X

അസം പൗരത്വ പട്ടിക; മൃഗങ്ങളെ പോലെ മനുഷ്യരെ കൈകാര്യം ചെയ്യുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് കെ.എം ഷാജി

ഷാജിയുടെ ഫെയ്‌സ്ബുക് കുറിപ്പ് വായിക്കാം:

ആസാമിലെ അന്തിമ പൗരത്വ പട്ടിക പുറത്തിറങ്ങിയ ദിവസമാണിന്ന്.
പത്തൊമ്പത് ലക്ഷത്തിലേറെ പേരെയാണ് ഒറ്റ ദിവസം കൊണ്ട് രാജ്യത്തിനകത്തെ വിദേശകളാക്കി ഗവണ്‍മെന്റ് മുദ്ര കുത്തിയിരിക്കുന്നത്.

ഏറ്റവും വിചിത്രമായ കാര്യം ദീര്‍ഘകാലം ഇന്ത്യന്‍ ആര്‍മിയില്‍ രാജ്യത്തിനു വേണ്ടി സേവനമനുഷ്ഠിച്ച സനാഉള്ളയെ പോലുള്ള മനുഷ്യര്‍ പോലും രാജ്യത്തിനകത്തേക്ക് നുഴഞ്ഞു കയറി വന്നവരാണ് എന്ന കണ്ടെത്തലാണ്.

എങ്ങനെയാണ് ദീര്‍ഘകാലം ശുത്രുക്കളോട് പോരാടി രാജ്യത്തിന് വേണ്ടി സേവനം ചെയ്ത ഒരു പട്ടാളക്കാരന്‍ ഇന്ത്യന്‍ പൗരനല്ലാതാവുന്നത് ?ആളുകളെ വംശം മാനദണ്ഡമാക്കി പൗരന്മാരല്ലാതാക്കി മാറ്റുന്ന ഫാഷിസ്റ്റ് വ്യവസ്ഥിതിക്കകത്ത് ഇതല്ല, ഇതിനപ്പുറവും സംഭവിച്ചിരിക്കും.

മറ്റൊരു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അദ്ദേഹത്തിന്റെ ദുരവസ്ഥ പങ്കുവെച്ചിരുന്നു. അദ്ദേഹത്തിന്റെ അച്ഛനും അമ്മയും സഹോദരങ്ങളും പട്ടികയിലുണ്ട്. അവന്‍ മാത്രമുണ്ടായിരുന്നില്ല. ഇതെങ്ങനെ സംഭവിക്കുന്നു?

ഇതുപോലുള്ള ഇതുവരെ നാം കേള്‍ക്കാത്ത, വിചിത്രമായ രീതികള്‍ കൊണ്ടാണ് പല കാരണങ്ങള്‍ നിരത്തിക്കൊണ്ട് മതം നോക്കി മനുഷ്യരെ പൗരത്വ പട്ടികയില്‍ നിന്ന് വെട്ടിനിരത്തുന്നത്. ഇങ്ങനെ പുറത്താകുന്നവര്‍ക്ക് വേണ്ടി രാജ്യത്ത് കോണ്‍സെന്‍ട്രേഷന്‍ ക്യാംപുകള്‍ ഉയുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.കോടിക്കണക്കിന് രൂപ ചെലവഴിച്ച് വിവിധ കേന്ദ്രങ്ങളില്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാംപുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്നു.

പൗരന്മാരല്ലാതായി മാറുന്ന ഈ ആളുകളൊക്കെയും വൈകാതെ ഇത്തരം കോണ്‍സെന്‍ട്രേഷന്‍ ക്യാംപുകളിലേക്ക് മാറ്റപ്പെടും. മക്കളെയും മാതാപിതാക്കളെയും വേര്‍തിരിക്കും, അച്ഛനെയും അമ്മയെയും വേര്‍തിരിക്കും. ഭാര്യയെയും ഭര്‍ത്താവിനെയും വേര്‍തിരിക്കും. അവര്‍ക്ക് പിന്നെ പരസ്പരം കാണാനാവില്ല. മൃഗങ്ങളെ പോലെ,ആ മനുഷ്യരെ ഭരണകൂടം കൈകാര്യം ചെയ്യാന്‍ പോവുകയാണ്.

രണ്ടാം ലോകമഹായുദ്ധകാലത്തിന് തൊട്ടുമുമ്പ് ജര്‍മ്മനിയില്‍ നടമാടിയ ഫാഷിസത്തിന്റെ ഉഗ്രരൂപം ഇന്ത്യയിലും ആവര്‍ത്തിക്കപ്പെടുകകയാണ്. ജര്‍മ്മനിയിലെ കോണ്‍സെന്‍ഡ്രേഷന്‍ ക്യാംപുകളില്‍ ജൂതര്‍ പീഡിപ്പിക്കപ്പെട്ടതിന്റെ നടുക്കം ലോകത്തിന് ഇന്നും മാറിയിട്ടില്ല. നാമിതു വരെ ഉയര്‍ത്തിപ്പിടിച്ച എല്ലാ മാനവിക മൂല്യങ്ങളെയും ശിഥിലമാക്കി നമ്മുടെ രാജ്യവും ആ വഴിയിലേക്ക് നടന്നടുക്കുകയാണ്.

ഭാരതം ഒരു ജനാധിപത്യ മതേതരത്വ രാജ്യമാണ്. ഭരണഘടനയുടെ പ്രിയാംബിളില്‍ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം അത് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം ഈ രാജ്യത്തുണ്ടായിരിക്കില്ല എന്നത് ഭരണഘടന നമുക്ക് നല്‍കുന്ന ഉറപ്പാണ്.

എന്നാല്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ചിലരെ മാത്രം പൗരന്മാരല്ലാതെയാക്കിയിരിക്കുന്നു. ഇനി നുഴഞ്ഞുകയറ്റക്കാരനാണെങ്കില്‍ കൂടി മതം നോക്കി പൗരത്വം നല്‍കുമെന്ന് പറയുന്ന ഏറ്റവും വലിയ വിവേചനം, ഈ രാജ്യത്തിന്റെ ഭരണഘടനയുടെ ലംഘനമാണ്. രാജ്യത്തിന്റെ മഹത്തായ ഭരണഘടന നശിപ്പിക്കപ്പെടുന്നതിന്റെ നഗ്‌നമായ രീതിയാണിത്.

ഇതിന്റെ മറ്റൊരു നിദര്‍ശനമാണ് കശ്മീര്‍.ആര്‍ട്ട്കള്‍ 370 പ്രകാരം ഇന്ത്യയിലേക്ക്, ഇന്ത്യയെ വിശ്വസിച്ച് ചേര്‍ന്ന പ്രദേശമാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കശ്മീര്‍ അന്നത്തെ അവരുടെ നേതാവായിരുന്ന ശൈഖ് അബ്ദുല്ലയുടെ നേതൃത്വത്തിലാണ് പാക്കിസ്ഥാനിലേക്ക് പോകാതെ ഇന്ത്യയില്‍ ചേരാനുള്ള, ഇന്ത്യാ സ്‌നേഹത്തിലധിഷ്ഠിതമായ തീരുമാനം അവരെടുക്കുന്നത്.

മതമല്ല, രാജ്യത്തിന്റെ ഭരണഘടനയാണ് അവര്‍ക്ക് ഇന്ത്യയുടെ ഭാഗമാകാന്‍ പ്രചോദനമായത്. എന്നാല്‍ ഒരു കശ്മീരിയോടു പോലും ആലോചിക്കാതെ,സായുധ സേനയുടെ ബലത്തില്‍ ആ മനുഷ്യരുടെ പൗരാവകാശങ്ങളത്രയും റദ്ദ് ചെയ്ത് കശ്മീരിന്റെ മണ്ണ് സ്വന്തമാക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഭീതിതമായ മനുഷ്യാവകാശ ലംഘനങ്ങളാണ് കഴിഞ്ഞ 25 ദിവസങ്ങളായി അവിടെ നടമാടി കൊണ്ടിരിക്കുന്നത്.

ബിബിസി പുറത്ത് വിട്ട കശ്മീരിലെ മനുഷ്യാവകാശ ധ്വംസനങ്ങളുടെ ചിത്രങ്ങള്‍ മനസ്സ് മരവിപ്പിക്കുന്നതാണ്.ഒരു രാജ്യത്തും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണിത്. രാജ്യത്തിന്റെ മഹത്തായ ഭരണഘടന നശിപ്പിക്കപ്പെടുന്നതിന്റെ നഗ്‌നമായ രീതിയാണിത്.ഭരണഘടനയുടെ പ്രകടമായ അട്ടിമറി.

ആര്‍ട്ടിക്ക്ള്‍ 370 ഒരു ചര്‍ച്ചയും കൂടാതെ പിച്ചിച്ചീന്തികൊണ്ടാണ് ഈ ഭരണം മുന്നേറികൊണ്ടിരിക്കുന്നത്. സര്‍വ്വനാശത്തിന്റെ വാരിക്കുഴി സ്വയം തോണ്ടിരിക്കുകയാണ് ഫാഷിസ്റ്റുകള്‍.രാജ്യം പൂര്‍ണ്ണമായും മരണത്തെ കാത്തിരിക്കുന്ന മനുഷ്യരുടെ കോണ്‍സെന്‍ഡ്രേഷന്‍ ക്യാംപായി മാറുന്നതിന് മുമ്പ് ഏക പ്രതീക്ഷയായി ഇപ്പോഴും മുമ്പിലുള്ള ജനാധിപത്യ സംവിധാനത്തിനകത്ത് നമുക്കെന്തെങ്കിലും ചെയ്യാനാവുമോ എന്നതാണ് ചോദ്യം.

web desk 1: