള വര്‍ഗീയതയുമില്ല. മറിച്ച് മനുഷ്യത്വമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്
പ്രീതി കൊങ്കണ
സീരിയലില്‍ അഭിനയിച്ചതിന്റെ പേരില്‍ താന്‍ ബലാത്സംഗ ഭീഷണി ഉള്‍പ്പെടെയുള്ള സൈബര്‍ ആക്രമണം നേരിടുകയാണെ്ന്ന് പ്രീതി വെളിപ്പെടുത്തി. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഹിന്ദു കക്ഷികളുടെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് രംഗോണി ടിവി മാനേജിങ് ഡയറക്ടര്‍ സഞ്ജീവ് നാരായണ്‍ പറഞ്ഞു. ലവ് ജിഹാദുമായി ബന്ധപ്പെട്ട ഒന്നും ഇതിലില്ല. പ്രശ്‌നത്തില്‍ അകപ്പെട്ട ഹിന്ദു പെണ്‍കുട്ടിയെ ഒരു മുസ്‌ലിം രക്ഷിക്കുകയാണ്. ഇത്തരത്തില്‍ ഒരു നടപടി വരുന്നത് ആദ്യമായാണ്. ഏതെങ്കിലും മതത്തിനെതിരെ സീരിയലില്‍ ഒന്നുമില്ല- അദ്ദേഹം വിശദീകരിച്ചു.